‘മെസ്സി’യെ എൽ.ഡി.എഫ് സർക്കാറിലേക്ക് തട്ടി ആന്റോ
തിരുവനന്തപുരം: ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയെയും അർജന്‍റീന ടീമിനെയും കേരളത്തിലെത്തിക്കുക എന്നത് എൽ.ഡി.എഫ് സർക്കാറിന്‍റെ പദ്ധതി ആയിരുന്നു എന്നും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി സ്പോൺസർ മാത്രം ആയിരുന്നു എന്നും, കമ്പനി മേധാവി ആന്‍റോ അഗസ്റ്റിൻ. ആഗസ്റ്റ് മൂന്നിന് ജി.എസ്.ടി വകുപ്പിന് നൽകിയ മൊഴിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
കായികവകുപ്പിന്‍റെ പരിപാടിയുടെ സ്പോൺസർഷിപ്പിനുവേണ്ടിയാണ് തങ്ങളെ സമീപിച്ചത്. അർജന്‍റീന ടീം കേരളത്തിൽ കളിക്കാൻ തയാറാണെന്നും ആ പരിപാടിക്ക് സ്പോൺസർ ആവണമെന്നും ആവശ്യപ്പെട്ടു. അതിനുമുമ്പ് അർജന്‍റീന ഫുട്ബാൾ ഫെഡറേഷനുമായി കായികമന്ത്രി വി. അബ്ദുറഹ്മാൻ അടക്കം സർക്കാർ പ്രതിനിധികൾ സ്പെയിനിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. സ്പോൺസർഷിപ്പിനായി ഗോൾഡ് മർച്ചന്‍റ്സ് അസോസിയേഷനെയാണ് ആദ്യം സമീപിച്ചത്. വേണ്ടത്ര പണം സമാഹരിക്കാൻ കഴിയാതിരുന്നതിനാൽ അത് നടന്നില്ലെന്നും ആന്‍റോ അഗസ്റ്റിന്‍റെ മൊഴിയിലുണ്ട്.
ഇതിനിടെ പരിപാടിക്ക് ദുരന്തനിവാരണ ഫണ്ട് കൂടി ഉപയോഗിക്കാൻ തീരുമാനിച്ചിരുന്നു എന്ന വിവരം കൂടി പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. ഇതിന്‍റെ രേഖകളും കണ്ടെടുത്തു. 2025 ഒക്ടോബർ 17ന് നടന്ന സംസ്ഥാനതല യോഗത്തിൽ എറണാകുളം കലക്ടറാണ് ദുരന്തനിവാരണ ഫണ്ട് ലഭ്യമാണെന്ന് അറിയിച്ചത്. ഇക്കാര്യം മിനിറ്റ്സിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ എം.ഡി ആരെന്നത് സംബന്ധിച്ച രേഖകളിലും വൈരുധ്യം കണ്ടെത്തി. അർജന്‍റീന ഇടപാടുമായി ബന്ധപ്പെട്ട രേഖകളിൽ ആന്‍റോ അഗസ്റ്റിനാണ് കമ്പനി എം.ഡിയെങ്കിൽ കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിലെ രേഖകൾ പ്രകാരം ആന്‍റോ അഗസ്റ്റിന്‍റെ ഭാര്യാപിതാവ് കെ.ജെ. ജോസ് ആണ് എം.ഡി. രേഖകൾ പ്രകാരം ആന്‍റോയും സഹോദരന്മാരും കമ്പനി ഡയറക്ടർമാരല്ല. മെസ്സിയെ കൊണ്ടുവരാനെന്ന പേരിൽ നടന്ന ക്രമക്കേടിൽ നിലവിൽ ഒരു കേസാണ് എസ്.ഐ.ടി രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ആന്‍റോ അഗസ്റ്റിനെ ഒന്നാംപ്രതിയാക്കിയും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ രണ്ടാം പ്രതിയാക്കിയുമാണ് കേസ്. തട്ടിപ്പ് സംബന്ധിച്ച് കേന്ദ്ര ഏജൻസികളുടെ അന്വേഷണം കൊണ്ടുവരാനാണ് എസ്.ഐ.ടി നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.