മാതാവ് ഷമീനക്ക് 65 ലക്ഷം രൂപ കടം, കൂട്ടക്കൊലക്കിടെ അഫാൻ 40,000 രൂപ വീട്ടി; കാരണം സാമ്പത്തിക ബാധ്യത തന്നെയെന്ന് പൊലീസ്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിന് പിന്നിലെ ദുരൂഹതകൾ ഒരോന്നായി ചുരളഴിയുമ്പോൾ കടുത്ത സാമ്പത്തിക ബാധ്യതയാണ് പിന്നിലെന്ന നിഗമനത്തിലേക്ക് എത്തുകയാണ് പൊലീസ്.

പ്രതി അഫാന്റെ ഉമ്മ ഷമീനക്ക് 65 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. പിതൃമാതാവ് സൽമാബീവിയെ കൊലപ്പെടുത്തിയ ശേഷം അവരുടെ കഴുത്തിൽ നിന്ന് മാലയെടുത്ത് വെഞ്ഞാറമൂട് ഒരു ധനകാര്യ സ്ഥാപനത്തിൽ 74,000 രൂപക്ക് അഫാൻ പണയം വെച്ചിരുന്നു. അതിൽ നിന്ന് 40,000 രൂപ അഫാൻ സ്വന്തം അക്കൗണ്ട് വഴി കടക്കാർക്ക് നൽകിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ ഇടപാടുകൾക്ക് ശേഷമാണ് മറ്റുകൊലപാതകങ്ങൾ അഫാൻ നടത്തിയത്.

പിതാവ് റഹീമിന് സൗദിയില്‍ സാമ്പത്തികബാധ്യതകളുള്ളതിനാല്‍ നാട്ടിലേക്കു പണം അയച്ചിരുന്നില്ല. അര്‍ബുദബാധിതയായ മാതാവിന്റെ ചികിത്സക്കുള്‍പ്പെടെ ചില നാട്ടുകാരില്‍നിന്നും അടുത്ത ബന്ധുക്കളില്‍നിന്നും പണം കടം വാങ്ങിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പഠനം പാതിവഴിയിൽ ഉപേക്ഷിച്ച അഫാന്​ കൃത്യമായ വരുമാനമൊന്നുമില്ല. ബന്ധുക്കളിൽനിന്നും നാട്ടുകാരിൽ നിന്നും കടം വാങ്ങി മുന്നോട്ടുപോകുകയായിരുന്നു. ഇതിനിടെയും വിലകൂടിയ ബൈക്ക്​ വാങ്ങിയ അഫാന്‍റെ പ്രവൃത്തിയെ പിതൃസഹോദരൻ ലത്തീഫും ഉമ്മ ഷെമിനയും എതിർത്തിരുന്നു.

വിദ്യാർഥിയായ 19കാരി ഫർസാനയുമായുള്ള പ്രണയം വീട്ടുകാർ അറിഞ്ഞതോടെ അതിനും കുറ്റ​പ്പെടുത്തലുണ്ടായി. അപ്പോഴും, ആഡംബര ജീവിതം, ധൂർത്ത്​, വിലകൂടിയ വാഹനങ്ങൾ എന്നിവയോടായിരുന്നു അഫാന് കമ്പം. ആരെങ്കിലും ഉപദേശിച്ചാൽ അവരോട് പക. സ്വന്തമായി കാറും ബൈക്കും ഉൾപ്പെടെ ഏതാനും വർഷമായി പിന്തുടർന്ന ആഡംബര ജീവിതം വഴിമുട്ടുന്നത്​ തിരിച്ചറിഞ്ഞപ്പോഴുണ്ടായ നിരാശയാ​ണ്​ അഫാനെ ക്രൂരതക്ക്​ പ്രേരിപ്പിച്ചതെന്നും പൊലീസ്​ കരുതുന്നു. 

നാട്ടില്‍ തനിക്ക് സാമ്പത്തിക ബാധ്യതയൊന്നുമില്ലെന്നും സൗദിയിലുള്ള കടങ്ങള്‍ മാത്രമേയുള്ളൂവെന്നും സൗദിയില്‍ കച്ചവടം ചെയ്യുന്ന റഹീം പറഞ്ഞിരുന്നു. എന്നാൽ, റഹീം അറിയാതെയുള്ള കടബാധ്യതകളാകാം ഇതെന്നും പൊലീസ് സംശയിക്കുന്നു.

അതേസമയം, ആശുപത്രിയിൽ കഴിയുന്ന ഷമീനയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ്​ ഡോക്ടർമാർ പയുന്നത്​. കണ്ണുതുറന്ന​പ്പോൾ മക്കളെ തിരക്കിയതായും കട്ടിലിൽനിന്ന്​ വീണാണ്​ പരിക്കേറ്റതെന്ന്​ പറഞ്ഞതായും അവരെ സന്ദർശിച്ച ഡി.കെ. മുരളി എം.എൽ.എ പറഞ്ഞു. ഷമിയുടെ മുഖത്തും താടിയെല്ലിനുമാണ്​ ക്ഷതം​. ആരോഗ്യനില അനുസരിച്ച് മൊഴിയെടുക്കലിൽ തീരുമാനമുണ്ടാവും. ആരോഗ്യനില തൃപ്തികരമെങ്കിൽ നാളെ മൊഴിയെടുത്തേക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

കഴിഞ്ഞ തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ കൊലപാതകങ്ങൾ നടന്നത്. പിതൃമാതാവും അനിയനും കാമുകിയും പിതൃസഹോദരനും അവരുടെ ഭാര്യയും ഉൾപ്പെടെ അഞ്ച് പേരെയാണ് പ്രതി അഫാൻ ആറു മണിക്കൂറിനുള്ളിൽ കൊലപ്പെടുത്തിയത്. ആക്രമണത്തിനിരയായ മാതാവ് ഷമീനയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.  

കൊലക്ക് ശേഷം എലിവിഷം കഴിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതി അഫാൻ ഗവ. മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാണ്. 

Tags:    
News Summary - venjaramoodu mass murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.