തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലേക്കാവശ്യമായ സാധനങ്ങൾ വാങ്ങുന്നതിൽ മുൻവർഷങ്ങളിലും ക്രമക്കേടുകളെന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ട്. ദേവസ്വം സ്റ്റോറിൽ നടന്നതിൽ പലതും രേഖകളിൽ മാത്രമുള്ള വ്യാജ വാങ്ങലുകളാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ക്രമക്കേടിൽ ഉന്നത ഉദ്യോഗസ്ഥരെക്കുറിച്ച് പരാമർശമുണ്ട്. അതേസമയം, തുടർനടപടികളില്ലാതെ ചവിട്ടിയൊതുക്കിയ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നത്. 2021 ഫെബ്രുവരിയിലാണ് ഈ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടത്.
വഴിപാട് നടത്താൻ ആവശ്യമായതിന്റെ അഞ്ചിരട്ടി സാധനങ്ങൾ മെയിൻ സ്റ്റോർ വഴി നൽകിയെന്നാണ് മറ്റൊരു കണ്ടെത്തൽ. കളഭം, ഉണക്കമുന്തിരി, തേൻ, കൽക്കണ്ടം, നെയ്യ്, കദളിപ്പഴം തുടങ്ങിയ സാധനങ്ങളാണ് ഇത്തരത്തിൽ വാങ്ങിയത്. എന്നാൽ, ഇവ ഉപയോഗിച്ചതിന്റെ രേഖകളില്ലെന്നാണ് വിജിലൻസ് ചൂണ്ടിക്കാട്ടുന്നത്. അഷ്ടാഭിഷേകത്തിന് കദളിപ്പഴം ഉപയോഗിക്കുന്നതായാണ് രേഖയെങ്കിലും കൂടുതലും പൂവൻപഴമാണ് ഉപയോഗിക്കുന്നതെന്നാണ് ജീവനക്കാരുടെ മൊഴി.
സ്റ്റോറിലുള്ള സാധനങ്ങളുടെ അളവും സ്റ്റോക്ക് രജിസ്റ്ററിലെ അളവും തമ്മിൽ പൊരുത്തക്കേടുണ്ട്. അരവണ പാക്കിങ്ങിന് ആവശ്യമായ ഓപൺ ലിഡുകളിൽ കേടുവന്നവയുടെ കണക്ക് വർധിപ്പിച്ചു കാണിച്ചു. സീസൺ കഴിഞ്ഞ് ബാക്കിവന്ന അരവണ നിറക്കുന്ന പേപ്പർ കണ്ടെയ്നറുകൾ സംബന്ധിച്ച് രേഖയില്ലെന്നും റിപ്പോർട്ടിലുണ്ട്. കഴിഞ്ഞ മണ്ഡലകാലത്ത് നെയ്യ് വിതരണം ചെയ്തതിലെ ക്രമക്കേട് തെളിഞ്ഞതിനു പിന്നാലെയാണ് ഈ റിപ്പോർട്ട് പുറത്താകുന്നത്.
ഇതിനിടെ ശബരിമലയിലെ നെയ്യ് ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ദേവസ്വം മന്ത്രി ഉത്തരവിട്ടിട്ടുണ്ട്. വിഷയത്തിൽ ദേവസ്വം സെക്രട്ടറി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഗുരുതര കണ്ടെത്തലുകൾ പുറത്തുവന്നതിനെ തുടർന്ന് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാൻ ദേവസ്വം വിജിലൻസിന് നിർദേശം നൽകിയത്.
നെയ്യ് എത്തിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലും ദുരൂഹതകൾ നിറഞ്ഞ ഇടപെടലുകളുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഇരുമുടിക്കെട്ടിൽ തീർഥാടകർ കൊണ്ടുവരുന്ന നെയ്യ് ശുദ്ധീകരിച്ച് ഉപയോഗിക്കാം എന്നിരിക്കെ തീർഥാടകർ കൊണ്ടുവരുന്നതിന് ഗുണനിലവാരം കുറവാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ദേവസ്വം നീക്കം നടത്തിയത്.
കൊച്ചി: ശബരിമലയിൽ കഴിഞ്ഞ സീസണിൽ അരവണ നിർമാണത്തിന് മിൽമയിൽനിന്ന് നെയ്യ് വാങ്ങിയതിലെ ക്രമക്കേട് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയാഗിച്ച് ഹൈകോടതി. വിജിലൻസ് സൂപ്രണ്ട് എം.ജെ. സോജന്റെ നേതൃത്വത്തിൽ വിജിലൻസ് ഡിവൈ.എസ്.പി സി.എസ്. ഹരി, ഇൻസ്പെക്ടർമാരായ എ.എസ്. സജി ശങ്കർ, എസ്. ശ്രീജിത്ത്, ടി.ആർ. കിരൺ, ആർ.എസ്. രതീന്ദ്ര കുമാർ എന്നിവരടങ്ങുന്ന സംഘത്തെയാണ് നിയോഗിച്ചത്.
വിജിലൻസ് ഡയറക്ടറും ഡി.ജി.പിയുമായ മനോജ് എബ്രഹാം നൽകിയ മൂന്നുപേരുടെ പട്ടികയിൽനിന്നാണ് എം.ജെ. സോജനെ ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ചുമതലപ്പെടുത്തിയത്. ആടിയ ശിഷ്ടം നെയ്യ് വിൽപനയിലെ ക്രമക്കേടുകൾ അന്വേഷിക്കുന്നതും എം.ജെ. സോജന്റെ നേതൃത്വത്തിലായതിനാൽ ഈ കേസിലും അദ്ദേഹം തന്നെ ചുമതല വഹിക്കുന്നതാണ് ഉചിതമെന്ന് വിലയിരുത്തിയാണ് ഉത്തരവ്. കേസ് വീണ്ടും ആഗസ്റ്റ് 17ന് പരിഗണിക്കും.
നെയ്യിൽ വലിയൊരു ഭാഗം വഴിമധ്യേ മറിച്ചുവിറ്റെന്നും മായം കലർന്നത് എത്തിച്ചെന്നുമാണ് ആരോപണം. ശബരിമല സ്പെഷൽ കമീഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേവസ്വം ചീഫ് വിജിലൻസ് ഓഫിസർ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട കോടതി എസ്.ഐ.ടി രൂപവത്കരിക്കാനുള്ള പേര് വിവരം അറിയിക്കാനും നിർദേശിച്ചിരുന്നു.
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും മുൻ അംഗം എ. അജികുമാറിനെയും വീണ്ടും റിമാന്‍ഡ് ചെയ്തു. 13 ദിവസത്തെ റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ബുധനാഴ്ച കൊല്ലം വിജിലന്‍സ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും ഈ മാസം 19 വരെയാണ് റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ മാസം 23 നായിരുന്നു ഇരുവരെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കുറ്റപത്രം നല്‍കാത്തതിനെ തുടര്‍ന്ന് സ്വര്‍ണക്കൊള്ളയില്‍ നേരത്തെ അറസ്റ്റിലായ എല്ലാ പ്രതികളും സ്വാഭാവിക ജാമ്യം നേടി പുറത്തു വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.