മേജർ രവി

മേജർ രവിക്ക് തിരിച്ചടി; കർമ്മയോദ്ധയുടെ തിരക്കഥ അപഹരിച്ചതെന്ന് തെളിഞ്ഞു, 30 ലക്ഷം നഷ്ടപരിഹാരം നൽകാൻ കോടതി

കർമ്മയോദ്ധ സിനിമയുടെ തിരക്കഥ തർക്കത്തിൽ മേജർ രവിക്ക് തിരിച്ചടി. തിരക്കഥ പുതുപ്പള്ളി സ്വദേശിയും തിരക്കഥകൃത്തുമായ റെജി മാത്യുവിന്‍റേതെന്ന് കോടതി വ്യക്തമാക്കി.13വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് സത്യം പുറത്തുവന്നത്. 2012-ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. പരാതിക്കാരന് അനുകൂലമായാണ് കോടതി വിധി. കോട്ടയം കൊമേഷ്യല്‍ കോടതിയാണ് വിധി പുറത്തുവിട്ടത്. പരാതിക്കാരന് 30 ലഷം രൂപയും സിനിമയുടെ പകർപ്പവകാശവും നൽകണമെന്നും കോടതി ആവശ്യപെട്ടു.

മേജർ രവി തന്നെ ഇത്തരത്തിൽ ഒരു സിനിമയുടെ പ്ലോട്ടുവേണമെന്നു പറഞ്ഞ് ബന്ധപ്പെട്ടു. അതനുസരിച്ച് താൻ കഥയും തിരക്കഥയും സംഭാഷണവും തയ്യാറാക്കി. അതു മേജർ രവിക്ക് കൈമാറി. പ്രൊഡ്യൂസറെ കാണിക്കാനെന്നും സിനിമയുടെ ബാക്കി കാര്യങ്ങൾക്കും എന്നും പറഞ്ഞാണ് പതിപ്പ് ആവശ്യപെട്ടത്. ഈ കഥ സിനിമയായാൽ മുപ്പതു ലക്ഷം രൂപ നൽകാമെന്നായിരുന്നു വാഗ്ദാനമെന്നും പരാതിക്കാരൻ പറയുന്നു. എന്നാൽ പിന്നീട് സിനിമയുടെ വാർത്തകൾ മാഗസിനുകളിലൂടെയും മറ്റും പുറത്തുവന്നപ്പോഴാണ് താൻ വഞ്ചിക്കപ്പെട്ടുവെന്ന് റെജി മാത്യുവിന് മനസ്സിലായത്. മേജർ രവി തന്നെ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്നു എന്ന രീതിയിലായിരുന്നു സിനിമയെകുറിച്ചുള്ള വാർത്ത.

സിനിമ തന്റെ കഥയും തിരക്കഥയും സംഭാഷണവും അനുമതിയില്ലാതെ ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന റെജി മാത്യുവിന്റെ പരാതിയിലാണ് കോട്ടയം കൊമേഷ്യല്‍ കോടതി ജഡ്ജി മനീഷ് ഡി.എയുടെ വിധി. സിനിമയുടെ റിലീസിന് ഒരുമാസം മുൻപാണ് റിലീസ് തടയമെന്നാവശ്യപ്പെട്ട് റെജി മാത്യു കോടതിയെ സമീപിച്ചത്. അഞ്ചുലക്ഷം രൂപ കെട്ടിവെച്ച ശേഷം സിനിമ റിലീസ് ചെയ്യാന്‍ കോടതി അനുവദിക്കുകയായിരുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ സംബന്ധിച്ച് തര്‍ക്കമുണ്ട് എന്ന് രേഖപ്പെടുത്തി സിനിമ റിലീസ് ചെയ്യാനായിരുന്നു കോടതി അനുവദിച്ചത്. എന്നാല്‍, തിരക്കഥാകൃത്തുക്കളുടെ സ്ഥാനത്ത് ഷാജി, സുമേഷ് എന്നിവരുടെ പേര് ചേര്‍ത്തായിരുന്നു സിനിമ റിലീസ് ചെയ്തത്. ഇത് ചൂണ്ടിക്കാട്ടി കോടതി ഉത്തരവ് ലംഘിച്ചുവെന്ന് കാണിച്ച് 40 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് റെജി മാത്യു കോടതിയെ സമീപിച്ചത്. തിരക്കഥയും സംഭാഷണവും തന്റേതാണെന്ന് പ്രഖ്യാപിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.

മേജര്‍ രവി ഒന്നാം പ്രതിയായിരുന്നു. നിര്‍മാതാവ് ഹനീഫ് മുഹമ്മദ്, ഷാജി എസ്.വി, സുമേഷ്, റോബിന്‍ എന്നിവരും പ്രതികളായിരുന്നു. കഥ തന്റേതാണെന്ന് മേജര്‍ രവി വാദിച്ചു. സിനിമ രചയിതാക്കളായ മറ്റുപലരോടും ചര്‍ച്ച ചെയ്ത കൂട്ടത്തില്‍ റെജി മാത്യുവിനോടും കഥ പറഞ്ഞുവെന്നുമായിരുന്നു മേജര്‍ രവിയുടെ വാദം.

Tags:    
News Summary - case against major ravi for movie script theft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.