രാജ്യത്ത് ഏറ്റവും കൂടുതൽ ബസ് ചാർജ് ഈടാക്കുന്നത് കേരളത്തിലെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: ബസ്, ഓട്ടോ- ടാക്‌സി നിരക്ക് വര്‍ധനവിലൂടെ വലിയൊരു ബാധ്യതയാണ് സാധാരണക്കാര്‍ക്ക് മേല്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇരുചക്ര വാഹനം പോലുമില്ലാത്ത പാവങ്ങളാണ് കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളില്‍ സഞ്ചരിക്കുന്നത്. മിനിമം നിരക്ക് പത്ത് രൂപയായി വര്‍ധിപ്പിച്ചപ്പോള്‍ മിനിമം ദൂരം അഞ്ച് കിലോമീറ്ററായിരുന്നത് രണ്ടര കിലോമീറ്ററായി ചുരുക്കി. കൊറോണ കാലത്ത് മിനിമം ദൂരം രണ്ടര കിലോമീറ്ററായി കുറച്ചത് മഹാമാരിക്ക് ശേഷവും അതേരീതിയില്‍ നിലനിര്‍ത്തുന്നത് ശരിയല്ല. നേരത്തെയുണ്ടായ എല്ലാ നിരക്ക് വര്‍ധനകളിലും മിനിമം ദൂരം അഞ്ച് കിലോമീറ്ററായിരുന്നു. ഇത്തവണ അത് രണ്ടര കിലോമീറ്ററായി ചുരുക്കിയെന്നു മാത്രമല്ല നിരക്ക് പത്ത് രൂപയായി വര്‍ധിപ്പിക്കുകയും ചെയ്തു. എല്ലാ സ്റ്റേജുകളിലും ഇതനുസരിച്ചുള്ള വര്‍ധനവുണ്ടായി. ഒരു രൂപയാണ് കൂട്ടിയതെന്ന് പറയുമ്പോഴും വര്‍ധന നാല് രൂപയായി മാറിയിരിക്കുകയാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബസ് ചാര്‍ജുള്ള സംസ്ഥാനമായി കേരളം മാറി. തമിഴ്‌നാട്ടില്‍ ഫസ്റ്റ് സ്റ്റേജില്‍ അഞ്ച് രൂപയും സെക്കന്റ് സ്റ്റേജില്‍ ആറ് രൂപയും തേര്‍ഡ് സ്റ്റേജില്‍ ഏഴ് രൂപയും ഫോര്‍ത്ത് സ്റ്റേജില്‍ എട്ട് രൂപയുമാണ്. എന്നാല്‍ കേരളത്തില്‍ ഇത് യഥാക്രമം 10, 13, 15, 18 രൂപയാണ്. അതായത് നിരക്ക് വര്‍ധന ഇരട്ടിയിലധികമാണ്. ശാസ്ത്രീയമായ അപാകതകള്‍ പരിഗണിക്കാതെയാണ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. നിരക്ക് വര്‍ധനയ്ക്ക് പകരം ആറു കൊല്ലം കൊണ്ട് ഇന്ധന വില്‍പനയിലൂടെ സംസ്ഥാന സര്‍ക്കാരിന് ലഭിച്ച ആറായിരം കോടി രൂപയുടെ അധിക വരുമാനത്തില്‍ നിന്നും 25 ശതമാനം എടുത്ത് ഇന്ധന സബ്‌സിഡി നല്‍കണമെന്ന നിര്‍ദ്ദേശം പ്രതിപക്ഷം മുന്നോട്ടു വച്ചിരുന്നു. ഈ നിര്‍ദ്ദേശം നടപ്പാക്കിയിരുന്നെങ്കില്‍ ഭീമമായ നിരക്ക് വര്‍ധന ഒഴിവാക്കാമായിരുന്നു. നിരക്ക് വര്‍ധനവിലെ അപാകതകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.

സില്‍വര്‍ ലൈന്‍ ഡി.പി.ആര്‍ തട്ടിപ്പാണെന്നതുള്‍പ്പെടെ സിസ്ട്രയുടെ മുന്‍ തലവന്‍ അലോക് കുമാര്‍ വര്‍മ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കെ. റെയില്‍ കോര്‍പറേഷന്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. പ്രതിപക്ഷം നിയമസഭയിലും പുറത്തും ഉന്നയിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് അലോക് കുമാര്‍ വര്‍മയുടെ വെളിപ്പെടുത്തലുകള്‍. പ്രാഥമിക സാധ്യതാ പഠന റിപ്പോര്‍ട്ടില്‍ കൃത്രിമം നടത്തിയാണ് അന്തിമ സാധ്യതാ പഠന റിപ്പോര്‍ട്ട് ഉണ്ടാക്കിയത്. 50 ദിവസം കൊണ്ടാണ് ഒരു സര്‍വെയും നടത്താതെ ഡാറ്റാ തിരിമറി നടത്തിയത്. തട്ടിക്കൂട്ടിയ ഡി.പി.ആറുമായാണ് പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. സ്ഥലം ഏറ്റെടുപ്പിനു വേണ്ടി ഇടുന്ന കല്ലുകള്‍ പിഴുതെറിയുമെന്ന് യു.ഡി.എഫ് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. നിയമ ലംഘനമാണെങ്കില്‍ അതിനുള്ള ശിക്ഷ അനുഭവിക്കാന്‍ തയാറാണ്.

സ്ഥലം നഷ്ടപ്പെടുന്നവര്‍ മാത്രമല്ല, കേരളം മുഴുവന്‍ ഈ പദ്ധതിയുടെ ഇരകളായി മാറും. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ വീടുകളില്‍ കയറി വിശദീകരണം നല്‍കിയാല്‍ യു.ഡി.എഫ് നേതാക്കളും വീടുകളിലേക്ക് ഇറങ്ങും. നേരത്തെ പൗരപ്രമുഖരുമായി മാത്രമെ സംസാരിക്കൂ എന്നു പറഞ്ഞവര്‍ക്ക് ഇപ്പോള്‍ ജനങ്ങള്‍ക്ക് ഇടയിലേക്ക് ഇറങ്ങേണ്ടി വന്നു.

ജറുസലേം പുത്രിമാരെ നിങ്ങള്‍ എന്നെയോര്‍ത്ത് കരയേണ്ട. നിങ്ങള്‍ നിങ്ങളെയോര്‍ത്തും നിങ്ങളുടെ മക്കളെ കുറിച്ചും ഓര്‍ത്ത് കരഞ്ഞാല്‍ മതിയെന്ന് യേശുക്രിസ്തു പറഞ്ഞതാണ് ഇ.പി ജയരാജനോടും പറയാനുള്ളത്. യു.ഡി.എഫിനെ കുറിച്ച് ഇ.പി ജയരാജന് ഒരു ടെന്‍ഷനും വേണ്ട. എല്‍.ഡി.എഫിലാണ് പ്രശ്‌നങ്ങളുള്ളത്. എന്‍.സി.പി നേതാവ് പി.സി ചാക്കോ അസ്വസ്ഥത പ്രകടിപ്പിച്ചിട്ടുണ്ട്. മന്ത്രി കൃഷ്ണന്‍കുട്ടിക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് സി.ഐ.ടി.യു നടത്തുന്നത്. റോഷി അഗസ്റ്റിനും ആന്റണി രാജുവും ഉള്‍പ്പെടെയുള്ള ഘടകകക്ഷി മന്ത്രിമാര്‍ക്കെതിരെയും സി.ഐ.ടി.യും രംഗത്തെത്തിയിട്ടുണ്ട്. സി.പി.ഐക്കാര്‍ക്കെതിരെ ഡി.വൈ.എഫ്.ഐ സമ്മേളത്തില്‍ പ്രമേയം പാസാക്കിയതും ഇടത് മുന്നണിയിലാണ്. ഈ സാഹചര്യത്തില്‍ ഇ.പി ജയരാജന്‍ ആദ്യം എല്‍.ഡി.എഫിലെ പ്രശ്‌നങ്ങളാണ് പരിഹരിക്കേണ്ടത്. യു.ഡി.എഫിലെ എല്ലാ ഘടകകക്ഷികളും ഇ.പി ജയരാജനോട് ശക്തമായ ഭാഷയില്‍ പ്രതികരിച്ചിട്ടുണ്ട്. ജയരാജന്‍ കൊമ്പു കുലുക്കിയുള്ള വരവ് അറിയിച്ചെന്നു മാത്രമെയുള്ളൂ.

പി. ശശിയെ സംബന്ധിച്ച ആരോപണത്തില്‍ സി.പി.എം തന്നെയാണ് മറുപടി പറയേണ്ടത്. അത് അവരുടെ ആഭ്യന്തര കാര്യമാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെ നിയമിക്കേണ്ടത് പ്രതിപക്ഷ നേതാവല്ലെന്നും വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Tags:    
News Summary - VD Satheesan says Kerala has the highest bus fare in the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.