കൽപറ്റ: കേരള വെറ്ററിനറി സർവകലാശാല ഡെയറി സയൻസ് കോളജുകളുടെ അംഗീകാരം റദ്ദാക്കപ്പെടുമെന്ന സാഹചര്യത്തിലാണ് 69 തസ്തികകൾ സൃഷ്ടിച്ച് അധ്യാപകരെ നിയമിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നതെന്ന് യൂനിവേഴ്സിറ്റി അധികൃതർ വാർത്തക്കുറിപ്പിൽ അറിയിച്ചു. 26 അധ്യാപകർ മാത്രമാണ് നിലവിൽ വെറ്ററിനറി കോളജുകളിലുള്ളത്. വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിക്കാത്തതിന് അധ്യാപകരുടെ അപര്യാപ്തതയും ഒരു കാരണമായിരിക്കുകയാണ്.
സർക്കാർ അനുവദിച്ച തസ്തികകളിലെ ഒഴിവുകളിലേക്ക് മാത്രമാണ് സർവകലാശാലക്ക് നിയമനം നടത്താനാകുന്നത്. സർവകലാശാലക്കു കീഴിലെ വിവിധ കോളജുകളിലെ അധ്യാപക ക്ഷാമത്തെക്കുറിച്ച് ഭാരതീയ കാർഷിക ഗവേഷണ കൗൺസിൽ, വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ തുടങ്ങിയ അക്രഡിറ്റേഷൻ ഏജൻസികളുടെ റിപ്പോർട്ടുകളുടെകൂടി അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.
വിവിധ ഡെയറി, ഫുഡ് ടെക്നോളജി കോളജുകളിൽ രൂക്ഷമായ അധ്യാപക ക്ഷാമം നിലനിൽക്കുന്നത് സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ അക്രഡിറ്റേഷന് തടസ്സമാകുന്നു എന്നു കണ്ടതിനാലാണ് സർക്കാർ ഈ കോളജുകളിലേക്ക് 69 പുതിയ അധ്യാപക തസ്തികകൾ അനുവദിച്ചത്.
എല്ലാ അധ്യാപക തസ്തികകളും എൻട്രി കേഡർ ആയ അസിസ്റ്റന്റ് പ്രഫസർ തസ്തികയായി കാണിച്ച് നിയമനം നടത്താൻ കാരണം നിലവിൽ സർവകലാശാലയിലെ ബഹുഭൂരിപക്ഷം അധ്യാപകരും കരിയർ അഡ്വാൻസ്മെന്റ് പ്രമോഷനിലൂടെ സീനിയർ പ്രഫസർമാരോ പ്രഫസർമാരോ അസോസിയറ്റ് പ്രഫസർമാരോ ആയി സ്ഥാനക്കയറ്റം ലഭിച്ചവരായതിനാലാണ്. അസിസ്റ്റന്റ് പ്രഫസർ തസ്തികകളിലെ ഒഴിവുകളിലേക്ക് മാത്രമാണ് എല്ലാ സംവരണ നിയമങ്ങളും പാലിച്ചുകൊണ്ട് നിയമനം നടത്താൻ സാധിക്കുന്നത്.
സർവകലാശാലകളിലെ അധ്യാപക നിയമനങ്ങൾക്കായി യു.ജി.സി ഇറക്കിയ ഉത്തരവുകൾ പാലിച്ചുകൊണ്ടാണ് നിയമനങ്ങൾക്കുള്ള സ്കോർ കാർഡും അഭിമുഖത്തിനുള്ള മാർക്കുകളും സർവകലാശാല അംഗീകരിച്ചിട്ടുള്ളത്. സ്കോർ കാർഡ് അനുസരിച്ച് ലഭിക്കുന്ന അക്കാദമിക് സ്കോർ ഉദ്യോഗാർഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്യാൻ മാത്രമായിരിക്കണം എന്നും നിയമനം അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണമെന്നുമാണ് നിയമം.
എല്ലാ സർക്കാർ, യു.ജി.സി നിയമങ്ങളും സംവരണ തത്ത്വങ്ങളും പാലിച്ച് നടത്തുന്ന നിയമനങ്ങൾ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ഖേദകരമാണെന്നും വാർത്തക്കുറിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.