ശബരിമല യുവതി പ്രവേശനം: ഏപ്രിൽ ഏഴ് മുതൽ വാദം കേൾക്കുമെന്ന് സുപ്രീംകോടതി; സർക്കാർ നിലപാട് അറിയിക്കണം

ന്യൂഡൽഹി: ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹരജികളിൽ ഏപ്രിൽ ഏഴ് മുതൽ സുപ്രീംകോടതി വാദം കേൾക്കും. ഈ വിഷയത്തിൽ മാർച്ച് 14നകം സർക്കാർ അടക്കമുള്ളവർ നിലപാട് അറിയിക്കണമെന്നും വിധിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും വാദങ്ങൾ എഴുതി നൽകണമെന്നും കോടതി നിർദേശിച്ചു.

ഏപ്രിൽ ഏഴിന് വാദം തുടങ്ങും. ഏഴ് മുതൽ ഒമ്പത് വരെ മൂന്നു ദിവസം വിധിയിൽ പുനഃപരിശോധന ആവശ്യപ്പെടുന്നവരുടെയും ഏപ്രിൽ 14 മുതൽ 16 വരെ പുനഃപരിശോധനയെ എതിർക്കുന്നവരുടെയും വാദം നടക്കും. 21ന് മറുപടി സത്യവാങ്മൂലം സമർപ്പിക്കാം. ഏപ്രിൽ 22ന് വാദം കോടതി പൂർത്തിയാക്കും. ഒമ്പതംഗ ബെഞ്ചിലെ അംഗങ്ങളെ ചീഫ് ജസ്റ്റിസ് പ്രത്യേക ഉത്തരവിലൂടെ അറിയിക്കും. മുതിർന്ന അഭിഭാഷകൻ കെ. പരമേശ്വറാണ് അമിക്കസ് ക്യൂറി. 

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജികൾ പരിഗണിച്ചത്. ഏഴ് വർഷത്തിന് ശേഷമാണ് വിവാദ വിധിക്കെതിരായ ഹരജികൾ കോടതി പരിഗണിക്കുന്നത്. ശബരിമല യുവതി പ്രവേശനം അടക്കം മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട 67 ഹരജികളാണ് പരമോന്നത കോടതിയുടെ മുമ്പാകെ വന്നത്.

2018 സെപ്റ്റംബർ 28നാണ് ശബരിമല യുവതി പ്രവേശനം അനുവദിച്ച് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജികൾ സമർപ്പിക്കപ്പെട്ടു. ഈ ഹരജികളിൽ വാദം കേൾക്കാനായി സുപ്രീംകോടതി ഒമ്പതംഗ ബെഞ്ചിന് രൂപം നൽകി. സ്ത്രീകളുടെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് മറ്റ് മതങ്ങളിലെ വിഷയങ്ങളും ഒമ്പതംഗ ബെഞ്ച് പരിഗണിക്കാൻ തീരുമാനിച്ചു.

മുസ് ലിം സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശനവും പ്രാർഥനയും നിഷേധിക്കുന്നത് ശരിയാണോ, ഇതര മതസ്ഥരെ വിവാഹം കഴിക്കുന്ന പാഴ്സി സ്ത്രീകൾക്ക് അവരുടെ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കുന്നതിലും ആരാധനാലയത്തിൽ പ്രവേശിക്കുന്നതിനുമുള്ള വിലക്ക് മൗലികവകാശ ലംഘനമാണോ, ദാവൂദ്-ബോറ സമൂഹത്തിലെ പെൺകുട്ടികളുടെ ലിംഗഛേദനം എന്ന ആചാരം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണോ എന്നീ വിഷയങ്ങളിലാണ് സുപ്രീംകോടതി വിധി പറയുക. മതാചാരങ്ങളും ഭരണഘടന നൽകുന്ന സമത്വത്തിനുള്ള അവകാശവും തർക്ക സാഹചര്യത്തിൽ നിയമം ഏത് പക്ഷത്ത് നിൽക്കണമെന്നതുമാണ് ഒമ്പതംഗ ബെഞ്ച് പരിശോധിക്കുക.

2020 ഫെബ്രുവരിയിൽ ഈ വിഷയങ്ങൾ വാദത്തിലേക്ക് നീങ്ങുകയും ചെയ്തു. പിന്നീട് കോവിഡ് വ്യാപനം വന്നതോടെ ഒമ്പതംഗ ബെഞ്ചിന്‍റെ വാദം മുന്നോട്ടു പോയില്ല. ഇതിനിടെ, ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് മറ്റ് വിഷങ്ങളിൽ വാദം കേട്ടിരുന്നെങ്കിലും ഒമ്പതംഗ ബെഞ്ചിന്‍റെ രൂപീകരണമോ വാദം കേൾക്കലോ നടന്നില്ല.

Tags:    
News Summary - Sabarimala women's entry: Supreme Court to hear arguments from March 15

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.