കോട്ടയത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഗൃഹനാഥൻ മരിച്ചു

കോട്ടയം: പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് പെരിങ്ങുളത്ത് ഉറവപ്ലാവിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഗൃഹനാഥൻ മരിച്ചു.

ചേലകാട്ട് വീട്ടിൽ ജോസഫ് (അപ്പച്ചൻ–80) ആണ് മരിച്ചത്. മണ്ണിനടിയിൽപ്പെട്ട ജോസഫിന്റെ മക്കളായ ജിമ്മി (36), ഡെന്നീസ് (32) എന്നിവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശക്തമായ മഴയും വൈദ്യുതി ഇല്ലാത്തതും രക്ഷാപ്രവർത്തനത്തിന് തടസമായി. തൊട്ടടുത്ത വീട്ടിൽ താമസിച്ചിരുന്ന മണിയൻകല്ലേൽ ജോസഫ് (അപ്പച്ചൻ)യും ഭാര്യ കുഞ്ഞുഞ്ഞുമ്മയും രക്ഷപ്പെട്ടു. മണ്ണിടിച്ചിലിനെ തുടർന്ന് രണ്ട് വീടുകളും ഒറ്റപ്പെട്ട നിലയിലായി. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ അതിശക്തമായ മഴയാണ് പെയ്യുന്നത്.

ഈരാറ്റുപേട്ട തീക്കോയി വേളത്തുശ്ശേരിയിൽ മണ്ണിടിഞ്ഞ് വീണ് ഇരുചക്ര വാഹന യാത്രക്കാരി മരിച്ചു. ചെന്നൈ സ്വദേശി സംഗീത അരുൾലാൽ (35) ആണ് മരിച്ചത്. ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും നില ഗുരുതരമാണ്.

തമിഴ്നാട്ടിൽനിന്ന് വിനോദ സഞ്ചാരത്തിന് എത്തിയ രണ്ട് യുവതികളാണ് അപകടത്തിൽപ്പെട്ടത്. വാഗമൺ നിന്ന് സ്കൂട്ടറിൽ മടങ്ങുമ്പോഴാണ് മണ്ണിടിച്ചിലില്‍പെട്ടത്. വേലത്തുശ്ശേരി സെന്‍റ് സെബാസ്റ്റ്യൻ പള്ളിക്ക് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്.

വാഗമൺ മേഖലയിലെ കുസാറ്റിന്റെ ഓട്ടമാറ്റിക് വെതർ സ്റ്റേഷനിൽ ഉച്ചക്ക് മൂന്ന് മുതൽ അഞ്ചുവരെയുള്ള സമയത്ത് 157 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി. ഈരാറ്റുപേട്ട–വാഗമൺ റോഡിൽ കാരികാട് ടോപ്പിനു സമീപം റോഡിലേക്ക് മണ്ണിടിഞ്ഞു വീണ് രണ്ട് കാറുകളുടെ വശങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.ആർക്കും പരുക്കില്ല. മണിക്കൂറുകളോളം നീണ്ട ഗതാഗത തടസ്സം രാത്രി ഏഴ് മണിയോടെയാണ് പൂർണ്ണമായി മാറ്റിയത്. 

Tags:    
News Summary - Man killed as mud falls on house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.