തൊഴില്‍ മേഖലയിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുക സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയ്‌ക്കൊപ്പം തന്നെ തൊഴില്‍ മേഖലയിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വീണ ജോര്‍ജ്. കേരള വനിതാ കമീഷന്റെ ആഭിമുഖ്യത്തില്‍ തിരുവന ന്തപുരം ജവഹര്‍ ബാലഭവനില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാണുന്ന സ്ത്രീപ്രതിനിധ്യം തൊഴില്‍ മേഖലകളിലേക്കും പരിവര്‍ത്തനം ചെയ്യപ്പെടണം. ഉന്നത വിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികള്‍ തൊഴില്‍ മേഖലകളിലേക്ക് എത്തിച്ചേരുന്നില്ല എന്നത് വലിയ വെല്ലുവിളിയാണ്. ഇത്തരത്തില്‍ ജീവിതത്തില്‍ ഏതെങ്കിലും ദിശയില്‍ കരിയര്‍ നഷ്ടപ്പെട്ടു പോയ സ്ത്രീകളെ തൊഴിലിടങ്ങളിലേക്ക് തിരിച്ചുകൊണ്ടു വരാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തി വരുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ബാക്ക് ടു വര്‍ക്ക് പദ്ധതി, ക്രഷ്, നൈപുണ്യ പരിപാടികള്‍ എന്നിവ ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നതെന്നും മന്ത്രി പറഞ്ഞു.

ഐക്യ രാഷ്ട്രസഭയുടെ ഈ വര്‍ഷത്തെ വനിതാ ദിനത്തിന്റെ സന്ദേശം സ്ത്രീകളില്‍ നിക്ഷേപിക്കുക: പുരോഗതി ത്വരിതപ്പെടുത്തുക എന്നതാണ്. നവോത്ഥാന കാലഘട്ടത്തില്‍ തുടങ്ങി സ്ത്രീകളുടെ സാമൂഹികമായിട്ടുള്ള പുരോഗമനത്തിനും വിദ്യാഭ്യാസത്തിനും വലിയ പ്രാധാന്യം നല്‍കി പ്രവര്‍ത്തിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ പൊതു സമൂഹം ഇന്ന് പല മേഖലകളിലും നേട്ടങ്ങള്‍ കൈവരിച്ച് മുന്നോട്ടുപോകുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ചടങ്ങില്‍ കേരള വനിതാ കമീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി അധ്യക്ഷത വഹിച്ചു. വിപ്ലവ ഗായിക പി.കെ. മേദിനിയെ പൊന്നാടയണിയിച്ച് ഫലകവും കാഷ് അവാര്‍ഡും നല്‍കി മന്ത്രി ആദരിച്ചു. ഗോത്ര വിഭാഗത്തില്‍പ്പെടുന്നവര്‍ മാത്രം അഭിനയിച്ച ലോകത്തിലെ ആദ്യ സിനിമ ധബാരി ക്യുരുവിയിലെ നായിക മീനാക്ഷി, വനിതകളുടെ നേതൃത്വത്തില്‍ രൂപകല്പന ചെയ്ത രാജ്യത്തെ ആദ്യ ഉപഗ്രഹം (വീ സാറ്റ്) വികസിപ്പിച്ച തിരുവനന്തപുരം എല്‍.ബി.എസ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോര്‍ വിമണ്‍ ടീം അംഗങ്ങളായ വിദ്യാര്‍ഥിനികള്‍, അധ്യാപകരായ ഡോ. ലിസി അബ്രഹാം, ഡോ. ആര്‍. രശ്മി, ഡോ. എം.ഡി. സുമിത്ര, തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രസാധനരംഗത്തെ പെണ്‍കൂട്ടായ്മ സമതയുടെ സാരഥികളായ മാനേജിങ് ട്രസ്റ്റി പ്രഫ. ടി.എ. ഉഷാകുമാരി, ചെയര്‍പേഴ്‌സണ്‍ അജിത ടി.ജി, മലയാളത്തിലെ ആദ്യ ട്രാന്‍സ് വുമണ്‍ കവയിത്രി വിജയരാജ മല്ലിക, ഡ്രൈവിംഗ് ലൈസന്‍സ് നേടിയ ഇരു കൈകളുമില്ലാതെ വാഹനം ഓടിക്കുന്ന ആദ്യ ഏഷ്യക്കാരിയായ ജിലുമോള്‍, തിരുനെല്ലിയിലെ കിഴങ്ങ് വൈവിധ്യ സംരക്ഷണ കേന്ദ്രം നൂറാങ്ക് നടത്തുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന കുടുംബശ്രീ വനിതകളായ ലക്ഷ്മി, സുനിത, ശരണ്യ, ശാന്ത മനോഹരന്‍, ശാന്ത നാരായണന്‍, റാണി, സരസു, കമല, ബിന്ദു, ശാരദ എന്നിവരെയും മന്ത്രി ആദരിച്ചു.

മികച്ച ജാഗ്രതാ സമിതിക്കുള്ള പുരസ്‌കാരങ്ങള്‍ കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത്, കൊയിലാണ്ടി നഗരസഭ, മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിനു വേണ്ടി വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂരും പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. ശകുന്തളയും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് പുരസ്‌കാരം സ്വീകരിച്ചു. കൊയിലാണ്ടി നഗരസഭയ്ക്കു വേണ്ടി ചെയര്‍പേഴ്‌സണ്‍ കെ.പി. സുധയും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് പുരസ്‌കാരം സ്വീകരിച്ചു. മംഗലപുരം ഗ്രാമപഞ്ചായത്തിനു വേണ്ടി പ്രസിഡന്റ് സുമ ഇടവിളാകവും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് പുരസ്‌കാരം സ്വീകരിച്ചു. വനിതാ കമീഷന്റെ മാധ്യമ പുരസ്‌കാര വിതരണവും മന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു.

Tags:    
News Summary - Veena George said that the aim of the state government is to ensure women's participation in the labor sector as well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.