സി.പി.എം അക്രമം ദേശീയതലത്തില്‍ വിഷയമാക്കും –വെങ്കയ്യ നായിഡു

കോട്ടയം: ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേരളത്തില്‍ നടക്കുന്ന സി.പി.എമ്മിന്‍െറ അക്രമം ദേശീയതലത്തില്‍ വിഷയമാക്കുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. സഹിഷ്ണുതയെക്കുറിച്ച് സംസാരിക്കുന്ന സി.പി.എം ബി.ജെ.പി അനുഭാവികളായ സ്ത്രീകളെപ്പോലും കിരാതമായി അക്രമിക്കുന്നു. രാജ്യമാകെ ഇത് വീക്ഷിക്കുകയാണെന്ന് സി.പി.എം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സി.പി.എമ്മിന്‍െറ കൊലപാതക രാഷ്ട്രീയം വെച്ചുപൊറുപ്പിക്കാനാവില്ല. രക്തവും ചുവപ്പും ഒരിക്കലും ഒരുമിച്ചുപോകില്ല. മാറുന്ന രാഷട്രീയ സാഹചര്യം സി.പി.എം മനസ്സിലാക്കണം. കേരളം മാറ്റത്തിന്‍െറ വക്കിലാണ്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കേവല ഭൂരിപക്ഷം സ്വന്തമാക്കും.
കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളും ഒരു നാണയത്തിന്‍െറ രണ്ടു വശങ്ങളാണ്. കോണ്‍ഗ്രസും കമ്യൂണിസ്റ്റും ഡല്‍ഹിയില്‍ ഭായി ഭായിയും ഇവിടെ ശത്രുക്കളുമാണ്. ഈ നാടകം ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു. ഇത് ബി.ജെ.പിക്ക് ഗുണംചെയ്യും. അഴിമതിയും കുംഭകോണവും ഇല്ലാത്ത സര്‍ക്കാറാണ് കേന്ദ്രം ഭരിക്കുന്നത്. മോദി എന്നാല്‍, മേക്കിങ് ഓഫ് ഡെവലപ്മെന്‍റ് ഇന്ത്യ എന്നാണ് അര്‍ഥം. ഈ വികസന യാത്രയില്‍ കേരളവും ചേരണം.

ബിനാമി ഇടപാടുകളും സ്വര്‍ണത്തിലുള്ള നിക്ഷേപവും പരിശോധിക്കാന്‍ കേന്ദ്രം നടപടി സ്വീകരിക്കും. ബിനാമി സ്വത്ത് തടയാന്‍ രാജ്യത്ത് നിയമം ഉണ്ടെങ്കിലും നടപ്പാക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ തയാറായിരുന്നില്ല.  പിന്‍വലിക്കപ്പെട്ട നോട്ടുകളെല്ലാം തിരിച്ചത്തെിയതു കൊണ്ട് നോട്ട് നിരോധനം പരാജയമായെന്ന് അര്‍ഥമില്ല. തിരികെയത്തെിയ നോട്ടെല്ലാം വെള്ളപ്പണമാണെന്ന് കരുതേണ്ടതുമില്ല. വിശദ പരിശോധനകള്‍ക്ക് ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ സാധിക്കൂ. ഭൂകമ്പം വിതക്കുമെന്ന് വീമ്പിളക്കിയ രാഹുല്‍ ഗാന്ധി അധരചലനം മാത്രമാണ് നടത്തിയത്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പി മുന്നിലത്തെുമെന്നും വെങ്കയ്യ പറഞ്ഞു.

സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷങ്ങളുടെ താല്‍പര്യം സംരക്ഷിച്ച് ശാന്തിയും സമാധാനവും ഐക്യവും ഉറപ്പാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി ന്യൂനപക്ഷങ്ങള്‍ക്ക് ഏതിരാണെന്ന് ഇടത്, വലത് മുന്നണികള്‍ പ്രചരിപ്പിക്കുന്നതാണ്. ഫാ.ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ ത്യാഗം സഹിച്ച് കേന്ദ്രം ഇടപെട്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
നളിന്‍കുമാര്‍ കട്ടീല്‍ എം.പി, ഒ. രാജഗോപാല്‍ എം.എല്‍.എ, വി. മുരളീധരന്‍, പി.എസ്. ശ്രീധരന്‍പിള്ള, കെ.വി. ശ്രീധരന്‍, സി.കെ. പദ്മനാഭന്‍, എം.എന്‍. കൃഷ്ണദാസ്. ശോഭ സുരേന്ദ്രന്‍, കെ. സുരേന്ദ്രന്‍, എം.ടി. രമേശ്, എന്‍. ഹരി, നാരായണന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - Venkaiah naidu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.