പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ ഞായറാഴ്ച രാത്രിയും മിന്നൽ പ്രളയത്തിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ കനത്ത ജാഗ്രത പാലിക്കണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് പ്രകാരം പമ്പാ നദിയിൽ അതിതീവ്ര വെള്ളപ്പൊക്കത്തിനുള്ള സാധ്യതയാണുള്ളത്. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുമെന്നും, ഒരു രാത്രി കൂടി ജനങ്ങൾ സർക്കാർ സംവിധാനങ്ങളോട് പൂർണ്ണമായി സഹകരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.
നിലവിൽ ജില്ലയിൽ 95 ദുരിതാശ്വാസ ക്യാമ്പുകളിലായി 1076 കുടുംബങ്ങളിലെ 3568 പേരാണ് കഴിയുന്നത്. ദുരിതബാധിതർക്കുള്ള നഷ്ടപരിഹാരം അടുത്ത മന്ത്രിസഭാ യോഗത്തിൽ പ്രഖ്യാപിക്കും. ഇതിന് പുറമെ, വെള്ളമിറങ്ങിയ വാർഡുകളിലെ ശുചീകരണ പ്രവർത്തനങ്ങൾക്കായി 25,000 രൂപ വീതം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മഴ അവധി പ്രഖ്യാപിച്ച ദിവസങ്ങളിൽ ഒരു കാരണവശാലും ട്യൂഷൻ സെന്ററുകൾ പ്രവർത്തിക്കാൻ പാടില്ലെന്നും, ഇത് ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കർശന നടപടിയെടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. കുട്ടികളുടെ സുരക്ഷയെ കരുതിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മൂഴിയാർ ഡാം മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടതുവഴിയുണ്ടായ 'സർക്കാർ സ്പോൺസേർഡ്' പ്രളയമാണ് പത്തനംതിട്ടയിലുണ്ടായതെന്ന ആരോപണങ്ങളെ മന്ത്രി തള്ളി. 2022-ലെ ഓറഞ്ച് ബുക്ക് പ്രകാരം റൂൾ കര്‍വ് ബാധകമല്ലാത്ത ഡാമാണ് മൂഴിയാർ. അസാധാരണമായി മഴ പെയ്ത് ഡാം പെട്ടെന്ന് നിറഞ്ഞ സാഹചര്യത്തിൽ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് കെ.എസ്.ഇ.ബി ജില്ലാ കലക്ടറെ വിവരമറിയിക്കുകയും അനുമതി വാങ്ങുകയും ചെയ്തിരുന്നു. അന്ന് രാത്രി 9:49-ന് തന്നെ പത്രക്കുറിപ്പിലൂടെ ഇക്കാര്യം ജനങ്ങളെ അറിയിച്ചതുമാണ്. ജൂലൈ 31-ന് വടശ്ശേരിക്കരയിലും (340 മി.മീ) ആങ്ങാമുഴിയിലും (328 മി.മീ) അത്യധികമായ മഴയാണ് ലഭിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മണിയാർ ഡാമിന് അടയ്ക്കാൻ ഗേറ്റുകൾ പോലുമില്ലെന്നും, കഴിഞ്ഞ രണ്ടര വർഷമായി അത് തുറന്നിട്ടിരിക്കുകയാണെന്നും പറഞ്ഞ മന്ത്രി ഇത് മുൻ സർക്കാരിന്റെ വീഴ്ചയാണെന്നും വിമർശിച്ചു. പ്രളയസാഹചര്യം മാറിയാലുടൻ തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിച്ച് ഡാമിന്റെ പണികൾ അടിയന്തരമായി പൂർത്തിയാക്കും. നദികളിലെ മണൽ നീക്കം ചെയ്യുന്നത് സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും അതിന് പരിസ്ഥിതി വകുപ്പിന്റെ അനുമതി ഉൾപ്പെടെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുരന്തമുഖത്ത് കോൺഗ്രസുകാരെ മാത്രം ഉൾപ്പെടുത്തി അവലോകന യോഗം നടത്തിയെന്ന മുൻ എം.എൽ.എ രാജു ഏബ്രഹാമിന്റെ ആരോപണം സങ്കടകരമാണെന്ന് മന്ത്രി പറഞ്ഞു. കലക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് യോഗങ്ങൾ ചേർന്നത്. റവന്യൂ ഉദ്യോഗസ്ഥരും തദ്ദേശ സ്ഥാപന പ്രതിനിധികളും ജനപ്രതിനിധികളും ഒത്തൊരുമിച്ചാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ രാഷ്ട്രീയ വേർതിരിവ് കാണിക്കാതെ എല്ലാവരും ഒന്നിച്ചുനിൽക്കണമെന്നും പി.സി. വിഷ്ണുനാഥ് അഭ്യർഥിച്ചു. ക്യാമ്പുകളിൽ സഹായമെത്തിക്കുന്ന സന്നദ്ധ സംഘടനകൾക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.