ശൈലജ ടീച്ചർ, പി കെ ശ്രീമതി, വീണാ ജോർജ്

മരുന്നു കമ്പനികളുമായി കെ. മുരളീധരന്റെ ബന്ധം അന്വേഷിക്കണം -മുൻ ആരോ​ഗ്യമന്ത്രിമാർ

തിരുവനന്തപുരം: ആരോ​ഗ്യമന്ത്രി കെ. മുരളീധരനെതിരെ വിമർശനവുമായി മുൻ ആരോ​ഗ്യമന്ത്രിമാരായ വീണാ ജോർജും ശൈലജ ടീച്ചറും പി.കെ ശ്രീമതിയും. ആരോ​ഗ്യവകുപ്പ് കെ. മുരളീധരന്റെ കൈകളിലായതോടെ വകുപ്പിൽ തുടർച്ചയായി പ്രശ്നങ്ങളാണെന്ന് ഇവർ സംയുക്ത വാർത്താസമ്മേളനത്തിൽ ആരോപിച്ചു. മരുന്നു കമ്പനികളുമായുള്ള കെ. മുരളീധരന്റെ ബന്ധം അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

‘എസ്എംഎ മരുന്ന് രക്ഷിതാക്കളെ ബോധ്യപ്പെടുത്തി ആശങ്ക അകറ്റണം. കുട്ടികളിൽ ക്ലിനിക്കൽ ട്രയലിനുള്ള മരുന്ന് എങ്ങനെ പ്രയോഗിച്ചു എന്ന് വ്യക്തമാക്കണം. ആശുപത്രികളെ വൻകിട മുതലാളിമാർ ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്. പൊതുജനാരോഗ്യം നിലനിന്നില്ലെങ്കിൽ സാധാരണക്കാർ ചികിത്സാ ചെലവ് താങ്ങാൻ ആകാതെ ബുദ്ധിമുട്ടും.

എസ്എംഎ ബാധിച്ച കുട്ടികളെ സർക്കാർ പരീക്ഷണ വസ്തുവാക്കി. ഇതാണ് രക്ഷിതാക്കൾക്ക് ആശങ്ക ഉണ്ടാക്കാൻ കാരണമായത്. സുതാര്യമല്ലാതെയാണ് ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചത്.

കെ. മുരളീധരൻ ആരോഗ്യവകുപ്പ് ചോദിച്ചു വാങ്ങിയതാണ്. നിസാരം എന്നാണ് മുരളീധരൻ പറഞ്ഞത്, എന്നാൽ, അദ്ദേഹം വന്ന് കഴിഞ്ഞ മുതൽ വകുപ്പിൽ പ്രശ്നങ്ങൾ തുടങ്ങി. വിമർശനം ഉണ്ടാകാത്ത വകുപ്പ് അല്ല ആരോഗ്യ വകുപ്പ്. വിമർശനങ്ങളെ പരിഹാസത്തോടെ തങ്ങൾ ആരും കണ്ടിട്ടില്ല. മാധ്യമങ്ങൾ ഇപ്പോൾ ആരോഗ്യ വകുപ്പിന് എതിരെ ഉയർത്തുന്ന വിമർശനം വസ്തുതാപരമാണ്. നീതിബോധം ഇല്ലാതെ കാര്യങ്ങൾ കൈകാര്യം ചെയ്യുകയാണ് ആരോ​ഗ്യ വകുപ്പ് മന്ത്രി’ -ഇവർ മാധ്യമങ്ങളോട് പറഞ്ഞു.

മൂന്ന് തവണ ആരോഗ്യ മന്ത്രിമാരായി 5 വർഷം പൂർത്തിയാക്കിയവരാണ് തങ്ങളെന്നും ഏവർക്കും അഭിമാനിക്കാൻ കഴിയുന്ന വിധത്തിലുള്ള നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ച കാലഘട്ടമായിരുന്നു കഴിഞ്ഞ പത്ത് വർഷക്കാലമെന്നും ഇവർ അവകാശ​​​പ്പെട്ടു. ഈ കാലം കൊണ്ട് ആശുപത്രികളുടെ പരിതസ്ഥിതിയാകെ മാറിയെന്നും ഇതോടെ ലോകത്താകമാനം പ്രശംസ പിടിച്ചുപറ്റാൻ കേരളത്തിന്റെ ആരോ​ഗ്യ മേഖലയ്ക്ക് സാധിച്ചെന്നും മുൻമന്ത്രിമാർ പറഞ്ഞു.

തങ്ങൾ മന്ത്രിമാരായിരുന്ന ഘട്ടത്തിൽ പരാതികൾ ഉണ്ടായിട്ടുണ്ടാകാം, പക്ഷേ ഇത്തരം നടപടികൾ ഉണ്ടായിട്ടില്ല. മന്ത്രി മുരളീധരൻ നല്ല വാക് സാമർത്ഥ്യം ഉള്ളയാളാണെന്നും എന്നാൽ, വായക്ക് തോന്നിയത് കോതയ്ക്ക് പാട്ട് എന്ന രീതിയിൽ മന്ത്രി പറയരുതെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Former health ministers Veena George, Shailaja Teacher and PK Sreemathy demand probe into K Muraleedharan's links with pharma companies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.