ഈരാറ്റുപേട്ടയിൽ കനത്ത നാശനഷ്ടം: പി.സി. ജോർജിന്റെ വീട്ടിലും കടയിലും വെള്ളം കയറി; 40 വർഷത്തിനിടെ ആദ്യമെന്ന്

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിലുണ്ടായ ശക്തമായ പ്രളയത്തിൽ മുൻ എം.എൽ.എ പി.സി. ജോർജിന്റെ വീടും വെള്ളത്തിനടിയിലായി. പുലർച്ചെയുണ്ടായ മലവെള്ളപ്പാച്ചിലിൽ വീടിനുള്ളിൽ മൂന്നര അടിയോളം വെള്ള കയറിയതായും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായും പി.സി. ജോർജ് പറഞ്ഞു.

കഴിഞ്ഞ 40 വർഷത്തിനിടയിൽ ആദ്യമായാണ് തന്റെ പ്ലാന്തോട്ടം വീട്ടിൽ വെള്ളം കയറുന്നതെന്ന് പി.സി. ജോർജ് വ്യക്തമാക്കി. പുലർച്ചെ രണ്ട് മണിയോടെ അയൽവാസി വിളിച്ചുണർത്തുമ്പോഴാണ് മുറ്റത്ത് വെള്ളം നിറഞ്ഞ വിവരം അറിയുന്നത്. മിനിറ്റുകൾക്കുള്ളിൽ വീടിനുള്ളിലേക്ക് വെള്ളം ഇരച്ചുകയറി. പി.സി. ജോർജും ഭാര്യയും ചെറിയ മകനും മാത്രമാണ് ആ സമയം വീട്ടിലുണ്ടായിരുന്നത്. ഉറക്കത്തിലായിരുന്ന ഇവർ വേഗം മുകൾ നിലയിലേക്ക് മാറി രക്ഷപ്പെടുകയായിരുന്നു.

വീടിനുള്ളിലെ ഫർണിച്ചറുകൾ, രണ്ട് ഫ്രിഡ്ജുകൾ, ടിവി എന്നിവ പൂർണമായും നശിച്ചു. വീട്ടിൽ മാത്രം പത്ത് ലക്ഷം രൂപയിലധികം നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. മുറ്റത്തുണ്ടായിരുന്ന രണ്ട് ഇന്നോവ കാറുകളിലും ഒരു മാരുതി കാറിലും വെള്ളം കയറി നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

‘40 കൊല്ലമായി ഞാൻ ഇവിടെ താമസിക്കാൻ തുടങ്ങിയിട്ട്. ഇതുപോലൊരു അവസ്ഥ ഇന്നു​വരെ ഉണ്ടായിട്ടില്ല. ഇങ്ങനെ വെള്ളം കയറുന്നത് ആദ്യമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.

പി.സി. ജോർജിന്റെ ഭാര്യ നടത്തിവന്നിരുന്ന തുണിക്കടയും തയ്യൽ കടയും വെള്ളപ്പൊക്കത്തിൽ പൂർണമായും നശിച്ചു. വിൽപ്പനക്കായി വെച്ചിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന ഹൈ ക്വാളിറ്റി സാരികളും വസ്ത്രങ്ങളും നശിച്ചതിലൂടെ 30 ലക്ഷത്തിലധികം രൂപയുടെ നഷ്ടം അവിടെ മാത്രം സംഭവിച്ചതായി അദ്ദേഹം പറഞ്ഞു.

തന്റെ നഷ്ടത്തേക്കാൾ വലുതാണ് ഈരാറ്റുപേട്ട നഗരത്തിലെ കോടികളുടെ നഷ്ടമെന്ന് പി.സി. ജോർജ് ഓർമിപ്പിച്ചു. നഗരത്തിലെ പ്രധാന ഹോട്ടലുകളും പച്ചക്കറി കടകളും ഉൾപ്പെടെ വെള്ളത്തിലായി. ഓണക്കാലം മുന്നിൽക്കണ്ട് വ്യാപാരികൾ സംഭരിച്ചുവെച്ച സാധനങ്ങളെല്ലാം നഷ്ടപ്പെട്ടു. എല്ലാം നഷ്ടപ്പെട്ട ജനങ്ങളെ സഹായിക്കാൻ എല്ലാവരും ഒത്തൊരുമിച്ച് മുന്നിട്ടിറങ്ങണമെന്നും തന്നാലാകുന്ന എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - പി.സി. ജോർജിന്റെ വീട്ടിൽ വെള്ളം കയറി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.