വേനൽചൂട്: നഷ്ടം സംഭവിച്ച തോട്ടങ്ങൾക്ക് കേന്ദ്ര സർക്കാർ അടിയന്തിര നഷ്ടപരിഹാരം അനുവദിക്കണമെന്ന് പി.എൽ.സി

തിരുവനന്തപുരം: സംസ്ഥാനത്ത് അതികഠിനമായ വേനൽചൂടിലും വരൾച്ചയിലും വ്യാപകമായ കൃഷി നാശം സംഭവിച്ച തോട്ടം മേഖലക്ക് അടിയന്തിര സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് പ്ലാൻറേഷൻ ലേബർ കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ഐകകണ്ഠേന കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഉഷ്ണതരംഗ സമാനമായ ചൂടും വെയിലും കേരളത്തിലെ തോട്ടം മേഖലയിലെ ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്നും പകുതിയിലധികം തോട്ട വിളകളും പൂർണമായി നശിച്ചതോ കരിഞ്ഞുപോയതോ ആയ നിലയിലാണെന്നും അഡീ. ലേബർ കമീഷണർ കെ. ശ്രീലാലിന്റെ അധ്യക്ഷതയിൽ തൊഴിൽഭവനിൽ ചേർന്ന യോഗം വിലയിരുത്തി.

ഭീമമായ നഷ്ടമാണ് കർഷകർക്കും തൊഴിലുടമകൾക്കും ഇതിലൂടെ സംഭവിച്ചത്. പ്രതികൂല കാലാവസ്ഥ കാരണം തോട്ടം മേഖലയിലെ ഉത്പാദനം കുറയുകയും റബ്ബർ പോലുളള വിളകളുടെ വില വർദ്ധിക്കാത്തതും കർഷകരുടെ പ്രതിസന്ധി ഇരട്ടിയാക്കിയിട്ടും ഇതുവരെ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക സഹായം കർഷകർക്ക് ലഭ്യമാക്കാൻ കേന്ദ്ര ഏജൻസികളായ വിവിധ ബോർഡുകൾ തയാറായിട്ടില്ല.

പ്രതിസന്ധിയിലായ തോട്ടം മേഖലയിലെ കർഷകർക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്തിയില്ലെങ്കിൽ മേഖലയെ ആശ്രയിച്ച് കഴിയുന്ന ലക്ഷക്കണക്കിന് തൊഴിലാളികളുടെയും കർഷകരുടെയും ജീവിതം ദുരിതത്തിലാകുമെന്നും കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള സ്പൈസസ് ബോർഡ്, ടീ ബോർഡ്, കോഫി ബോർഡ്, റബ്ബർ ബോർഡ് എന്നീ സ്ഥാപനങ്ങൾ മേഖലയ്ക്ക് ഉണ്ടായിട്ടുള്ള നഷ്ടം നിജപ്പെടുത്തി അടിയന്തിരമായി നഷ്ടപരിഹാര പാക്കേജ് നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.

ചീഫ് ഇൻസ്പെക്ടർ ഒഫ് പ്ലാൻ്റേഷൻസ് എം.ജി സുരേഷ് കുമാർ, തൊഴിലാളി സംഘടന പ്രതിനിധികളായ വാഴൂർ സോമൻ, എം.എൽ.എ (എ.ഐ.റ്റി.യു.സി) പി.എസ്.രാജൻ, കെ. ഉണ്ണികൃഷ്ണൻ, എസ്. ജയമോഹൻ, പി.വി. സഹദേവൻ, ചെറിയാൻ.പി.എസ്, കെ. രാജേഷ് (സി.ഐ.റ്റി.യു ), പി.കെ മൂർത്തി, ഇളമണ്ണൂർ രവി,(എ.ഐ.റ്റി.യു.സി) എ.കെ.മണി, പി.ജെ. ജോയ്, പി.പി. അലി(ഐ.എൻ.റ്റി.യു.സി) എൻ.ബി. ശശിധരൻ,(ബി.എം.എസ്) ടി.ഹംസ (എസ്.റ്റി.യു) എന്നിവരും തൊഴിലുടമാ പ്രതിനിധികളായ അജിത്.ബി.കെ (സെക്രട്ടറി, എ.പി.കെ), പ്രിൻസ് തോമസ് ജോർജ് (ചെയർമാൻ, എ.പി.കെ), എസ്.ബി.പ്രഭാകർ (പാമ്പാടുംപാറ എസ്റ്റേറ്റ്) എന്നിവരും പങ്കെടുത്തു.

Tags:    
News Summary - Venalchudu: PLC wants central government to grant immediate compensation to plantations that have suffered losses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.