തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമിക്കെതിരായ സി.പി.എം നേതാക്കളുടെ പ്രതികരണങ്ങളിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്.ഡി.പി.ഐയുടെയും പരസ്യ പിന്തുണയോടെ സി.പി.എമ്മുകാർ മത്സരിച്ചിട്ടുണ്ട് എന്ന് ചൂണ്ടിക്കാണിച്ച വി.ഡി. സതീശൻ, സി.പി.എമ്മിന് എന്നാണ് ജമാഅത്തെ ഇസ്‌ലാമി പ്രശ്നമായതെന്ന് ചോദിച്ചു. കൂടെ നിൽക്കുമ്പോൾ മതേതര പാർട്ടിയും വിമർശിച്ചാൽ വർഗീയവാദിയും എന്ന നിലപാടാണ് സി.പി.എമ്മിനെന്നും പാർലമെന്‍റ് തെരഞ്ഞെടുപ്പിന് ശേഷമാണ് ഇങ്ങനെയൊരു മാറ്റമെന്നും അദ്ദേഹം പറഞ്ഞു.
“ജമാഅത്തെ ഇസ്‌ലാമിയുമായി എന്നാണ് സി.പി.എമ്മിന് ഇത്രയും പ്രശ്നമായത്? ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്.ഡി.പി.ഐയുടെയും പരസ്യ പിന്തുണയോടെ എത്രയോ സി.പി.എമ്മുകാർ മത്സരിച്ചിട്ടുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ അത് കാണാം. കേരളത്തിൽ മൂന്ന് പതിറ്റാണ്ടായി ജമാഅത്തെ ഇസ്‌ലാമി സി.പി.എമ്മിന് പിന്തുണ നൽകുന്നുണ്ട്. അപ്പോൾ എന്നാണ് സി.പി.എമ്മിന് അവർ വർഗീയ പാർട്ടിയായത് എന്നാണ് ഞങ്ങളുടെ ചോദ്യം. ജമാഅത്തെ ഇസ്‌ലാമിയുടെ ആസ്ഥാനത്ത് പിണറായിയും കോടിയേരിയും പോയിട്ടില്ലേ. എസ്.ഡി.പി.ഐയുമായി എത്രയോ തവണ സഹകരിച്ചിട്ടുണ്ട്. കൂടെ നിൽക്കുമ്പോൾ മതേതര പാർട്ടിയും വിമർശിച്ചാൽ വർഗീയവാദിയും. പാർലമെന്‍റ് തെരഞ്ഞെടുപ്പിന് ശേഷമാണ് ഇങ്ങനെയൊരു മാറ്റം.
ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കേരളത്തിൽ സി.പി.എമ്മിന്‍റെ അജണ്ട മാറി. സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന തരത്തിൽ ഭൂരിപക്ഷ വർഗീയ പ്രീണനവുമായി സി.പി.എം രംഗത്തിറങ്ങിയിരിക്കുകയാണ്. സംസ്ഥാനത്ത് വർഗീയ ചേരിതിവ് ഉണ്ടാക്കുകയെന്ന സംഘപരിവാർ അജണ്ടക്ക് സി.പി.എം കുടപിടിച്ചു കൊടുക്കുന്നു. വയനാട്ടിൽ പ്രിയങ്കയുടെ ജയം ന്യൂനപക്ഷ തീവ്രവാദികളുടെ വോട്ടുകൊണ്ട് ആണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ പറയുന്നു. ഇതിലൂടെ വയനാട്ടിലെ ജനങ്ങളെ സി.പി.എം അപമാനിക്കുകയാണ്. ജാതി-മത വ്യത്യാസമില്ലാതെ എല്ലാവരും ഒരുമിച്ച് നിന്നാണ് പ്രിയങ്കയെ ജയിപ്പിച്ചത്. അതിന്‍റെ മഹത്വം ഇല്ലാതാക്കാനാണ് സി.പി.എമ്മിന്‍റെ ശ്രമം.
സംഘപരിവാർ വടക്കേ ഇന്ത്യയിൽ ചെയ്യുന്ന അതേകാര്യം ഇവിടെ നടപ്പാക്കാൻ ശ്രമിക്കുന്നു. സി.പി.എം അതിന് പിന്തുണ കൊടുക്കുന്നു. ആട്ടിൻ തോലിട്ട ചെന്നായകളെ പോലെയാണ് ബി.ജെ.പിക്കാൻ ക്രിസ്മസ് കാലത്ത് ക്രൈസ്തവ ഭവനങ്ങളിലേക്ക് പോകുന്നത്. അവരുടെ യഥാർഥ മുഖമാണ് പാലക്കാട് കണ്ടത്. എല്ലാവരും ക്രിസ്മസ് ആഘോഷിക്കുമ്പോൾ ഒരു സ്കൂളിലേക്ക് നുഴഞ്ഞുകയറി പ്രശ്നമുണ്ടാക്കുന്നു. അതൊന്നും കേരളത്തിൽ വെച്ചുപൊറുപ്പിക്കാനാകില്ല. സി.പി.എമ്മിന്‍റെ പൊയ്മുഖം അഴിഞ്ഞുവീണു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് വിജയരാഘവന്‍റെ പരാമർശവും സി.പി.എം നേതാക്കളുടെ പിന്തുണയും. കേരളത്തിന്‍റെ ചരിത്രത്തിൽ ഇത്രയും മോശമായ നിലപാട് ഒരുകാലത്തും സി.പി.എം സ്വീകരിച്ചിട്ടില്ല. സംഘപരിവാറിനെ ഭയന്നാണ് സി.പി.എം നേതാക്കൾ ജീവിക്കുന്നത്” -വിഡി. സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.