മാസപ്പടി: അന്വേഷണം വന്നേക്കും; നിർണ്ണായക കൂടിക്കാഴ്ച ചൊവ്വാഴ്ച
തിരുവനന്തപുരം: സി.എം.ആർ.എൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയൻ കൈക്കൂലി കൈപ്പറ്റിയെന്ന ഇ.ഡി ആരോപണത്തിൽ അന്വേഷണമാകാമെന്ന് നിയമോപദേശം ലഭിച്ച പശ്ചാത്തലത്തിൽ തീരുമാനം കൈക്കൊള്ളുന്നതിന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും.
കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നേരിട്ടുള്ള അന്വേഷണമോ അല്ലെങ്കിൽ പ്രാഥമികാന്വേഷണമോ നടത്താമെന്നാണ് എ.ജിയിൽ നിന്നുള്ള നിയമോപദേശം. രാഷ്ട്രീയ സാഹചര്യങ്ങൾ കൂടി മുൻനിർത്തി പ്രാഥമികാന്വേഷണത്തിനാണ് സാധ്യത. കേന്ദ്രസർക്കാറിന്റെ രാഷ്ട്രീയ വേട്ടക്ക് സംസ്ഥാന സർക്കാർ കൂട്ടുനിൽക്കുന്നുവെന്ന ആക്ഷേപങ്ങളെ കൂടി നേരിടാനുള്ള തയാറെടുപ്പുകളോടെയാകും സർക്കാർ പ്രാഥമികാന്വേഷണത്തിന് പച്ചക്കൊടി നൽകുക.
അതേസമയം പ്രാഥമികാന്വേഷണത്തിലേക്ക് പോലും നീങ്ങുന്നത് രാഷ്ട്രീയായുധമാക്കാണ് സി.പി.എം തീരുമാനം. സർക്കാറിൽ നിന്ന് അന്വേഷണ പ്രഖ്യാപനമുണ്ടാകുന്ന പക്ഷം സംസ്ഥാന വ്യാപകമായ പ്രതിഷേധത്തിനാണ് സി.പി.എം ആലോചന. നിയമപരമായ നടപടിക്രമമാണ് സർക്കാർ സ്വീകരിക്കുന്നതെന്നാണ് യു.ഡി.എഫ് വിശദീകരണം.
ഒപ്പം ഇടതുഭരണകാലത്ത് യു.ഡി.എഫ് നേതാക്കൾക്കെതിരെ കൈക്കൊണ്ട അന്വേഷണങ്ങളുടെയും ഒപ്പം കേന്ദ്ര ഏജൻസികൾക്ക് കത്തെഴുതിയതിന്റെയുമടക്കം വിവരങ്ങൾ മുൻനിർത്തിയാകും പ്രതിരോധം. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ചൊവ്വാഴ്ചത്തെ കൂടിക്കാഴ്ചക്ക് ശേഷം അന്വേഷണവുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികളിലേക്ക് സർക്കാർ കടക്കാനാണ് സാധ്യത.
അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് 25 പേജുള്ള റിപ്പോർട്ട് ആണ് ഇ.ഡി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയത്. ഇതിലെ വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. പിണറായി വിജയൻ മുഖ്യമന്ത്രി എന്ന നിലക്ക് കൈക്കൂലി വാങ്ങിയെന്നും ഇതിന് മകളുടെ കമ്പനിയെ ഉപയോഗപ്പെടുത്തി എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ഇ.ഡി കത്തിലുള്ളത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണ തുടങ്ങി 12ലധികം പേർക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തണമെന്നായിരുന്നു ഇ.ഡിയുടെ ആവശ്യം. ഇതിന്മേലാണ് എ.ജി നിയമോപദേശം നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.