കേന്ദ്ര വിഹിതം അനുവദിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രിയോട് വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിന് അര്‍ഹമായ കേന്ദ്ര വിഹിതമായ എൻ.എച്ച്.എം ഫണ്ട് അനുവദിക്കണമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയോട് മന്ത്രി വീണ ജോര്‍ജ്. കേന്ദ്രം നിര്‍ദേശിച്ച പ്രകാരമുള്ള കോ ബ്രാന്റിങ് നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നിട്ടും ഫണ്ട് തടഞ്ഞ് വച്ചിരിക്കുന്നത് എന്‍.എച്ച്.എമ്മിന്റെ പല പ്രവര്‍ത്തനങ്ങളേയും ബാധിക്കുന്നുണ്ട്.

കഴിഞ്ഞ മാസം പോലും സംസ്ഥാന ഫണ്ട് മാത്രം ഉപയോഗിച്ചാണ് ജിവനക്കാരുടെ ശമ്പളം ഉള്‍പ്പെടെയുള്ള അടിയന്തര സേവനങ്ങള്‍ ലഭ്യമാക്കിയത്. അതിനാല്‍ എത്രയും വേഗം ഫണ്ട് ലഭ്യമാക്കണമെന്നും മന്ത്രി അഭ്യർഥിച്ചു. കോവിഡ് അവലോകന യോഗത്തിലാണ് വീണ ജോര്‍ജ് കേന്ദ്ര ആരോഗ്യ മന്ത്രിയോട് ഇക്കാര്യം അഭ്യർഥിച്ചത്.

എൻ.എച്ച്.എം ഫണ്ടായി കേന്ദ്രം അനുവദിക്കേണ്ടത് 826.02 കോടിയാണ്. സംസ്ഥാനം 550.68 കോടിയും. എൻ.എച്ച്.എം പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിക്കുന്ന 409.05 കോടി രൂപയില്‍ ക്യാഷ് ഗ്രാന്റായി 371.20 കോടി രൂപയാണ് ധനകാര്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ളത്. ഈ തുക 4 ഗഡുക്കളായാണ് (25 ശതമാനം വീതം) അനുവദിക്കുന്നത്. ഒരു ഗഡു 92.80 കോടി രൂപയാണ്.

മൂന്ന് ഗഡുക്കള്‍ അനുവദിക്കേണ്ട സമയം ഇതിനകം കഴിഞ്ഞുവെങ്കിലും ഒരു ഗഡു പോലും അനുവദിച്ചിട്ടില്ല. അതായത് 278.4 കോടി രൂപ കേന്ദ്രം കുടിശികയായി തരാനുണ്ട്. അതേസമയം സംസ്ഥാന വിഹിതം മുടക്കമില്ലാതെ ലഭ്യമാക്കിയിട്ടുണ്ട്. കേന്ദ്ര വിഹിതം ലഭിക്കാത്തതിനാല്‍ ഇപ്പോള്‍ കേരളത്തിന്റെ സംസ്ഥാന വിഹിതമുപയോഗിച്ചാണ് എന്‍.എച്ച്.എം. പദ്ധതികള്‍ മുന്നോട്ട് പോകുന്നത്.

കേന്ദ്ര ഫണ്ട് ലഭിക്കാത്തത് മൂലം ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ്, സൗജന്യ പരിശോധനകള്‍, സൗജന്യ ചികിത്സകള്‍, എൻ.എച്ച്.എം മുഖേന നിയമിക്കപ്പെട്ട ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം, ബയോമെഡിക്കല്‍ മാനേജ്‌മെന്റ്, കനിവ് 108 ആംബുലന്‍സ് തുടങ്ങിയയെല്ലാം സംസ്ഥാന വിഹിതം ഉപയോഗിച്ചാണ് നടത്തുന്നത്. ഇതുകൂടാതെ ബേണ്‍സ് യൂനിറ്റുകള്‍, സ്‌കില്‍ സെന്റര്‍, ട്രോമകെയര്‍, മാനസികാരോഗ്യ പരിപാടി, മള്‍ട്ടി ഡിസിപ്ലിനറി റിസര്‍ച്ച് യൂനിറ്റ്, ഫാര്‍മസി അപ്ഗ്രഡേഷന്‍, ടെറിഷ്യറി കാന്‍സര്‍ കെയര്‍ സെന്റ്ര്‍, പാരമെഡിക്കല്‍ എഡ്യൂക്കേഷന്‍ എന്നീ വിഭാഗങ്ങളിലായി 30 കോടിയോളം രൂപ കുടിശികയുണ്ട്.

Tags:    
News Summary - Veena George asked the Union Health Minister to allow the central share

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.