ഫയൽ ചിത്രം

‘ഉമ്മാക്കിയല്ല സർ ഇത് കണ്ണാടി, ഇടക്ക് ഒന്ന് നോക്കണം’- ധവളപത്രത്തിൽ പിണറായിക്ക് വി.ഡി. സതീശന്റെ മറുപടി

തിരുവനന്തപുരം: ധവളപത്രമെന്ന ഉമ്മാക്കി കാണിച്ച് ഭയപ്പെടുത്തേണ്ട എന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മുന്നറിയിപ്പിന് അതേഭാഷയിൽ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ധവളപത്രം എന്നത് ഉമ്മാക്കിയല്ലെന്നും നിങ്ങളു​ടെ മുന്നിൽ വെച്ചിരിക്കുന്ന കണ്ണാടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇടതുസർക്കാർ ഭരിച്ച 10 കൊല്ലത്തെ സാമ്പത്തിക മിസ്മാനേജ്മെന്റി​ന്റെ കൂടി കണ്ണാടിയാണിതെന്നും ഇടക്ക് അതിൽ ഒന്ന് നോക്കണമെന്നും നിയമസഭയിൽ ധവളപത്രത്തെ കുറിച്ചുള്ള ചർച്ചയിൽ മറുപടി പറയവേ അദ്ദേഹം ആവശ്യപ്പെട്ടു.

‘ധവളപത്രമെന്ന ഉമ്മാക്കി കാണിച്ച് ഭയപ്പെടുത്തേണ്ട എന്ന് ബഹുമാന​പ്പെട്ട പ്രതിപക്ഷ നേതാവ് ഇന്നലെ പറഞ്ഞു. ഞാൻ അങ്ങയോട് വളരെ വിന​യത്തോടെ പറയട്ടെ, ഈ ധവളപത്രം എന്നത് ഉമ്മാക്കിയല്ല, നിങ്ങളു​ടെ മുന്നിൽ വെച്ചിരിക്കുന്ന കണ്ണാടിയാണ്. 10 കൊല്ലത്തെ സാമ്പത്തിക മിസ്മാനേജ്മെന്റി​ന്റെ കൂടി കണ്ണാടിയാണ്. ഞങ്ങളാരെയും ഉമ്മാക്കി കാണിച്ച് ഭയപ്പെടുത്താറില്ല. നിങ്ങൾ ഇടക്ക് ആ കണ്ണാടി ഒന്ന് നോക്കണം’ -വി.ഡി. സതീശൻ പറഞ്ഞു.

കേരളത്തിന്‍റെ സാമ്പത്തികസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം പുറത്തിറക്കുമെന്ന് കഴിഞ്ഞ ദിവസം വി.ഡി. സതീശൻ അറിയിച്ചപ്പോഴായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ‘ഉമ്മാക്കി’ പ്രയോഗം. സംസ്ഥാനത്തെതന്നെ വിസ്മയിപ്പിക്കുന്ന ധവളപത്രം വരുന്നുണ്ട്. മുൻ സർക്കാറിന്‍റെ കാലത്ത് കേന്ദ്രത്തിൽനിന്ന് എന്തുകിട്ടി, ഇപ്പോൾ എന്തു കിട്ടുന്നില്ല എന്നൊക്കെയുള്ള കാര്യങ്ങൾ അതിലുണ്ടാകും. കേരളത്തിന്‍റെ സാമ്പത്തിക ആരോഗ്യത്തെക്കുറിച്ച് വ്യക്തമാക്കുന്ന പേപ്പറായിരിക്കും അതെന്നുമാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. ഇതിന് മറുപടിയായാണ് ധവളപത്രം എന്ന ഉമ്മാക്കി കാട്ടി വായ അടപ്പിക്കാൻ നോക്കേണ്ടെന്നും ധവളപത്രം വരട്ടെ, അപ്പോൾ കാണാമെന്നും അപ്പോൾ പറയാനുള്ളത് പറയാമെന്നും പിണറായി പ്രതികരിച്ചത്.

5.07 ലക്ഷം കോടി രൂപയാണ് കേരളത്തിന്റെ ആകെ കടബാധ്യതയെന്ന് ധവളപത്രത്തിൽ പറയുന്നു. രാജ്യത്തെ ഏറ്റവും താഴ്ന്ന നിരക്കുകളിലാണ് സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾക്കുള്ള മൂലധന ചെലവ്. ട്രഷറി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. 2025ൽ 262 ദിവസം സർക്കാരിന്റെ ദിവസേനയുള്ള വരവ്-ചെലവ് വ്യത്യാസം നികത്താൻ റിസർവ് ബാങ്ക് നൽകുന്ന താൽക്കാലിക വായ്പയെയും 84 ദിവസം ഓവർ ഡ്രാഫ്റ്റിനെയും ആശ്രയിച്ചു. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ/ഡി.ആർ കുടിശ്ശികകൾ ഉൾപ്പെടെ 48,733 കോടി രൂപയുടെ കുടിശ്ശിക ബാധ്യതകൾ പുതിയ സർക്കാർ ഏറ്റെടുക്കണം. കിഫ്ബിക്ക് ഏകദേശം 21,000 കോടിയുടെ വായ്പാബാധ്യത ബാക്കിയുണ്ട്.

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ സഞ്ചിത നഷ്ടം 78,851 കോടി ആയി ഉയർന്നു. കെ.എസ്.ആർ.ടി.സി, വാട്ടർ അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങളാണ് വലിയ നഷ്ടത്തിൽ. പട്ടികജാതി, പട്ടികവർഗം, പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ എന്നിവർക്കുള്ള പദ്ധതിവിഹിതം കഴിഞ്ഞ വർഷങ്ങളിൽ ഗണ്യമായി കുറഞ്ഞു. സംസ്ഥാനത്തിന്റെ നികുതി വരുമാനവും കേന്ദ്ര സഹായവും പ്രതീക്ഷിച്ചതിലും കുറവായതിനാൽ സാമ്പത്തിക സമ്മർദ്ദം വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

കേരളത്തിന്റെ ധനകാര്യ സ്ഥിതി മെച്ചപ്പെടാൻ ദീർഘകാല പരിഹാരമായി സ്വകാര്യ നിക്ഷേപം, വ്യവസായ വികസനം, തൊഴിലവസര സൃഷ്ടി, അടിസ്ഥാനസൗകര്യ വികസനം എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. സാമ്പത്തിക അച്ചടക്കവും സുതാര്യതയും ഉറപ്പാക്കാതെ സംസ്ഥാനത്തിന്റെ വികസന ലക്ഷ്യങ്ങൾ കൈവരിക്കാനാകില്ലെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

കേരളത്തിന്റെ ആകെ വരുമാനത്തിന്റെ സിംഹഭാഗവും ശമ്പളം, പെൻഷൻ, പലിശ എന്നീ ഇനങ്ങളിലേക്ക് മാത്രം ചെലവഴിക്കേണ്ടി വരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയെക്കുറിച്ചുള്ള ധവളപത്രം. സർക്കാരിന്റെ സാമ്പത്തിക സ്വാതന്ത്ര്യത്തെ സാരമായി ബാധിക്കുന്ന വിധത്തിൽ ഇത്തരം ബാധ്യത വർധിച്ചു വരുന്നത് വികസന പ്രവർത്തനങ്ങളെ മുരടിപ്പിക്കുകയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

2024-25 സാമ്പത്തിക വർഷത്തിൽ കേരളത്തിന്റെ ആകെ വരുമാനത്തിന്റെ 77.6 ശതമാനവും ഈ മൂന്ന് ഇനങ്ങളിലേക്കായി ചെലവഴിച്ചു. ഇതിൽ ശമ്പളത്തിനായി 39,904 കോടി രൂപയും പെൻഷനായി 27,885 കോടി രൂപയും പലിശ നൽകുന്നതിനായി 29,138 കോടി രൂപയുമാണ് മാറ്റിവെച്ചത്. ആകെ 96,927 കോടി രൂപ ഈ ഇനങ്ങളിൽ മാത്രം ചെലവായി. 2025-26 വർഷത്തെ കണക്കുകൾ പ്രകാരം ഇത് 77 ശതമാനമായി തുടരുമെന്നാണ് സൂചന.

ദേശീയ ശരാശരി പ്രകാരം സംസ്ഥാനങ്ങളുടെ ബാധ്യതാ ചെലവ് വരുമാനത്തിന്റെ 46.1 ശതമാനം മാത്രമാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ ബാധ്യത ഒന്നര ഇരട്ടിയിലധികമാണ്. കൈവശം വരുന്ന ഓരോ 100 രൂപയിലും 77 രൂപയും ഇത്തരം ചെലവുകൾക്കായി ഉപയോഗിക്കുമ്പോൾ, ബാക്കിയുള്ള വെറും 23 രൂപ മാത്രമാണ് സ്കൂളുകൾ, ആശുപത്രികൾ, റോഡുകൾ, ക്ഷേമപദ്ധതികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സഹായം എന്നിവക്കായി മിച്ചം വരുന്നത്.

ശമ്പളത്തിനും പെൻഷനും പുറമെ, പലിശ ഇനത്തിലുള്ള ചെലവ് കുത്തനെ ഉയരുന്നത് വലിയ ആശങ്കയുണ്ടാക്കുന്നതാണ്. 2015-16 കാലയളവിൽ വരുമാനത്തിന്റെ 16.1 ശതമാനമായിരുന്നു പലിശ നൽകാൻ ഉപയോഗിച്ചിരുന്നതെങ്കിൽ 2025-26-ൽ ഇത് 20.9 ശതമാനമായി ഉയർന്നു. കടമെടുക്കുന്ന തുക ആസ്തികൾ സൃഷ്ടിക്കാൻ ഉപയോഗിക്കുന്നതിന് പകരം ദൈനംദിന ചെലവുകൾക്കും പലിശ തിരിച്ചടവിനും ഉപയോഗിക്കുന്നതാണ് ഇതിന് കാരണം. 

Tags:    
News Summary - V.D. Satheesan's Reply to Pinarayi on White Paper

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.