തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരേയുള്ള തെളിവുകൾ പോലീസ് കൃത്രിമമായി നിർമിച്ചതാണെന്ന് രാഹുൽ ഈശ്വർ. ദിലീപിൻ്റെ കാര്യത്തിൽ താൻ പറഞ്ഞത് ശരിയാണ്. കേസിൽ ദിലീപിനെതിരെ തെളിവുകൾ പൊലീസ് കൃത്രിമമായി ഉണ്ടാക്കി. വ്യാപകമായി പ്രചരിച്ച പൾസർ സുനിയോടൊപ്പമുള്ള ദിലീപിന്‍റെ ഫോട്ടോ പൊലീസ് ഫോട്ടോഷോപ്പ് വഴി നിർമിച്ചതാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
ഒരു വനിത ജഡ്ജിക്കെതിരെ വ്യാപകമായ സൈബർ പ്രചരണം നടത്തുന്നു. ദിലീപിനെ ഇപ്പോഴും വേട്ടയാടുന്ന ചിലരുണ്ടെന്ന് പറഞ്ഞ രാഹുൽ കണ്ണിൽ പൊടിയിടാനെങ്കിലും ഇതിനെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്നും ചോദിച്ചു.
"ദിലീപിന്റെ കാര്യത്തിൽ ആദ്യം മുതലേ ഞാൻ എടുക്കുന്ന നിലപാടുകൾ ശരിയാണെന്ന് തെളിഞ്ഞു. സമൂഹത്തിന് തെറ്റിപ്പോയി എന്ന തിരിച്ചറിവ് വേണം. എത്ര കാലം ദിലീപിനെ വേട്ടയാടി. ഇപ്പോഴും ദിലീപ് എന്തോ തെറ്റ് ചെയ്തു എന്നും പിന്നിൽ ഗൂഢാലോചനയുണ്ട് എന്നും ചിലർ പ്രചരിപ്പിക്കുന്നു. പൾസർ സുനിയും ദിലീപും ചേർന്ന് നിൽക്കുന്ന ദൈവത്തിന്റെ കൈയൊപ്പുള്ള ഫോട്ടോ എന്ന് പറഞ്ഞ് പോലീസും പ്രോസിക്യൂഷനും മാധ്യമങ്ങൾക്ക് ചോർത്തി തന്നത് വ്യാജമാണെന്ന് കണ്ടെത്തി"- രാഹുൽ ഈശ്വർ പറഞ്ഞു.
തനിക്കെതിരെ കോടതിയിൽ പൊലീസും പ്രോസിക്യൂഷനും കള്ളം എഴുതി കൊടുക്കുകയാണ് ചെയ്തതെന്നും രാഹുൽ ഈശ്വർ പറഞ്ഞു.11ാം തിയതി ജാമ്യം കിട്ടേണ്ടതായിരുന്നു. എന്നാൽ, പ്രോസിക്യൂഷൻ വാസ്തവ വിരുദ്ധമായ കാര്യങ്ങൾ കോടതിയിൽ പറഞ്ഞു. 16 ദിവസം എന്തൊരു അനീതിയാണ് നടന്നതെന്ന് അന്വേഷിക്കണമെന്നും സ്ത്രീപക്ഷ നിലപാട് പറയുമ്പോൾ പുരുഷന്മാരെ വേട്ടയാടരുതെന്നും രാഹുൽ പറഞ്ഞു.
ദിലീപും പൾസർ സുനിയും തമ്മിലുള്ള ഗൂഢാലോചനയുടെ തെളിവായി അന്വേഷണസംഘം കണ്ടെത്തിയത് സിനിമാ സെറ്റിലെ സെൽഫി ആയിരുന്നു. ഇത് കോടതിയിൽ ഹാജരാക്കിയിരുന്നെങ്കിലും ഇതുകൊണ്ട് ഗൂഢാലോചന തെളിയിക്കാനാകില്ലെന്ന് പറഞ്ഞ് കോടതി സെൽഫി തള്ളിയിരുന്നു. ഇതേക്കുറിച്ചാണ് രാഹുൽ ഈശ്വർ വാർത്താ സമ്മേളനത്തിൽപറഞ്ഞത്.
ജയിലിൽ കിടക്കുന്നതും പട്ടിണി കിടക്കുന്നതും തനിക്ക് പുത്തരിയല്ല. സത്യം വളരെ സിമ്പിളാണ്. കള്ളങ്ങളാണ് സങ്കീർണമായിരിക്കുന്നത്. ഭരണകൂടം ധാരാളം അസത്യങ്ങൾ പറയുന്നുണ്ട്. സത്യങ്ങൾ പറയുന്നതിന് മടിക്കരുത്. അങ്ങനെ മടിച്ചാൽ രാജ്യം നിലനിൽക്കില്ല എന്നും രാഹുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.