‘ഒറ്റപ്പെട്ട സംഭവങ്ങൾ എണ്ണിനോക്കാൻ കൗണ്ടിങ് മെഷീൻ വെക്കേണ്ടി വരും’; മുഖ്യമന്ത്രിയെ പരിഹസിച്ച് സതീശൻ

തിരുവനന്തപുരം: കേരളത്തിലെ കസ്റ്റഡി മരണങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരാമർശത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഒറ്റപ്പെട്ട സംഭവങ്ങള്‍ തിട്ടപ്പെടുത്താന്‍ കൗണ്ടിങ് മെഷീന്‍ വെക്കേണ്ട സാഹചര്യമാണെന്ന് സതീശൻ പരിഹസിച്ചു. നിയമസഭയിൽ നടത്തിയ വാക്കൗട്ട് പ്രസംഗത്തിലായിരുന്നു മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷ നേതാവിന്‍റെ പരാമർശം.

ഏത് സംഭവം ഉണ്ടായാലും ഒറ്റപ്പെട്ടതാണെന്ന് പറയും. പൊലീസ് കൈ കാണിച്ചിട്ടും അല്‍പം മുന്നിലേക്ക് ബൈക്ക് നിര്‍ത്തിയതിനാണ് തൃപ്പൂണിത്തുറയില്‍ മനോഹരനെ മര്‍ദിച്ച് കൊലപ്പെടുത്തിയത്. എന്നിട്ടും എന്ത് നടപടിയാണ് എടുത്തത്? വടകരയിലെ സജീവന്‍, വരാപ്പുഴയിലെ ശ്രീജിത്ത്, ഇടുക്കിയിലെ രാജ് കുമാര്‍, തൃശൂരിലെ വിനായകന്‍.. ഇങ്ങനെ എണ്ണിയില്‍ ഒടുങ്ങാത്ത കസ്റ്റഡി മരണങ്ങള്‍ ഇടത് ഭരണകാലത്തുണ്ടായിട്ടുണ്ട്.

ഗബ്രിയേല്‍ ഗാര്‍സിയോ മാര്‍ക്കേസിന്റെ ന്യൂസ് ഓഫ് കിഡ്‌നാപ്പിങ് എന്ന പുസ്തകത്തില്‍ എല്ലാ ചേരികളിലുള്ളവരെ പിടിച്ചുകൊണ്ടു പോയി ഉപദ്രവിക്കുന്ന ഒരു സര്‍ക്കാരിനെ കുറിച്ച് പറയുന്നുണ്ട്. ആ തരത്തിലേക്ക് നിങ്ങളുടെ സര്‍ക്കാര്‍ പോകരുത്. ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് ഭാര്യയെ അറസ്റ്റു ചെയ്തു. എന്നിട്ട് അവരെ മര്‍ദിച്ച് ഭര്‍ത്താവിനെ കൊന്നു കുഴിച്ച് മൂടിയെന്ന് പറയിച്ച് ജയിലില്‍ അടച്ചു. പിറ്റേദിവസം ഭര്‍ത്താവ് രംഗപ്രവേശം ചെയ്തു. എന്തൊരു നാണക്കേടാണ് നിങ്ങളുടെ പൊലീസിന്? 84 വയസുള്ള ഭാരതി അമ്മയെ കേസില്‍ പ്രതിയാക്കി. നാല് വര്‍ഷം കയറി ഇറങ്ങി നടന്നപ്പോള്‍ ആള്‍ മാറിപ്പോയെന്നു പറഞ്ഞു. ബെസ്റ്റ് പൊലീസ് ആണെന്നും സതീശൻ പറഞ്ഞു.

വേണ്ടപ്പെട്ട ആര്‍ക്കെതിരെയും കേസെടുക്കില്ല. ആലപ്പുഴയില്‍ ഉള്‍പ്പെടെ ഉയര്‍ന്ന പരാതികളില്‍ പാര്‍ട്ടിയില്‍ തരംതാഴ്ത്തുകയും ഉയര്‍ത്തുകയുമാണ് ചെയ്തത്. ആലപ്പുഴ എസ്.പി സി.പി.എം ജില്ലാ സെക്രട്ടറിയാണോ? സ്ത്രീകളെ അപമാനിച്ച കേസുകളിലൊക്കെ പാര്‍ട്ടി സെക്രട്ടറി തീരുമനം എടുത്താല്‍ മതിയോ? അങ്ങനെയെങ്കില്‍ എം.വി ഗോവിന്ദനെ ഡി.ജി.പിയായും ജില്ലാ സെക്രട്ടറിയെ എസ്.പിയുമായി പ്രഖ്യാപിക്ക്.

കേരളത്തെ നടുക്കിയ കസ്റ്റഡി മരണത്തില്‍ പൊലീസിനെ ശ്ലാഘിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഇതുപോലൊരു സദ്ഭരണവും പൊലീസ് സേനയുമുള്ളൊരു സംസ്ഥാനം രാജ്യത്ത് ഇല്ലെന്ന മട്ടിലാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. രാജ്യത്താകെ 54 പൊലീസ് ഏറ്റുമുട്ടല്‍ കൊലകള്‍ നടന്നിട്ടുണ്ടെന്നും അക്കൂട്ടത്തില്‍ പ്രതിപക്ഷത്തിന് വിഷമമുണ്ടാക്കുന്ന സംസ്ഥാനങ്ങള്‍ വരെയുണ്ടെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. അക്കൂട്ടത്തില്‍ നിങ്ങള്‍ മുഖ്യമന്ത്രിയായിരിക്കുന്ന കേരളവും ഉണ്ടെന്ന് ഓര്‍ക്കണം. വയനാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പൊലീസ് മാവോവാദികളെ വെടിവച്ച് കൊന്നില്ലേ?

ഛത്തീസ്ഗഡ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മാവോവാദികളുള്ള സ്ഥലമാണ്. പി.സി.സി അധ്യക്ഷനും കേന്ദ്രമന്ത്രിയും ഉള്‍പ്പെടെ 21 കോണ്‍ഗ്രസ് നേതാക്കളെയാണ് മാവോവാദികൾ ബോംബ് വച്ച് കൊന്നത്. ഇവിടെ അങ്ങനെയുള്ള മാവോവാദി ആക്രമണങ്ങളൊന്നുമില്ല. എന്നിട്ടും കേരളത്തില്‍ വ്യാജ ഏറ്റുമുട്ടലുകളുണ്ടാക്കിയ മാവോവാദികളെ വെടിവച്ചു കൊന്നില്ലേ?

താനൂരില്‍ മരിച്ച് രണ്ടര മണിക്കൂറിന് ശേഷമാണ് ലഹരിക്കടത്തുമായി ബന്ധപ്പെട്ട എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ലഹരി ഉപയോഗിക്കുന്നവരെ പൊലീസ് സ്റ്റേഷനില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയാണോ വേണ്ടത്? അങ്ങനെയാണെങ്കില്‍ ആയിരക്കണക്കിന് പേരെ കൊല്ലേണ്ടി വരും. ലഹരി നിയന്ത്രിക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല.

ലഹരി ഉപയോഗിച്ചു എന്നതിന്റെ പേരിലാണ് ചെറുപ്പക്കാരനെ പൊലീസ് കൊലപ്പെടുത്തിയത്. മലദ്വാരത്തിലൂടെ ലാത്തി കുത്തിക്കയറ്റുന്ന തരത്തിലുള്ള കസ്റ്റഡി പീഡനമാണോ നിങ്ങളുടെ കാലത്ത് നടക്കുന്നത്? എസ്.പിയുടെ നേതൃത്വത്തിലുള്ളത് ടോര്‍ച്ചര്‍ സ്‌ക്വാഡാണോ? ഇങ്ങനെ പോയാല്‍ ടോര്‍ച്ചര്‍ മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആരംഭിക്കേണ്ടി വരും. മേല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞാല്‍ കീഴ് ഉദ്യോഗസ്ഥര്‍ അനുസരിക്കാത്ത അവസ്ഥയാണ് പൊലീസില്‍. പൊലീസിനെ നിയന്ത്രിക്കുന്നത് സി.പി.എം നേതാക്കളാണ്. രാഷ്ട്രീയവത്ക്കരിച്ച് നിങ്ങള്‍ പൊലീസിനെ വഷളാക്കി.

പൊലീസിനെ ഭരിക്കുന്നത് മുഖ്യമന്ത്രിയല്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് പൊലീസിനെ ഭരിക്കുന്നത്. അവരാണ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതും അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കുന്നതും എതിരാളികള്‍ക്കെതിരെ കേസെടുക്കുന്നതും ഇഷ്ടക്കാരെ കേസെടുക്കാതെ സംരക്ഷിക്കുന്നതും. ആ ഉപജാപക സംഘം പൊലീസിനെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. പരിതാപകരവും പരിഹാസ്യവുമായ അവസ്ഥയിലാണ് കേരള പൊലീസ്. കസ്റ്റഡി മരണം ഉണ്ടായിട്ടും മുഖ്യമന്ത്രി പൊലീസിനെ ശ്ലാഘിക്കുകയാണ്. ഡി.കെ ബസു കേസില്‍ കസ്റ്റഡി മര്‍ദനങ്ങളെ കുറിച്ച് സുപ്രീംകോടതി നൽകിയ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടെന്നും സതീശൻ പറഞ്ഞു.

പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോള്‍ തടസപ്പെടുത്തുകയെന്നത് സ്ഥിരം പരിപാടിയാണ്. ഇതു തന്നെയാണ് പാര്‍ലമെന്റിലും നടക്കുന്നത്. ഇന്നലെ രാഹുല്‍ ഗാന്ധി പ്രസംഗിച്ചപ്പോള്‍ തുടക്കം മുതല്‍ അവസാനം വരെ ഇതായിരുന്നു. നിങ്ങള്‍ അവിടെ നിന്ന് പഠിച്ചതാണോ, അതോ അവര്‍ ഇവിടെ നിന്ന് പഠിച്ചതാണോ? മുഖ്യമന്ത്രി സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ ഞങ്ങള്‍ കേട്ടുകൊണ്ടിരുന്നു. പിന്നെ ഇപ്പോള്‍ എന്തിനാണ് അസഹിഷ്ണുത എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. 

Tags:    
News Summary - VD Satheesan speech in Kerala Assembly in Custody Death issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.