ഇ.യു ജാഫർ
തൃശൂർ: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വോട്ട് ചെയ്ത മുസ് ലിം ലീഗ് സ്വതന്ത്രൻ ഇ.യു. ജാഫറിന്റേത് ബോധപൂർവ നീക്കമെന്ന് സൂചന. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തനിക്ക് അബദ്ധം പറ്റിയതെന്നാണ് ജാഫർ പറയുന്നത്. അങ്ങനെയെങ്കിൽ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് എന്തിന് വിട്ടുനിന്നെന്ന ചോദ്യത്തിന് അദ്ദേഹത്തിന് മറുപടിയില്ല.
ജാഫർ ബ്ലോക്ക് അംഗത്വം രാജിവെച്ചെങ്കിലും നിലവിലെ സീറ്റ് നിലയനുസരിച്ച് എൽ.ഡി.എഫിന് ഭരണം നഷ്ടപ്പെടുകയില്ല. ജാഫർ രാജിവെച്ചതോടെ എൽ.ഡി.എഫ്-ഏഴ്, യു.ഡി.എഫ്-ആറ് എന്നിങ്ങനെയായി കക്ഷിനില. ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചാൽ പോലും അവിശ്വാസം പാസാകാൻ ഏറെ പ്രയാസപ്പെടും.
തൃശൂർ: ഒന്നര പതിറ്റാണ്ടായി വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഭരിച്ചിരുന്നത് എൽ.ഡി.എഫാണ്. ഇത്തവണ യു.ഡി.എഫിനും എൽ.ഡി.എഫിനും ഏഴ് വീതം സീറ്റാണ് ലഭിച്ചത്. പ്രസിഡന്റ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിന്റെ തലേന്ന് ജാഫറും കോൺഗ്രസ് വരവൂർ മണ്ഡലം പ്രസിഡന്റ് എ.എ. മുസ്തഫയും നടത്തിയ ഫോൺ സംഭാഷണമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
‘സി.ഐക്ക് കേക്ക് കൊടുത്തെ’ന്ന് പറഞ്ഞ് തുടങ്ങുന്ന സംഭാഷണത്തിലാണ് സി.പി.എമ്മിൽ നിന്ന് ഓഫറുണ്ടെന്നും പ്രസിഡന്റ് സ്ഥാനമോ 50 ലക്ഷമോ ആണ് മുന്നോട്ടുവെച്ചതെന്നും താൻ പണം വാങ്ങി ലൈഫ് സെറ്റിൽ ചെയ്യുമെന്നാണ് പറയുന്നത്.
ഡിസംബർ 27ന് നടന്ന തെരഞ്ഞെടുപ്പിൽ ജാഫറിന്റെതടക്കമുള്ളവരുടെ പിന്തുണയോടെ എട്ട് വോട്ട് ലഭിച്ച് സി.പി.എം ജില്ല സെക്രട്ടറിയേറ്റ് മുൻ അംഗവും മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.വി. നഫീസ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി.
വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് ജാഫർ വിട്ടുനിന്നതോടെ 7-6 എന്ന വോട്ട് നിലയിൽ എൽ.ഡി.എഫ് വിജയിച്ചു. തളി ഡിവിഷനിൽ നിന്നാണ് ജാഫർ തെരഞ്ഞെടുക്കപ്പെട്ടത്. ബ്ലോക്ക് അംഗത്വം രാജിവെച്ചതോടെ ഇവിടെ ഉപതെരഞ്ഞെടുപ്പിനും വഴി തെളിഞ്ഞു.
തൃശൂർ: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തത് അബദ്ധം പറ്റിയതാണെന്നും പണം കൈപ്പറ്റിയിട്ടില്ലെന്നും മുസ് ലിം ലീഗ് സ്വതന്ത്രനായി തെരഞ്ഞെടുക്കപ്പെട്ട ഇ.യു ജാഫർ. കോൺഗ്രസ് വരവൂർ മണ്ഡലം പ്രസിഡന്റ് എ.എ. മുസ്തഫയോട് തമാശയായി പറഞ്ഞ കാര്യങ്ങളാണ് പുറത്തുവന്നത്. ഏത് അന്വേഷണത്തോടും സഹകരിക്കും. നുണ പരിശോധനക്കടക്കം തയാറാണ്- ജാഫർ പറഞ്ഞു.
തൃശൂർ: താനുമായി വി.യു ജാഫർ നടത്തിയത് തമാശ സംഭാഷണമല്ലെന്നും കാശ് വാങ്ങി തന്നെയാണ് ജാഫർ വോട്ട് മറിച്ചതെന്നും കോൺഗ്രസ് വരവൂർ മണ്ഡലം പ്രസിഡന്റ് എ.എ. മുസ്തഫ. മുസ്ലിം ലീഗ് കുടുംബത്തിലെ അംഗവും എം.എസ്.എഫിലൂടെ രാഷ്ട്രീയത്തിലെത്തിയ ആളുമായ ജാഫർ ഇത്തരമൊരു പ്രവൃത്തി ചെയ്യുമെന്ന് വിശ്വസിച്ചിരുന്നില്ലെന്നും മുസ്തഫ ‘മാധ്യമ’ത്തോട് പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഷാനവാസിന്റെ പേര് നിർദേശിച്ചത് തന്നെ ജാഫറാണ്. അബദ്ധം പറ്റിയതാണെങ്കിൽ ജാഫർ എന്താണ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് എത്താതിരുന്നതെന്നും അദ്ദേഹം ചോദിച്ചു.
കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം അംഗീകരിക്കുന്നതിനു പകരം കുതിരക്കച്ചവടത്തിലൂടെ അധികാരം ഉറപ്പിക്കാനുള്ള സി.പി.എം നടപടികള്‍ ജനാധിപത്യ വിരുദ്ധമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുന്നതിന് യു.ഡി.എഫ് സ്വതന്ത്രനായി വിജയിച്ച അംഗത്തെ സി.പി.എം വിലക്കെടുത്തത് എങ്ങനെയെന്നത് തെളിവുകള്‍ സഹിതം പുറത്തുവന്നു. അധികാര സ്ഥാനവും ലക്ഷക്കണക്കിന് രൂപയും വാഗ്ദാനംചെയ്ത നടപടി ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ്.
തൃശൂര്‍ ജില്ലയിലെ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലും കൂറുമാറ്റത്തിനും കുതിരക്കച്ചവടത്തിനും സി.പി.എം നടത്തിയ കുതന്ത്രം ജനാധിപത്യ ധ്വംസനത്തിന്റെ മറ്റൊരു ഉദാഹരണമാണ്. വടക്കാഞ്ചേരിയിലെ ഗുരുതരമായ കുറ്റകൃത്യത്തില്‍ നേരിട്ടും ഗൂഢാലോചനയിലും പങ്കാളികളായവരെ അറസ്റ്റ് ചെയ്തു നിയമനടപടി സ്വീകരിക്കണം. ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള ധൈര്യം സി.പി.എം കാട്ടണമെന്നും സണ്ണി ജോസഫ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.