തിരുവനന്തപുരം: സംസ്ഥാനത്ത് അഴിമതി തുടച്ചുനീക്കുകയെന്ന ലക്ഷ്യവുമായി മാസ് ആക്ഷൻ പദ്ധതി പ്രഖ്യാപിച്ച് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ (വി.എ.സി.ബി). കേരളത്തെ അഴിമതി മുക്തമാക്കാൻ നടപ്പാക്കുന്ന ‘പ്രോജക്ട് സീറോ’ പദ്ധതിയുടെ പ്രഖ്യാപനം വിജിലൻസ് ആസ്ഥാനത്ത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു. അഴിമതിയുടെ പ്രതീകാത്മക ചങ്ങല മുറിച്ചായിരുന്നു ഉദ്ഘാടനം.
അഴിമതി നടക്കുന്ന ദൃശ്യങ്ങൾ പകർത്തി നൽകുന്ന പൊതുജനങ്ങൾക്ക് 5,000 രൂപ വിജിലൻസ് പാരിതോഷികം നൽകും. ലഹരിക്കെതിരെ പൊലീസ് ‘ഓപറേഷന് തൂഫാന്- ദ നാർക്കോ ഹണ്ട്’ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിജിലൻസിന്റെ പുതിയ പദ്ധതി.
സർക്കാർ ഓഫിസുകളിലേതുൾപ്പെടെ അഴിമതി പൂർണമായും ഇല്ലാതാക്കാനുള്ള സമഗ്ര കർമപദ്ധതിയാണ് ‘പ്രോജക്ട് സീറോ’യെന്ന് മന്ത്രി രമേശ് ചെന്നിത്തല വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.പൊതുജന പങ്കാളിത്തം ഉറപ്പാക്കി സുതാര്യവും ഉത്തരവാദിത്തപരവുമായ ഭരണസംവിധാനം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
സർക്കാർ ജീവനക്കാർ കൈക്കൂലി ആവശ്യപ്പെടുന്ന സംഭവങ്ങൾ പൊതുജനങ്ങൾക്ക് വിഡിയോ തെളിവുകളായി വിജിലൻസിന്റെ ഔദ്യോഗിക പോർട്ടലിൽ സമർപ്പിക്കാം. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ പുറത്തുവിടില്ല. അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും നേതാക്കളെയും വെച്ചുപൊറുപ്പിക്കില്ല. അഴിമതിയില്ലാതെ ജനങ്ങൾക്ക് സേവനം ലഭ്യമാകണം. അത് സർക്കാറിന്റെ ഔദാര്യമല്ല, ജനങ്ങളുടെ അവകാശമാണ്.
കാലം മാറിയതനുസരിച്ച് അഴിമതിയിലും മാറ്റങ്ങളുണ്ട്. അതിനാൽ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പ്രോജക്ട് സീറോ വിഭാവനം ചെയ്തത്. അഴിമതി നടന്നശേഷം കണ്ടെത്തുന്നതിനേക്കാൾ, ഇത്തരം സംഭവങ്ങളുണ്ടാകാതെ തടയുന്നതിനാണ് മുൻഗണന നൽകുക. വിജിലൻസ് മിന്നൽ പരിശോധനകൾ തുടരുമെന്നും മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
അഴിമതിരഹിത സംസ്ഥാനത്തിന്റെ സാക്ഷാത്കാരത്തിന് ഏറ്റവും നിർണായക പങ്കുവഹിക്കേണ്ടത് വിജിലൻസ് സംവിധാനമാണ്. അഴിമതി വിമുക്ത കേരളം എന്ന ലക്ഷ്യം നിറവേറ്റാൻ വിജിലൻസിന് പൂർണ പ്രവർത്തന സ്വാതന്ത്ര്യം നൽകും.
അഴിമതി നിരോധന നിയമത്തിൽ 2018 ൽ കൊണ്ടുവന്ന ചില ഭേദഗതികൾ അന്വേഷണ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഉന്നത രാഷ്ട്രീയ-ഭരണ തലങ്ങളിലെ അഴിമതിക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിന്. വകുപ്പുതല അനുമതികൾ വേഗത്തിൽ ലഭ്യമാക്കും. കുറ്റവാളികളെ ശിക്ഷിക്കാൻ സഹായിക്കുന്ന ഫലപ്രദവും നിയമപരവുമായ അന്വേഷണം വിജിലൻസ് ഉറപ്പാക്കണം.
അന്വേഷണങ്ങളിലുണ്ടാകുന്ന അനാവശ്യ കാലതാമസം ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണ്. വിജിലൻസിലെ സ്റ്റാഫ് ക്ഷാമം, വാഹന സൗകര്യക്കുറവ്, അന്വേഷണ സൗകര്യങ്ങളുടെ പരിമിതി തുടങ്ങിയ വിഷയങ്ങൾ പരിഗണിച്ച് ആവശ്യമായ ഇടപെടലുകൾ സർക്കാർ തലത്തിൽ നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം, ഐ.ജി തോംസൺ ജോസ്, ആഭ്യന്തര വകുപ്പ് ഉപദേഷ്ടാവ് മുൻ ഡി.ജി.പി എ. ഹേമചന്ദ്രൻ എന്നിവരും സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.