തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ. അഫാന് വിദഗ്ധ ചികിത്സ നൽകാനാണ് തീരുമാനം. മനോരോഗ വിദഗ്ധന്റെ ചികിത്സ നൽകുമെന്നും ഡോക്ടർമാർ പറഞ്ഞു. അഫാൻ എഴുന്നേറ്റുനിൽക്കുന്ന സ്ഥിതിയിൽ എത്തിയിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്യുന്ന ഘട്ടത്തിൽ ആത്മഹത്യ ചെയ്യുമെന്ന് പലതവണ പറഞ്ഞിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
പൂജപ്പുര സെൻട്രൽ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ച അഫാന്‍റെ നില ഗുരുതരമായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് ആശുപത്രി സെല്ലിലേക്ക് മാറ്റിയിരുന്നു. വെന്‍റിലേറ്ററിലായിരുന്ന അഫാനെയാണ് സെല്ലിലേക്ക് മാറ്റിയത്. ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിനെക്കുറിച്ച് ഓർമയില്ലെന്നായിരുന്നു ബോധം വന്നപ്പോൾ അഫാൻ പറഞ്ഞത്.
മെയ് 25നാണ് അഫാൻ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചത്. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന അഫാൻ രാവിലെ 11 മണിയോടെ ശുചിമുറിയിൽ പോകണമെന്ന് ജയിൽ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ജയിൽ വാർഡൻ അഫാനെ ശുചിമുറിയിൽ എത്തിച്ചു. ഇതിനിടെ അഫാൻ ഉണക്കാനിട്ടിരുന്ന മുണ്ട് ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. വാതിൽ തുറക്കാൻ വൈകിയതിനെ തുടർന്ന് വാർഡന് സംശയം തോന്നി ശുചിമുറിയുടെ വാതിൽ ചവിട്ടി പൊളിച്ചപ്പോഴാണ് തൂങ്ങി മരിക്കാൻ ശ്രമിച്ച നിലയിൽ അഫാനെ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.