1.94 ലക്ഷം രൂപ കൊടുത്ത് ക്ലാസിക് 350 വാങ്ങി, തീർത്താൽ തീരാത്ത തകരാർ; നിയമ പോരാട്ടത്തിനൊടുവിൽ നിലമ്പൂർ സ്വദേശിക്ക് 2.54 ലക്ഷം രൂപ നഷ്ടപരിഹാരം

മലപ്പുറം: വാഹനത്തിന്റെ നിർമാണ തകരാർ മൂലം ബുദ്ധിമുട്ടിയ നിലമ്പൂർ സ്വദേശിക്ക് 2,54,000 രൂപ വാഹന നിർമാതാവ് നഷ്ടപരിഹാരം നൽകണമെന്ന് മലപ്പുറം ജില്ല ഉപഭോക്‌തൃ കമീഷൻ വിധിച്ചു. നിലമ്പൂർ സ്വദേശി എൻ. അരുൺ നൽകിയ പരാതിയിലാണ് വാഹനനിർമാതാവായ റോയൽ എൻഫീൽഡ് കമ്പനിയോട് 2,54,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചത്.

2021ലാണ് അരുൺ 350 സി.സി ക്ലാസിക് ബുള്ളറ്റ് വാങ്ങിയത്. എന്നാൽ, വാഹനത്തിന്റെ ഇലക്ട്രിക് ഉപകരണങ്ങൾക്ക് തുടർച്ചയായി കേടുപാട് സംഭവിച്ചതോടെ സ്ഥിരമായി ഉപയോഗിക്കാൻ സാധിക്കാത്ത സ്ഥിതിയായിരുന്നു. വാഹനത്തിന്റെ വയറിങ് ഹാർനെസ്, സ്പാർക്ക് പ്ലഗുകൾ എന്നിവ വാഹനമെടുത്ത് മാസങ്ങൾക്കകം തന്നെ മാറ്റേണ്ടി വന്നതിനാലും വാഹനത്തിന് നിരന്തരം ഷോർട് സർക്യൂട്ടുകൾ വന്നതിനാലുമാണ് അരുൺ ഉപഭോക്‌തൃ കമീഷനെ സമീപിച്ചത്.

എന്നാൽ, വാഹനത്തിന് വരുന്ന അറ്റകുറ്റപ്പണികൾ നിർമാണത്തകരാറല്ലെന്നും വാഹനത്തിന്റെ സ്വാഭാവിക ഉപയോഗത്തിനിടെ സംഭവിക്കുന്നതാണെന്നും വാഹനം 26000 കിലോമീറ്ററിലേറെ ഓടിയത് കാരണം നിർമാണത്തകരാറുണ്ടെന്ന് പറയാൻ സാധിക്കില്ലെന്നുമായിരുന്നു കമ്പനിയുടെ വാദം. എന്നാൽ, കേടായ വാഹനം പരാതിക്കാരൻ നിർബന്ധിത സാഹചര്യങ്ങളിൽ ഓടിച്ചത് ശരിയായ ഉപയോഗമാണെന്ന് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് കമീഷൻ സ്വീകരിച്ചത്.

പരാതിക്കാരൻ ബുള്ളറ്റിന് നൽകിയ 1,94,000 രൂപയും പരാതിക്കാരൻ അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകൾക്ക് 50,000 രൂപയും കോടതി ചെലവുകൾക്കായി 10,000 രൂപയും ഒരു മാസത്തിനകം നൽകാൻ കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമീഷൻ ഉത്തരവിട്ടു. കാലതാമസം വന്നാൽ ഒമ്പത് ശതമാനം പലിശയും നൽകണം. പരാതിക്കാരന് വേണ്ടി അഡ്വ. മുഹമ്മദ് യാസീൻ, അഡ്വ. ഉൽസ കെ. നായർ എന്നിവർ ഹാജരായി.

Tags:    
News Summary - Vehicle manufacturing defect: Nilambur native gets Rs. 2,54,000 in compensation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.