പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 14 ജില്ലകളിലും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ടും പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്. മഴ ശക്തിപ്രാപിച്ചതിനെ തുടർന്ന് ഇടുക്കി, പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയത് തുടരും. കൂടാതെ തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളും മലയോരമേഖലകളും ജാഗ്രതപാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. അറബിക്കടലിലേയും ബംഗാൾ ഉൾക്കടലിലേയും ശക്തമായ ചക്രവാതച്ചുഴി, ന്യൂനമർദം എന്നിവയാണ് സംസ്ഥാനത്ത് മഴ കനക്കാൻ കാരണം. ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കേരളത്തെ കൂടാതെ തമിഴ്നാട്ടിലും മഴകനക്കും. ചെന്നൈ, തിരുവള്ളൂർ, റാണിപ്പേട്ട്, കാഞ്ചീപുരം, ചെങ്കൽപേട്ട്, തിരുവണ്ണാമല, വിഴുപുറം എന്നീ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഏഴ് ജില്ലകളിൽ മഞ്ഞ അലർട്ടും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.