വേടനെതിരെ പുലിപ്പല്ല് കേസെടുത്ത കോടനാട് റേഞ്ച് ഓഫിസർക്ക് സ്ഥലംമാറ്റം; അന്വേഷണ വിവരങ്ങൾ വെളിപ്പെടുത്തിയതിനാണ് നടപടി

തിരുവനന്തപുരം: റാപ്പർ വേടനെതിരെ പുലിപ്പല്ല് കേസെടുത്ത കോടനാട് റേഞ്ച് ഓഫിസർക്ക് സ്ഥലംമാറ്റം. അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതിനാണ് റേഞ്ച് ഓഫിസര്‍ അധീഷീനെ‍ മലയാറ്റൂര്‍ ഡിവിഷന് പുറത്തേക്ക് സ്ഥലം മാറ്റിയത്.

വേടന് ശ്രീലങ്കന്‍ ബന്ധം ഉണ്ടെന്ന സ്ഥിരീകരിക്കാത്ത വിവരങ്ങൾ അന്വേഷണത്തിനിടെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് ശരിയായ അന്വേഷണ രീതി അല്ലെന്ന് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പ്രഥമദൃഷ്ട്യാ സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമായി കണ്ടാണ് നടപടി. വിശദമായ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.

നേരത്തെ, വേടനെതിരെ കേസെടുത്തതിനെ ന്യായീകരിച്ചും കുറ്റപ്പെടുത്തിയുമാണ് വനംവകുപ്പ് മേധാവി റിപ്പോർട്ട് നൽകിയത്. വേടനെതിരെ വനംവകുപ്പ് സ്വീകരിച്ച നടപടികളിൽ തെറ്റില്ല. എന്നാൽ, ശ്രീലങ്കന്‍ ബന്ധം ആരോപിച്ചതും മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറിയതിലും ഗുരുതര വീഴ്ച ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

പുലിപ്പല്ല് കൈവശം വെച്ചു എന്ന പരാതിയില്‍ വേടനെതിരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിയമപ്രകാരമുള്ള നടപടികളാണ് സ്വീകരിച്ചതെന്ന് വനം മേധാവിയുടെ റിപ്പോര്‍ട്ട് പറയുന്നത്. ഷെഡ്യൂള്‍ ഒന്നു പ്രകാരം അതീവ സംരക്ഷിത വന്യജീവിയാണ് പുലി. അതിന്‍റെ ശരീരഭാഗങ്ങള്‍ കൈവശംവെച്ചു എന്ന് പ്രാഥമികമായി തെളിഞ്ഞാല്‍ കേസെടുക്കണമെന്നാണ് നിയമം. അതനുസരിച്ചാണ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചത്.

വനം ഫ്ലൈയിങ് സ്ക്വാഡ്, കണ്‍ട്രോള്‍റൂം എന്നിവിടങ്ങളിലും പൊലീസിനും പുലിപ്പല്ല് സംബന്ധിച്ച പരാതി ലഭിച്ചിരുന്നു. പരിശോധനയില്‍ പുലിപ്പല്ല് കണ്ടെത്തുകയും ചെയ്തു. ഇനി പുലിപ്പല്ലാണോ എന്ന് ശാസ്ത്രീയ പരിശോധനക്ക് വിടേണ്ടത് കോടതിയാണ്. ഇക്കാര്യങ്ങളും വനം മേധാവി വിശദീകരിച്ചിട്ടുണ്ട്. പക്ഷേ, ശ്രീലങ്കന്‍ ബന്ധം ആരോപിച്ചതും പുലിപ്പല്ല് കൈമാറിയ വ്യക്തിയെ കുറിച്ച് മാധ്യമങ്ങളോട് വനം ഉദ്യോഗസ്ഥര്‍ വിശദീകരിച്ചതും ശരിയായില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. തീര്‍ത്തും അനുചിതമാണ് ഈ നടപടികളെന്ന വിമര്‍ശനമാണ് വനം മേധാവി രാജേഷ് രവീന്ദ്രന്‍റെ റിപ്പോര്‍ട്ടിലുള്ളത്.

പൊതു ജനാഭിപ്രായം തീർത്തും എതിരായതോടെയാണ് വനം മന്ത്രി എ.കെ. ശശീന്ദ്രൻ റിപ്പോർട്ട് തേടിയത്. അറസ്റ്റിനും തുടർന്ന് വിഷയം ചാനലുകൾക്കു മുന്നിൽ കൊണ്ടു വരുന്നതിലും വനം വകുപ്പ് ഉദ്യോഗസ്ഥർ അനാവശ്യ തിടുക്കം കാണിച്ചതായാണ് നിഗമനം. അറസ്റ്റിൽ രൂക്ഷവിമർശനമുയർന്നതോടെ വനംവകുപ്പ് പ്രതിരോധത്തിലായിരുന്നു. കോടനാട് വനം വകുപ്പ് ഓഫിസാണ് വിഷയത്തിൽ പ്രതിക്കൂട്ടിലായത്. കഞ്ചാവ് കേസിൽ എക്സൈസ് സ്വീകരിച്ച നിയമാനുസൃത നടപടികൾക്കു പുറമെ വനം വകുപ്പ് കൈക്കൊണ്ട നടപടികൾ സാമൂഹിക മാധ്യമങ്ങളിലടക്കം വൻ പ്രതിഷേധത്തിനും വഴിവെച്ചിരുന്നു.

കഞ്ചാവ് കേസിൽ വേടൻ അറസ്റ്റിലായി നിയമ നടപടികൾ സാധാരണ രീതിയിൽ പോകുന്നതിനിടെയാണ് കഴുത്തിലണിഞ്ഞത് പുലിപ്പല്ലാണെന്ന തീർപ്പിലെത്തിയ വനം വകുപ്പ് കേസെടുത്തത്. അതിനിടെ വേടന്റെ മാതാവ് ശ്രീലങ്കൻ വേരുകളുള്ള അഭയാർഥിയാണെന്ന രീതിയിലുള്ള റിപ്പോർട്ടുകളും പുറത്തു വന്നു. സമാന സ്വഭാവമുള്ള കേസുകളിൽ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്ന വനം വകുപ്പിന്റെ നടപടിയും വ്യാപകമായി വിമർശിക്കപ്പെട്ടു. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് വേടന് ജാമ്യം അനുവദിച്ചത്.

Tags:    
News Summary - Vedan Case: Kodanad range officer transferred for revealing investigation details

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.