തിരുവനന്തപുരം: കേരള മൂല്യവര്‍ധിതനികുതി അപലേറ്റ് ട്രൈബ്യൂണലില്‍ തിരിമറി വ്യാപകമെന്ന് വിജിലന്‍സ് കണ്ടത്തെല്‍. വാണിജ്യനികുതിതര്‍ക്കങ്ങള്‍ തീര്‍പ്പാക്കാനുള്ള ട്രൈബ്യൂണല്‍ അംഗങ്ങളില്‍ ചിലര്‍ ബാഹ്യഇടപെടലുകള്‍ക്ക് വശംവദരാകുന്നെന്നും നികുതികേസുകളില്‍ ഒത്തുകളി വ്യാപകമാണെന്നും വിജിലന്‍സ് പറയുന്നു. അനധികൃതസ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട പരാതിയെതുടര്‍ന്ന് കഴിഞ്ഞദിവസം ട്രൈബ്യൂണല്‍ അക്കൗണ്ട്സ് മെംബറുടെ തിരുവനന്തപുരത്തെയും എറണാകുളത്തെയും വസതികളില്‍ വിജിലന്‍സ് സ്പെഷല്‍ സെല്‍ പരിശോധന നടത്തിയിരുന്നു. നിരവധി രേഖകള്‍ കണ്ടെടുത്തു.
സംസ്ഥാനത്തെ വന്‍കിടവ്യാപാരികളുമായി അക്കൗണ്ട്സ് മെംബര്‍ക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും വിജിലന്‍സ് പറയുന്നു. ഹൈകോടതി നിര്‍ദേശിക്കുന്ന ജില്ലജഡ്ജിയാണ് ട്രൈബ്യൂണല്‍ ചെയര്‍മാന്‍. വാണിജ്യനികുതി വകുപ്പ് ഡെപ്യൂട്ടി കമീഷണര്‍ ഡിപ്പാര്‍ട്മെന്‍റ് മെംബറും പരിചയസമ്പന്നനായ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് അക്കൗണ്ട്സ് മെംബറുമാകും. ചെയര്‍മാനും ഡിപ്പാര്‍ട്മെന്‍റ് മെംബറും മാറിക്കൊണ്ടിരിക്കും.
30 കൊല്ലമായി അക്കൗണ്ട്സ് മെംബര്‍ക്ക് മാറ്റമില്ല. നികുതിവെട്ടിപ്പിന് ഒത്താശചെയ്യുന്നെന്ന് ആരോപിച്ച് ഇദ്ദേഹത്തിനെതിരെ നിരവധി പരാതികളാണ് വിജിലന്‍സിന് ലഭിച്ചിട്ടുള്ളത്. വ്യാപാരികളുമായി ഒത്തുകളിച്ച് സര്‍ക്കാറിന് കോടികളുടെ നഷ്ടംവരുത്തിയെന്നായിരുന്നു പരാതി. അക്കാദമീഷ്യയായ ഭാര്യയുടെ പേരില്‍ വിദേശസര്‍വകലാശാലകളില്‍ നിന്ന് പണം ലഭിക്കുന്നതായി രേഖകളുണ്ടാക്കി കള്ളപ്പണം വെളുപ്പിച്ചെന്നും പരാതിയുണ്ടായിരുന്നു.
ഇത് സാധൂകരിക്കുന്ന തെളിവുകള്‍ വസതിയില്‍ നിന്ന് ലഭിച്ചു. വാണിജ്യനികുതിവകുപ്പിന് നികുതി കുടിശ്ശികയിനത്തില്‍ 4000 കോടി രൂപക്ക് മേലാണ് പിരിഞ്ഞുകിട്ടാനുള്ളത്. ഇതില്‍ ഏറിയപങ്കും ട്രൈബ്യൂണലിന്‍െറ തീര്‍പ്പിനായി കാത്തുകിടക്കുകയാണ്. വന്‍കിടവ്യാപാരികള്‍ നികുതിയൊടുക്കാന്‍ മടിച്ച് ട്രൈബ്യൂണലിനെ സമീപിക്കുന്നത് പതിവാണ്. ഒടുവില്‍ ഒറ്റത്തവണ തീര്‍പ്പാക്കലില്‍ ഉള്‍പ്പെടുത്തി വന്‍തുക നികുതിയിളവ് നല്‍കും. ഇതിന് അക്കൗണ്ട്സ് മെംബറുടെ സഹായം കൂടിയേതീരൂ. 30 വര്‍ഷമായി തുടരുന്ന ഉദ്യോഗസ്ഥനെ മാറ്റണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് സര്‍ക്കാറിന് കത്തയക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.