തിരുവനന്തപുരം: മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മക്കും ഭര്‍ത്താവിനുമെതിരെ വിജിലന്‍സ് ത്വരിതപരിശോധന. കശുവണ്ടി വികസന കോര്‍പറേഷനും കേരള സ്റ്റേറ്റ് കാഷ്യൂ വര്‍ക്കേഴ്സ് അപെക്സ് ഇന്‍ഡസ്ട്രിയല്‍ കോഓപറേറ്റിവ് സൊസൈറ്റിയും (കാപെക്സ്) തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ ക്രമക്കേടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ലോയേഴ്സ് കോണ്‍ഗ്രസ് പ്രസിഡന്‍റ് അഡ്വ. പി. റഹീമാണ് പരാതിക്കാരന്‍.
ഓണത്തിന് കശുവണ്ടി വികസന കോര്‍പറേഷനും കാപെക്സും നേരിട്ട് തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ സര്‍ക്കാറിന് നഷ്ടമുണ്ടായി എന്ന ആരോപണമാണ് പരിശോധിക്കുന്നത്. കുറഞ്ഞ തുക ക്വാട്ട് ചെയ്ത സ്ഥാപനങ്ങളെ ഒഴിവാക്കിയതിനുപിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടായിരുന്നെന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു.
കോര്‍പറേഷനില്‍ നാലു ടെന്‍ഡറുകളിലായി 6.87 കോടിയുടെയും കാപെക്സില്‍ രണ്ടു ടെന്‍ഡറുകളിലായി 3.47 കോടിയുടെയും ഉള്‍പ്പെടെ ആകെ 10.34 കോടിയുടെ അഴിമതി നടന്നെന്നാണ് ആരോപണം. മന്ത്രിയുടെ ചേംബറില്‍ പ്രത്യേകയോഗം വിളിച്ചാണ് ഇറക്കുമതിക്കുള്ള തീരുമാനമെടുത്തത്. കാപെക്സ് മുന്‍ ചെയര്‍മാനും മേഴ്സിക്കുട്ടിയമ്മയുടെ ഭര്‍ത്താവുമായ തുളസീധരക്കുറുപ്പ്, കശുവണ്ടി വികസന കോര്‍പറേഷന്‍ എം.ഡി. സേവ്യര്‍ എന്നിവര്‍ക്കെതിരെയും അന്വേഷണമുണ്ടാകും. തിരുവനന്തപുരം സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് ഒന്ന് എസ്.പി ആര്‍. സുകേശനാണ് അന്വേഷണച്ചുമതല. നേരത്തേ, ഇതുമായി ബന്ധപ്പെട്ട് കൊല്ലം വിജിലന്‍സ് യൂനിറ്റ് പ്രാഥമിക പരിശോധന നടത്തി, വിശദ അന്വേഷണത്തിന് പ്രത്യേക യൂനിറ്റിനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസിന് ഫയല്‍ കൈമാറുകയായിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് ജേക്കബ് തോമസ് സുകേശനെ നിയോഗിച്ചത്.
പരാതിക്കാരനായ റഹീമില്‍നിന്ന് വിജിലന്‍സ് സംഘം കഴിഞ്ഞദിവസം മൊഴിയെടുത്തു. ആരോപണവിധേയരായ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്. കോണ്‍ഗ്രസിലെ വി.ഡി. സതീശന്‍ എം.എല്‍.എയാണ് വിഷയം ആദ്യമായി നിയമസഭയില്‍ ഉന്നയിച്ചത്. ഇത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ചിങ്ങം ഒന്നിന് കശുവണ്ടി ഫാക്ടറികള്‍ തുറക്കാന്‍ വേണ്ടിയുള്ള നടപടികള്‍ മാത്രമാണ് കൈക്കൊണ്ടതെന്നും അതിനു പിന്നില്‍ അഴിമതിയില്ളെന്നുമായിരുന്നു മന്ത്രിസഭയില്‍ മറുപടി പറഞ്ഞത്. അതേസമയം, കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിന്മേല്‍ ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നെന്ന് മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട കേസ് ചൊവ്വാഴ്ച വിജിലന്‍സ് കോടതിയുടെ പരിഗണനക്ക് വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.