തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് എട്ടു ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാത്ത അനിശ്ചിതത്വം വൻവിജയത്തിന്റെ ശോഭയെ ബാധിച്ചെന്ന് തുറന്നുസമ്മതിച്ച് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. ഇടതുമുന്നണിയെ നിലംപരിശാക്കിയ വിജയത്തിന്റെ ആരവവും തരംഗവും ഒരാഴ്ചപോലും നിലനിർത്താനായില്ലെന്ന് കെ.പി.സി.സി പ്രസിഡന്റിനുതന്നെ സമ്മതിക്കേണ്ടിവന്നത് പാർട്ടി നേരിടുന്ന അസാധാരണ പ്രതിസന്ധിക്ക് അടിവരയിടുന്നു.
വിജയം ആഘോഷിക്കാനാകുന്നില്ലെന്ന് മാത്രമല്ല, കോൺഗ്രസിലെ തർക്കംമൂലം ഇടതുമുന്നണി നേരിട്ട പരാജയം വേണ്ടവിധം ചർച്ച ചെയ്യുന്നുമില്ലെന്ന സത്യം യു.ഡി.എഫ് നേതാക്കൾതന്നെ പങ്കുവെക്കുന്നു.
ഭൂരിപക്ഷമില്ലാത്ത വിജയ് പോലും പിന്തുണയുറപ്പിച്ച് തമിഴ്നാട്ടിൽ അധികാരമേറ്റിട്ടും ആധികാരിക വിജയവും മതിയായ സീറ്റും കൈവശമുള്ള കേരളത്തിൽ എന്തുകൊണ്ട് മുഖ്യമന്ത്രിയെ തീരുമാനിക്കാനാകുന്നില്ലെന്ന ചോദ്യം അക്ഷരാർഥത്തിൽ കോൺഗ്രസിനെ പൊള്ളിക്കുകയാണ്. അണികൾക്കിടയിലാകട്ടെ, വലിയ നിരാശയും കനക്കുന്നു.
ഉചിതമായ തീരുമാനം ഉടനുണ്ടാകുമെന്ന് പറയാനല്ലാതെ എന്തുകൊണ്ട് വൈകുന്നുവെന്നതിന് കൃത്യമായ ഉത്തരം കെ.പി.സി.സി പ്രസിഡന്റിന് പോലുമില്ല. മൂന്നുപേരിൽ ആര് മുഖ്യനെന്ന് നിർണയിക്കാനാകാതെ ഹൈകമാൻഡ് വട്ടംചുറ്റുന്നതിനിടെ വിമർശനം കടുപ്പിച്ച് മുസ്ലിം ലീഗ് തുടർച്ചയായി രണ്ടാംദിവസവും രംഗത്തെത്തി. തീരുമാനം വൈകുന്നത് വിജയത്തിളക്കം ഇല്ലാതാക്കിയെന്നും നിറംകെടുത്തിയെന്നുമാണ് ലീഗ് നിയുക്ത എം.എൽ.എ ടി.വി. ഇബ്രാഹിമിന്റെ തുറന്നുപറച്ചിൽ.
പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണെന്നും അദ്ദേഹം തുറന്നുസമ്മതിക്കുന്നു. മലബാർ ജില്ലകളിൽ എം.എൽ.എമാരായി തെരഞ്ഞെടുക്കപ്പെട്ട പലർക്കും ആഹ്ലാദം പ്രകടിപ്പിച്ച് മണ്ഡലങ്ങളിൽ പര്യടനം പോലും നടത്താനാകുന്നില്ല. നിയുക്ത എം.എൽ.എമാർ അണികളാൽ പരസ്യമായി വിമർശിക്കപ്പെടുന്ന ഗുരുതര സാഹചര്യമാണ് പലയിടത്തും.
അനന്തമായി നീളുന്ന ചർച്ചകളെ തുറന്ന ജനാധിപത്യമായി നേതാക്കൾ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ഘടകകക്ഷികൾക്ക് പോലും ഈ ‘വിശാലത’ ഉൾക്കൊള്ളാനാകുന്നില്ല.
അധികാരത്തിലേറുംമുമ്പേ അപസ്വരമുണ്ടായതിലും തെരുവിലേക്കടക്കം നീണ്ട അവകാശവാദങ്ങളിലും കടുത്ത അതൃപ്തിയിലാണ് ഘടകകക്ഷികൾ. മുസ്ലിം ലീഗ് ബുധനാഴ്ച അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. കേരള കോൺഗ്രസും ആർ.എസ്.പിയും അതൃപ്തി കെ.പി.സി.സി നേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം.
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിലേക്ക് നേർക്കുനേർ കടന്നില്ലെങ്കിലും പരോക്ഷ പരാമർശങ്ങളുമായി ഇടതുമുന്നണിയും രംഗത്തെത്തി. ജനവിധി യു.ഡി.എഫിന് അനുകൂലമാണെന്നും എന്നാൽ ആ തീരുമാനത്തോട് നീതിപുലർത്താനുള്ള ബാധ്യത അവർ നിറവേറ്റുന്നില്ലെന്നുമാണ് ഇടതുകൺവീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞത്. കനത്ത തോൽവിയുടെ പ്രഹരം തലക്ക് മുകളിലുള്ളതുകൊണ്ട് മാത്രമാണ് കോൺഗ്രസിലെ അനിശ്ചിതത്വം സി.പി.എം ആയുധമാക്കാത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.