തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ കൊല്ലപ്പെട്ട പിതൃസഹോദരൻ ലത്തീഫിന്‍റെ ചുള്ളാളത്തുള്ള വീട്ടിലെത്തിച്ച് തെളിവെടുക്കുന്നു. ലത്തീഫിനെയും ഭാര്യ സാജിത ബീവിയെയും കൊലപ്പെടുത്തിയ കേസിലാണ് തെളിവെടുപ്പ്. ചുള്ളാളത്തെ വീട്ടിലെ തെളിവെടുപ്പ് പൂര്‍ത്തിയായാല്‍ വീണ്ടും അഫാന്റെ പേരുമലയിലുള്ള വീട്ടിലെത്തിക്കും. കനത്ത സുരക്ഷയിലായിരിക്കും തെളിവെടുപ്പ്.
നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അഫാനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. പിതൃമാതാവായ സൽമാബീവിയെ കൊലപ്പെടുത്തിയ കേസിൽ നേരത്തെ തെളിവെടുത്തിരുന്നു.
80,000 രൂപ അഫാൻ ലത്തീഫിന് നല്‍കാനുണ്ടായിരുന്നു. അഫാന്റെ ആര്‍ഭാട ജീവിതം കൊണ്ടാണ് ഇത്രയധികം സാമ്പത്തിക ബാധ്യത ഉണ്ടായതെന്ന് ലത്തീഫ് കുറ്റപ്പെടുത്തി. ഇതില്‍ കുപിതനായാണ് ലത്തീഫിനെ കൊലപ്പെടുത്തിയതെന്നാണ് അഫാൻ വെളിപ്പെടുത്തിയത്.
വെഞ്ഞാറമൂട്, പാലോട് പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് കൊലപാതകങ്ങൾ നടന്നത്. ഇതിൽ നാല് കൊലപാതകങ്ങളും വെഞ്ഞാറമൂട് സ്റ്റേഷൻ പരിധിയിലാണ്. അഫാന്റെ മാതാവ്, സഹോദരൻ, പെൺസുഹൃത്ത്, പിതാവിന്റെ സഹോദരൻ, പിതൃസഹോദര ഭാര്യ എന്നിവരുടെ കൊലപാതകങ്ങളാണിവ. പേരുമലയിലെ വീട്ടിൽ വെച്ചാണ് കൊലപാതക ഉദ്ദേശ്യത്തോടെ മാതാവിനെ ക്രൂരമായി ആക്രമിക്കുകയും പെണ്‍ സുഹൃത്ത് ഫര്‍സാന, അനുജന്‍ അഫ്‌സാന്‍ എന്നിവരെ കൊലപ്പെടുത്തുകയും ചെയ്തത്.
ഫെബ്രുവരി 24നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വെഞ്ഞാറമൂട് പേരുമല സൽമാസിൽ അഫാൻ (23) മൂന്നു സ്ഥലങ്ങളിലായാണ് കൊലപാതകം നടത്തിയത്. സഹോദരൻ അഫ്‌സാൻ (13), ബാപ്പയുടെ സഹോദരൻ പുല്ലമ്പാറ എസ്‌എൻ പുരം ആലമുക്കിൽ ലത്തീഫ് (69), ഭാര്യ സജിതാ ബീവി(59), ബാപ്പയുടെ ഉമ്മ സൽമാബീവി (92), അഫാന്റെ സുഹൃത്ത് വെഞ്ഞാറമൂട് മുക്കുന്നൂർ സ്വദേശി ഫർസാന (19) എന്നിവരാണ് കൊല്ലപ്പെട്ടത്. അഫാന്റെ അമ്മ ഷെമിക്ക് (40) ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവർ ചികിത്സയിലാണ്.
കൊലപാതകങ്ങൾക്ക് പിന്നാലെ എലിവിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതോടെ അഫാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എട്ട് ദിവസത്തെ ആശുപത്രിവാസത്തിനൊടുവിലാണ് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. തുടർന്നാണ് പൊലീസ് കസ്റ്റഡിയിൽ തെളിവെടുപ്പിനായി വിട്ടത്.
സാമ്പത്തിക പ്രതിസന്ധി തന്നെയാണ് കൊലപാതകങ്ങൾക്ക് കാരണമെന്ന നിഗമനത്തിലാണ് പൊലീസ്. സാമ്പത്തികമായി സഹായിക്കാത്ത മറ്റൊരു അമ്മാവനോടും പകതോന്നി കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കിയെന്ന് അഫാൻ മൊഴി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.