‘വാരനാട്ടേക്ക് വിളിച്ചാൽ ഇനിയും വരും’; ഗാനമേളക്കിടെ ഓടിയ സംഭവത്തിൽ വിശദീകരണ കുറിപ്പുമായി വിനീത് ശ്രീനിവാസൻ

ആലപ്പുഴ വാരനാട്‌ ക്ഷേത്രത്തിൽ ഗാനമേളക്ക് ശേഷം ഓടിയ സംഭവത്തിൽ വിശദീകരണ കുറിപ്പുമായി നടനും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. അടുത്ത കാലത്ത് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചു പാടിയ ഒരു വേദിയായിരുന്നു അതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അനിയന്ത്രിതമായ ജനത്തിരക്ക് കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ട സാഹചര്യം ഉണ്ടായപ്പോഴാണ് വണ്ടിയിൽ കയറാൻ അൽപദൂരം ഓടേണ്ടിവന്നത്. പരിപാടി അവസാനിക്കുന്നതുവരെ, ഓരോ പാട്ടും എന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവൻ. ഒരു കലാകാരന് ഇതിനപ്പുറം എന്താണ് വേണ്ടതെന്നും അദ്ദേഹം കുറിച്ചു.

ഗാനമേളക്ക് ശേഷം വിനീത് ശ്രീനിവാസൻ സ്റ്റേജിൽ നിന്ന് ഇറങ്ങിയോടിയെന്ന രീതിൽ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ, സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി നിരവധി പേർ രംഗത്തുവന്നിരുന്നു. സെൽഫി എടുക്കുന്നതിനായി ആളുകൾ ബലമായി പിടിച്ച് നിർത്തിയതിനെ തുടർന്ന് വിനീത് കാറിലേക്ക് ഓടിക്കയറുകയായിരുന്നെന്നായിരുന്നു വിശദീകരണം. ഇപ്പോൾ വിനീത് തന്നെ വിശദീകരണവുമായി എത്തിയിരിക്കുകയാണ്.

Full View

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

‘‘വാരനാട്‌ ക്ഷേത്രത്തിൽ നടന്ന ഗാനമേള സംബന്ധിച്ച് ഒരുപാട് വാർത്തകളും വിഡിയോസും വന്നതുകൊണ്ടാണ് ഇതെഴുതുന്നത്. അടുത്ത കാലത്ത് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചു പാടിയ ഒരു വേദിയായിരുന്നു അത്. പ്രോഗ്രാമിന്റെ അവസാനഘട്ടത്തിൽ, അനിയന്ത്രിതമായ ജനത്തിരക്ക് കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ട ഒരു സാഹചര്യം ഉണ്ടായി. ക്ഷേത്ര പരിസരത്ത് വണ്ടികയറ്റാൻ നിർവാഹമില്ലാത്തതുകൊണ്ട്, വണ്ടി വരെ അൽപദൂരം ഓടേണ്ടിവന്നു. അല്ലാതെ ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ല. പരിപാടി അവസാനിക്കുന്നതുവരെ, ഓരോ പാട്ടും എന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവൻ. ഒരു കലാകാരന് ഇതിനപ്പുറം എന്താണ് വേണ്ടത്.

സിനിമ പിന്നണി ഗായകനായി ഇതെന്റെ ഇരുപതാം വർഷമാണ്. രണ്ടാം തവണയാണ് വാരനാട് പ്രോഗ്രാമിന് വരുന്നത്. ഇനിയും വിളിച്ചാൽ, ഇനിയും വരും!

Tags:    
News Summary - Vineeth Sreenivasan with an explanation on the incident of running during the song festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.