മുദ്രാവാക്യം വിളിച്ചവർക്കെതിരെ വധശ്രമ കേസെടുത്ത പിണറായി ഹിറ്റ് ലറേക്കാൾ വലിയ ഏകാധിപതി -വി.ഡി സതീശൻ

കൊച്ചി: വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമ കേസെടുത്ത പിണറായി വിജയൻ ഹിറ്റ്ലറേക്കാൾ വലിയ ഏകാധിപതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രണ്ട് മുദ്രാവാക്യം വിളിച്ചതിന് വധശ്രമത്തിന് കേസെടുത്ത്, ഹിറ്റ്ലറെക്കാളും നരേന്ദ്ര മോദിയെക്കാളും യോഗി ആദിത്യനാഥിനെക്കാളും വലിയ ഏകാധിപതി ചമയുകയാണ് മുഖ്യമന്ത്രി. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിക്കുകയും തള്ളിതാഴെയിടുകയുമാണ് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ചെയ്തത്. ജയരാജനെതിരെ കേസെടുത്തില്ലെങ്കിൽ നിയമവഴി തേടുമെന്നും സതീശൻ വ്യക്തമാക്കി.

രണ്ട് മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുന്നതാണോ മുഖ്യമന്ത്രി പറഞ്ഞ നവകേരളമെന്ന് സതീശന്‍ ചോദിച്ചു. പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കുകയും കത്തിക്കുകയും ചെയ്യുന്ന സി.പി.എം നടത്തുന്നത് ഭീകര പ്രവര്‍ത്തനമാണ്. കൊലയാളികളെ ഏര്‍പ്പാടാക്കി ആളുകളെ കൊല്ലുകയും കൈയുംകാലും വെട്ടിമാറ്റുകയും ചെയ്യുന്ന ചരിത്രം ആര്‍ക്കാണുള്ളത്. സി.പി.എം അന്താരാഷ്ട്ര ഭീകരസംഘടനയെ പോലെയാണ് പെരുമാറുന്നത്. കോഴിക്കോട് എത്തിയപ്പോള്‍ ട്രെയിനില്‍ നിന്ന് ഇറങ്ങുകയായിരുന്ന മുൻ മന്ത്രി കെ.വി തോമസിന്റെ തലയില്‍ കരി ഓയില്‍ ഒഴിച്ച പാര്‍ട്ടിയല്ലേ സി.പി.എം എന്നും സതീശൻ ചോദിച്ചു.

വഴിയരികില്‍ കരിങ്കൊടി കാണിച്ച പ്രവര്‍ത്തകന് നേരെ 100 കിലോമീറ്റര്‍ വേഗത്തില്‍ പോയ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിന്‍റെ ഡോര്‍ തുറന്നുപിടിച്ച് കൊല്ലാന്‍ ശ്രമിച്ചു. ഡോര്‍ മുട്ടിയിരുന്നെങ്കില്‍ ഇന്ന് അയാള്‍ ജീവിച്ചിരിക്കുമോ. ഓടുന്ന ആ വാഹനത്തിലിരുന്ന് ലാത്തി കൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ചവര്‍ക്കെതിരെയല്ലേ വധശ്രമത്തിന് കേസെടുക്കേണ്ടത്. വിമാനത്തില്‍ വെടിയുണ്ടയുമായി നടക്കുന്നതാരാണെന്ന് തങ്ങളെ കൊണ്ട് പറയിപ്പിക്കരുതെന്നും സതീശൻ പറഞ്ഞു.

അഞ്ച് ദിവസം മുഖ്യമന്ത്രിക്ക് കറുപ്പിനോട് അലര്‍ജിയായിരുന്നു. ആറാം ദിവസം അത് മുഖ്യമന്ത്രി കൈയൊഴിഞ്ഞു. സ്വപ്നയുടെ മൊഴിമാറ്റിക്കാന്‍ മധ്യസ്ഥതക്ക് പോയത് രണ്ട് എ.ഡി.ജി.പിമാരാണ്. അതില്‍ മുഖം രക്ഷിക്കാന്‍ ഒരാളുടെ കസേര തെറിപ്പിച്ചു. കൈക്കരുത്തറിയുമെന്ന് പറയുന്ന എം.എല്‍.എമാരാണുള്ളത്. പ്രതിപക്ഷത്തെ ഭയപ്പെടുത്തേണ്ടെന്നും പേടിച്ചോടില്ലെന്നും പറഞ്ഞ സതീശന്‍, ഭീതിയില്‍ നിന്നുണ്ടാകുന്ന വെപ്രാളമാണ് മുഖ്യമന്ത്രിക്കും കൂട്ടാളികൾക്കുമെന്നും കൂട്ടിച്ചേർത്തു. 

Tags:    
News Summary - VD Satheesan says Pinarayi is more of a dictator than Hitler

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.