തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്ക് പ്രേരണയായത് കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത തന്നെയെന്നുറപ്പിച്ച് പൊലീസ്. അഫാന്റെ ഫോൺ സംഭാഷണങ്ങളും ചാറ്റ് ഹിസ്റ്ററിയും ബാങ്ക് രേഖകളും ശേഖരിച്ച പൊലീസ്, പണം കടം നൽകിയവരെ കണ്ടെത്തി കേസിൽ സാക്ഷികളാക്കി. കൂടാതെ, ചികിത്സക്കിടെ പലതവണയായി അഫാൻ പൊലീസിന് നൽകിയ മൊഴിയും ഇതാണ് വ്യക്തമാക്കുന്നതെന്ന് റൂറൽ എസ്.പി കെ.എസ്. സുദർശൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഒരു കടം തീര്‍ക്കാന്‍ മറ്റൊരാളിൽ നിന്ന് കടംവാങ്ങി ‘മറിക്കു’ന്ന രീതിയിലായിരുന്നു അടുത്തകാലത്തായി അഫാന്റെയും കുടുംബത്തിന്റെയും ജീവിതം മുന്നോട്ട് പോയത്. ആര്ഭാടത്തിനും ആഡംബര ജീവിതത്തിനുമായി നടത്തിയ പണമിടപാടുകളാണ് ഇതിനെല്ലാം കാരണമെന്നും അന്വേഷണസംഘം കരുതുന്നു. പിതാവിന്റെ വിദേശത്തെ ബാധ്യത കൂടാതെ, അഫാനും ഉമ്മയും സഹോദരനുമടങ്ങിയ കൊച്ചുകുടുംബത്തിന് 65 ലക്ഷം രൂപയുടെ കടമുണ്ട്. ബന്ധുക്കളും നാട്ടുകാരുമായി 13 പേരിൽ നിന്ന് ലക്ഷങ്ങൾ കടം വാങ്ങി. കൂടാതെ, 12 ലക്ഷം രൂപ കിട്ടിയ രണ്ട് ചിട്ടികളുടെ അടവും മുടങ്ങി. പണം കടംവാങ്ങി തിരിച്ചും മറിച്ചും നൽകിയാണ് പിടിച്ചുനിന്നത്. എന്നാൽ, കുടംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അറിഞ്ഞതോടെ പലരും പണം നൽകാതെയായി.
ദിവസവും പണം തിരികെ ആവശ്യപ്പെട്ട് ആളുകളെത്തിത്തുടങ്ങിയതോടെ അഫാന് അസ്വസ്ഥനായി. പണമില്ലാത്തതിനാല്‍ പിതാവിന് നാട്ടിലെത്താൻ സാധിക്കുന്നില്ലെന്ന തിരിച്ചറിവും അസ്വസ്ഥനാക്കി. നേരത്തേ പണയം വെച്ച ബുള്ളറ്റ് ബൈക്ക് തിരിച്ച് വാങ്ങിയിട്ടില്ല. വീട്ടിലുണ്ടായിരുന്ന കാർ ആദ്യം രണ്ടര ലക്ഷം രൂപക്ക് പണയംവെക്കുകയും പിന്നീട്, നാലുലക്ഷം രൂപക്ക് വിറ്റ് അതിൽ ഒരു ലക്ഷം രൂപ സൗദിയിലുള്ള പിതാവിന് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. സംഭവ ദിവസം വെഞ്ഞാറമൂട്ടിലെ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 1400 രൂപ കടമെടുത്താണ് ഉറ്റവരെ കൊലപ്പെടുത്താനുപയോഗിച്ച ആയുധമായ ചുറ്റിക വാങ്ങിയത്. വല്യുമ്മയെ കൊലപ്പെടുത്തി കൈക്കലാക്കിയ മാല ഇതേ സ്ഥാപനത്തിൽ പണയംവെച്ച് 74,000 രൂപ വാങ്ങുകയും അതില്‍ നിന്ന് 40,000 രൂപ കടക്കാരില്‍ നാലുപേര്‍ക്ക് തിരിച്ചുകൊടുക്കുകയും ചെയ്തു. കൂട്ടക്കൊല നടത്തുന്നതിനിടെയുള്ള മദ്യപാനവും ആഹാരം കഴിക്കലും കടംവീട്ടലും അനിയന്റെ മൃതദേഹത്തിനരികെ നോട്ട് വിതറലുമെല്ലാം അതി വിചിത്രമെന്നാണ് പൊലീസ് പറയുന്നത്.
പെൺസുഹൃത്ത് ഫർസാനക്ക് മുക്കുപണ്ടം പകരംനൽകി വാങ്ങിയ സ്വർണമാല പണയംവെച്ച 90,000 രൂപയുടെ കടബാധ്യതയുമുണ്ട്. ഫർസാന ഇത് തിരികെ ചോദിച്ചതും അക്കാര്യം അവളുടെ വീട്ടിലറിഞ്ഞാല്‍ പ്രശ്നമാകുമെന്നതും ഫര്‍സാനയെ കൊല്ലാൻ കാരണമായി. തന്റെ മരണശേഷം ഫര്‍സാനയെ എല്ലാവരും തനിച്ചാക്കുമെന്ന ആശങ്കയുണ്ടായിരുന്നതായും മൊഴി നൽകി.
അർബുദരോഗ ബാധിതയായ ഷെമിയുടെ ചികിത്സക്കുപോലും പണമില്ലാത്ത അവസ്ഥ വന്നതോടെ, കൂട്ട ആത്മഹത്യക്ക് കുടുംബം ആലോചിച്ചിരുന്നു. എന്നാൽ, ഷെമിക്ക് ആത്മഹത്യ ചെയ്യാൻ ഭയമായിരുന്നു. തുടർന്ന്, എല്ലാവരും മരിച്ചില്ലെങ്കിലോയെന്ന് കരുതിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. അർബുദരോഗ ബാധിതയായ ഉമ്മക്കും അനുജനും താനില്ലാതെ ജീവിക്കാനാകില്ലെന്ന് തോന്നിയതുകൊണ്ടാണ് അവരെ കൊലപ്പെടുത്തിയതെന്നും മൊഴിനല്‍കി. ദിവസങ്ങള്‍ക്കു മുമ്പ് പണം ചോദിച്ചിട്ട് തരാത്തതും ഉമ്മയോടുളള ദേഷ്യത്തിന് ആക്കം കൂട്ടി. പണയംവെക്കാന്‍ സ്വര്‍ണം തരാത്തതായിരുന്നു വല്ല്യുമ്മയെ കൊലപ്പെടുത്താന്‍ കാരണം. സാമ്പത്തിക പ്രതിസന്ധിക്കിടെ, കല്യാണം കഴിച്ച് എങ്ങനെ ജീവിക്കുമെന്ന് പിതൃസഹോദരൻ ലത്തീഫ് ചോദിച്ചതാണ് അദ്ദേഹത്തെ കൊല്ലാനുള്ള കാരണമായി അഫാൻ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.