പ്രതി അഫാൻ
തിരുവനന്തപുരം: വെഞ്ഞാറമൂട് പേരുമല, തിരുവനന്തപുരം പാങ്ങോട്, എസ്.എൻ പുരം എന്നീ മൂന്നിടങ്ങളിലായി അഞ്ചുപേരെ വെട്ടിക്കൊന്ന ക്രൂരതയിൽ നടുങ്ങി നാട്. കൊലപാതകത്തിന് പിന്നാലെ പ്രതി പൊലീസിൽ കീഴടങ്ങുകയായിരുന്നു. ആറ് പേരെ വെട്ടിക്കൊന്നുവെന്നാണ് പ്രതിയായ വെഞ്ഞാറമൂട് സ്വദേശി അഫാൻ (23) പൊലീസിനെ അറിയിച്ചത്. വെട്ടേറ്റവരിൽ അഫാന്‍റെ മാതാവ് ഷെമി ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.
അഫാന്‍റെ പെണ്‍സുഹൃത്തും കൊല്ലപ്പെട്ടവരിലുൾപ്പെടും. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് അഫാൻ പെണ്‍സുഹൃത്തിനെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്. ആദ്യം പാങ്ങോടെത്തി മുത്തശ്ശി സൽമാ ബീവിയെ (88) യെയാണ് അഫാൻ കൊലപ്പെടുത്തിയത്. പിന്നീട് എസ്.എൻ പുരം ചുള്ളാളം സ്വദേശികളായ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെ കൊലപ്പെടുത്തി. മൂന്നാമതായി വെമ്പായത്തെ വീട്ടിലെത്തി അനുജൻ അഫ്സാനെയും (13), പെൺസുഹൃത്ത് ഫർസാനയെയും (19) കൊലപ്പെടുത്തി. മാതാവിനെയും പ്രതി ആക്രമിച്ചു. ഇവർ തലച്ചോറിന് ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്.
വീട്ടിൽ കൊലക്ക് ശേഷം ഗ്യാസ് സിലിണ്ടർ തുറന്നിട്ട ശേഷമാണ് അഫാൻ പൊലീസ് സ്റ്റേഷനിലെത്തിയത്. ആറ് പേരെ വെട്ടിക്കൊലപ്പെടുത്തിയെന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം എലിവിഷം കഴിച്ചാണ് ഇയാൾ സ്റ്റേഷനിൽ കീഴടങ്ങാനെത്തിയത്. ഇതേത്തുടർന്ന് പ്രതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വിദേശത്ത് പോയി അടുത്തിടെ മടങ്ങിവന്നയാളാണ് അഫാൻ. പ്രതി ലഹരിക്കടിമയാണെന്ന വിവരങ്ങൾ പുറത്തുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.