??.???. ????????

സി.പി.എമ്മി​െൻറ വിജിലൻസ് അന്വേഷണം സ്വാഗതം ചെയ്യുന്നു -വി.ഡി. സതീശന്‍ എം.എല്‍.എ

പറവൂർ: സി.പി.എമ്മി​െൻറ വിജിലൻസ് അന്വേഷണ ആവശ്യത്തെ സ്വാഗതം ചെയ്യുന്നതായി വി.ഡി. സതീശന്‍ എം.എല്‍.എ. 2018 ലെ മഹാപ്രളയത്തിന് ശേഷം ആരംഭിച്ച പുനർജനി പദ്ധതി, എം.എൽ.എയുടെ വിദേശയാത്രകൾ എന്നിവയിൽ വിജിലൻസ് അന്വേഷണം വേണമെന്ന സി.പി.എം പറവൂർ, ആലങ്ങാട് ഏരിയ സെക്രട്ടറിമാരുടെ ആവശ്യത്തോട്​ വാർത്ത സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

പ്രളയത്തിൽ എല്ലാം തകർന്ന ജനങ്ങളുടെ പ്രത്യാശയായ പുനര്‍ജനി പദ്ധതിയുടെ ജനപ്രീതി തകര്‍ക്കാനും പ്രളയ ഫണ്ട് തട്ടിപ്പിൽ പ്രതിക്കൂട്ടിലായ സി.പി.എം ജില്ല നേതൃത്വത്തെ സംരക്ഷിക്കാനും മെനഞ്ഞുണ്ടാക്കിയതാണ്‌ ആരോപണം. ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റിയും മണപ്പാട്ട് ഫൗണ്ടേഷനുമാണ് പുനര്‍ജനിയുടെ പങ്കാളികള്‍. 

ഇവ ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മ​െൻറ്​ നിയമവും ഇന്‍കം ടാക്സ് നിയമവും അനുസരിച്ച് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ള സ്ഥാപനങ്ങളാണ്. അംഗീകൃത അക്കൗണ്ടിലൂടെയാണ് പണം ചെലവഴിച്ചത്‌. ഇത് കേന്ദ്ര സര്‍ക്കാർ ഏജന്‍സികളുടെ ഓഡിറ്റിന് വിധേയമാണ്. സംസ്ഥാന സര്‍ക്കാറിനും ഈ കണക്കുകള്‍ പരിശോധിക്കാം. 

സി.പി.എം സർക്കാറി​​െൻറ വിജിലന്‍സ് അന്വേഷണത്തിൽ പദ്ധതിയുടെ സുതാര്യത വ്യക്തമാകും. അന്വേഷണം പ്രഖ്യാപിച്ചാൽ രാഷ്​ട്രീയ പ്രേരിതം എന്ന പരാതി പോലും പറയില്ല. കോവിഡ് കാലത്തെ പുനര്‍ജനി പദ്ധതിയും സുതാര്യമാണ്. രാഷ്​ട്രീയ പരിഗണന നോക്കാതെ മാനദണ്ഡം അനുസരിച്ചാണ് വ്യക്​തികളെയും സ്​ഥാപനങ്ങളെയും സഹായിച്ചത്. 

താന്‍ നടത്തിയ എല്ലാ വിദേശയാത്രകളും കേന്ദ്ര സര്‍ക്കാറി​​െൻറ പൊളിറ്റിക്കല്‍ ക്ലിയറന്‍സ് വാങ്ങിച്ചാണ് ചെയ്തത്. തന്നേക്കാള്‍ ഇരട്ടി വിദേശ യാത്രകള്‍ നടത്തിയ ഒരു ഡസനിലേറെ എം.എല്‍.എമാര്‍ സി.പി.എമ്മില്‍ ഉണ്ട്. വിദേശ യാത്രക്ക്​ സര്‍ക്കാറില്‍ നിന്നോ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നോ പുനര്‍ജനിയില്‍ നിന്നോ ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല. ലണ്ടനിലെ ബെര്‍മിങ്​ഹാമും ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിച്ച് വ്യക്തിപരമായ എല്ലാ ബന്ധങ്ങളും ഉപയോഗിച്ച് പറവൂരിലെ പ്രളയ ബാധിതരെ സഹായിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമാണ്​. 

വ്യാജ പ്രചാരണം നടത്തുന്ന ഇതേ സംഘം നല്‍കിയ പരാതികൾ അനുസരിച്ച്  ക്രൈം ബ്രാഞ്ചും വിജിലന്‍സും രണ്ട് പ്രാഥമിക അന്വേഷണങ്ങള്‍ നടത്തി ആരോപണങ്ങള്‍ തള്ളിക്കളഞ്ഞതാണെന്നും എം.എൽ.എ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ കോൺഗ്രസ് പറവൂർ ബ്ലോക്ക് പ്രസിഡൻറ് എം.ജെ. രാജുവും പങ്കെടുത്തു.                                     
 

Tags:    
News Summary - vd satheeshan welcomes cpm vigilance investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.