പ്രതിപക്ഷ നേതാവിന്റെ ​നട്ടെല്ല് ആർ.എസ്.എസിന് പണയം വെച്ചു; അദ്ദേഹത്തിന്റെ ഗുഡ് സർട്ടിഫിക്കറ്റ് ആവശ്യമില്ല -മന്ത്രി റിയാസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ബി.ജെ.പിയും തമ്മില്‍ അന്തര്‍ധാരയുണ്ടെന്നും അദ്ദേഹത്തിന്റെ നട്ടെല്ല് ആർ.എസ്.എസിന്റെ രാഷ്ട്രീയത്തിന് പണയം വെച്ചിരിക്കുകയാണെന്നും മന്ത്രി മുഹമ്മദ് റിയാസ്. അദ്ദേഹത്തിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് കേരളത്തിലെ ഒരു മന്ത്രിക്കും ആവശ്യ​മില്ലെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞു.

ബി.ജെ.പി ആഗ്രഹിക്കുന്ന പോലെ കേരള നിയമസഭയെ കൊണ്ടുപോകാനും അവർ ഉദ്ദേശിക്കുന്ന മുദ്രാവാക്യങ്ങൾ ഏറ്റെടുത്ത് പോകാനുമാണ് ഇപ്പോൾ പ്രതിപക്ഷ നേതാവ് തയാറാകുന്നത്. ഒരു പ്രസ്ഥാനത്തിന്റെ നേതാവായി നില്‍ക്കുകയും അതിലെ എം.എല്‍.എമാരെ ഉൾപ്പെടെ വഞ്ചിക്കുകയും ചെയ്യുന്ന നിലപാടാണ് പ്രതിപക്ഷ നേതാവിന്റേത്. അദ്ദേഹം പ്രതിനിധാനം ചെയ്യുന്നത് കോൺഗ്രസിനെയാണെങ്കിലും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുമായും അവരെ നിയന്ത്രിക്കുന്ന ആർ.എസ്.എസുമായും അദ്ദേഹത്തിനൊരു അന്തർധാരയുണ്ടെന്ന് സ്ഥാപിക്കുന്ന നിലയിലുള്ള സംഭവങ്ങളാണ് പലപ്പോഴായി നടക്കുന്നത്.

പാചകവാതക വില വര്‍ധിച്ചപ്പോഴും കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തെ അവഗണിച്ച സാഹചര്യത്തിലും അദ്ദേഹം മിണ്ടിയില്ല. മറ്റ് കോണ്‍ഗ്രസ് എം.എല്‍.എമാരെ മിണ്ടാന്‍ അനുവദിക്കുകയും ചെയ്തില്ല. കോൺഗ്രസിൽ നിൽക്കുകയും മതനിരപേക്ഷ കോൺഗ്രസിനെ ഒറ്റുകൊടുക്കുകയും ചെയ്യുന്ന ബോധപൂർവമായ അജണ്ട നടപ്പാക്കുന്ന വ്യക്തിയായി പ്രതിപക്ഷ നേതാവ് മാറിക്കൊണ്ടിരിക്കുകയാണെന്നും റിയാസ് കുറ്റപ്പെടുത്തി.

മന്ത്രിമാരെ തുടർച്ചയായി ആക്ഷേപിക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവിന്റേത്. എന്നാല്‍, അദ്ദേഹത്തിന്‍റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് ഒരു മന്ത്രിക്കും ആവശ്യമില്ല. വികസനകാര്യത്തില്‍ എല്ലാവരെയും യോജിപ്പിച്ചാണ് ഞങ്ങൾ പോകുന്നത്. അതിൽ ഭരണകക്ഷി, പ്രതിപക്ഷം എന്ന നിലയിലല്ല. പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപാർട്ടിയെ ആക്ഷേപിച്ചാൽ മിണ്ടാതിരിക്കുന്ന സ്വതന്ത്ര സ്വഭാവമുള്ള പദവിയല്ല മന്ത്രിസ്ഥാനം. മന്ത്രിസ്ഥാനം പാർട്ടി ഏൽപ്പിച്ച ചുമതലയാണ്. തങ്ങളാരും സ്വതന്ത്രരായി മന്ത്രിമാരായവരല്ല. സി.പി.എം എന്ന പാർട്ടി ലക്ഷക്കണക്കിനാളുകളുടെ കഠിനാധ്വാനത്തിന്റെ ഭാഗമായി അധികാരത്തിൽ വീണ്ടും വന്നതാണ്. നിരവധി പേർ ജീവൻ കൊടുത്തും ത്യാഗം സഹിച്ചും വളർത്തിയതാണ് ഈ പാർട്ടിയെ. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ പേരില്‍ ഒരു 30 മിനിറ്റ് പോലും ജയില്‍വാസം അനുഭവിക്കാത്ത പ്രതിപക്ഷ നേതാവിന് രാഷ്ട്രീയ ത്യാഗങ്ങളെക്കുറിച്ച് പറഞ്ഞാല്‍ മനസ്സിലാവില്ല. അദ്ദേഹത്തിന്റെ നട്ടെല്ല് ആർ.എസ്.എസിന് പണയം വെച്ചിരിക്കുകയാണ്. അദ്ദേഹത്തി​ന്റെ നട്ടെല്ല് വാഴപ്പിണ്ടി കൊണ്ടുള്ളതായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മാനേജ്മെന്‍റ് ക്വാട്ടയിൽ മന്ത്രിയായ പി.എ. മുഹമ്മദ് റിയാസിന് പ്രതിപക്ഷത്തെ ആക്ഷേപിക്കാൻ എന്ത് അധികാരമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വാർത്ത സമ്മേളനത്തിൽ ചോദിച്ചിരുന്നു. ‘പ്രതിപക്ഷത്തിന്‍റെ നട്ടെല്ല് വാഴപ്പിണ്ടിയാണെന്ന് റിയാസ് പറഞ്ഞത് മന:പൂർവം പ്രകോപിപ്പിക്കാൻ വേണ്ടിയാണ്. മരുമകൻ എത്ര വലിയ പി.ആർ വർക് നടത്തിയിട്ടും സ്പീക്കറോടൊപ്പം എത്തുന്നില്ല എന്നുള്ള ആധിയാണ് സ്പീക്കറെ പരിഹാസപാത്രമാക്കി പ്രതിപക്ഷത്തിന്‍റെ ശത്രുവായി മാറ്റി നിയമസഭ പ്രവർത്തനങ്ങളെ അട്ടിമറിക്കാനുള്ള കുടുംബ അജണ്ട. അതാണ് സഭയിൽ നടക്കുന്നത്’, എന്നിങ്ങനെയായിരുന്നു വി.ഡി സതീശന്റെ ആരോപണം.

Tags:    
News Summary - 'V.D. Satheesan's good certificate is not required'; Minister Riyas replied to the opposition leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.