തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സി.പി.എം നേതാവ് പി. ജയരാജൻ. വെള്ളാപ്പള്ളി രണ്ടു തോണിയിൽ കാൽവെച്ച് മുന്നോട്ടു പോകുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് പി.ജയരാജൻ ആരോപിച്ചു. വെള്ളാപ്പള്ളി നവോത്ഥാനത്തിന് ഒപ്പം നിൽക്കുകയും മകനെ സംഘപരിവാറിന് ഒപ്പം നിർത്തുകയും ചെയ്യുന്നു. വെള്ളാപ്പള്ളിക്ക് ബഹുമുഖ വേഷമെന്നും പി.ജയരാജൻ പറഞ്ഞു.
വെള്ളാപ്പള്ളി എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറിയാണ്. കേരളത്തിൽ എൽ.ഡി.എഫ് സർക്കാർ രൂപീകരിച്ച നവോത്ഥാന സമിതിയുടെ നായക സ്ഥാനത്തും നിന്നു. എന്നാൽ മകനെ ബി.ഡി.എസിന്റെ ജനറൽ സെക്രട്ടറിയാക്കി. ബി.ഡി.എസ് സംഘപരിവാറിന്റെ കൂടയാണ്. അദ്ദേഹത്തിന്റെ ഭാര്യ പ്രീതി നടേശൻ ബി.ജെ.പി സ്ഥാനാർഥികളെ വെള്ളപൂശാൻ നടക്കുന്നുവെന്നും ജയരാജൻ പറഞ്ഞു.
തിരുവനന്തപുരത്ത് പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുസ്തക പ്രകാശനത്തിന് ശേഷം ഇതു സംബന്ധിച്ച് ഉയർന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയിട്ടും, നിരന്തരം വർഗീയ വിദ്വേഷ പ്രസ്താവന നടത്തിയ വെള്ളാപ്പള്ളി നടേശനെതിരെ പ്രതികരിക്കാൻ സി.പി.എം സംസ്ഥാന നേതൃത്വം മടിച്ചുനിൽക്കുമ്പോഴാണ് പി.ജയരാജൻ തുറന്നടിച്ചത്. വിദ്വേഷം പരത്താൻ ശ്രമിച്ച വെള്ളാപ്പള്ളിയെ തള്ളിപ്പറയാൻ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനും സി.പി.എമ്മും തയ്യാറാകാത്തത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് വ്യാപക ആക്ഷേപം ഉയർന്നിരുന്നു. എന്നിട്ടും വെള്ളാപ്പള്ളിയെ തള്ളാൻ സംസ്ഥാന നേതൃത്വം തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പി.ജയരാജൻ വെള്ളാപ്പള്ളിക്കെതിരെ തുറന്നടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.