പാവങ്ങളെ പറ്റിച്ച് 300 കോടിയാണ് കരുവന്നൂരിൽ സി.പി.എം നേതാക്കള്‍ കൊള്ളയടിച്ചതെന്ന് വി.ഡി സതീശൻ

കോട്ടയം: പാവങ്ങളെ പറ്റിച്ച് 300 കോടി രൂപയാണ് കരുവന്നൂരിൽ സി.പി.എം നേതാക്കള്‍ കൊള്ളയടിച്ചതെന്ന് പ്രതിപക്ഷ  നേതാവ് വി.ഡി സതീശൻ. അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്ത് പ്രതിസന്ധിയിലാക്കാന്‍ ശ്രമിച്ചെങ്കിലും സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ കോണ്‍ഗ്രസിനെ സഹായിക്കുന്നുണ്ട്. സാധാരണക്കാരുടെ പിന്തുണയില്‍ ഇത്തവണ കോണ്‍ഗ്രസ് വിജയിക്കും. കരുവന്നൂരില്‍ നടന്ന കൊള്ളയും കോണ്‍ഗ്രസിന്റെ അക്കൗണ്ട് ഫ്രീസ് ചെയ്തതും തമ്മില്‍ എന്ത് ബന്ധമാണുള്ളതെന്ന് സതീശൻ ചോദിച്ചു.

കരുവന്നൂരിൽ എത്ര പേരാണ് ആത്മഹത്യ ചെയ്തത്? ബാങ്കില്‍ അംഗമല്ലെങ്കിലും സി.പി.എമ്മിന് അഞ്ച് അക്കൗണ്ടുകളുണ്ട്. അതിലൂടെ കോടികളാണ് കൈമാറിയത്. സി.പി.എം വെളിപ്പെടുത്തിയ അക്കൗണ്ടുകളുടെ കൂട്ടത്തില്‍ ഇത് കാണിച്ചിട്ടുമില്ല. സി.പി.എമ്മിന്റെ വെളിപ്പെടുത്താത്ത അക്കൗണ്ട് ഫ്രീസ് ചെയ്യുന്നതും കോണ്‍ഗ്രസിന്റെ അക്കൗണ്ട് ഫ്രീസ് ചെയ്തതും തമ്മില്‍ താരതമ്യം ചെയ്യരുത്.

എല്‍.ഡി.എഫ് ഒരിക്കലും കേരളത്തിന് യു.ഡി.എഫിന് വോട്ട് ചെയ്തിട്ടില്ല. മതേതര കേരളത്തിലെ വിവിധ പാര്‍ട്ടികളിലുള്ള മതേതര വിശ്വാസികള്‍ യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിച്ചിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ ഉത്തമരായ കമ്മ്യൂണിസ്റ്റുകാരുടെ വോട്ടും യു.ഡി.എഫിന് കിട്ടും. കമ്മ്യൂണിസത്തിന്റെ അടിവേര് പിണറായി വിജയന്‍ അറുക്കുകയാണെന്ന ബോധ്യം അവര്‍ക്കുണ്ട്.

പൂര്‍ണമായ വലതുപക്ഷ വ്യതിയാനമാണ് കേരളത്തിലെ സര്‍ക്കാരിനുള്ളതെന്ന ബോധ്യമുള്ളതിനാല്‍ കമ്മ്യൂണിസ്റ്റ് സഹയാത്രികരുടെ വോട്ടും യു.ഡി.എഫിന് കിട്ടും. മതേതര കേരള സടകുടഞ്ഞെഴുന്നേറ്റ് യു.ഡി.എഫിന് വോട്ട് ചെയ്യും. കോണ്‍ഗ്രസ് ദുര്‍ബലമായാല്‍ ഫാഷിസത്തിന് എതിരായ പോരാട്ടം എന്താകുമെന്ന് മനസിലാക്കാനുള്ള സാമാന്യബുദ്ധി മതേതര കേരളത്തിനുണ്ടെന്ന് പിണറായി വിജയനെ ഓര്‍മ്മപ്പെടുത്തുന്നു.

കേരള സ്റ്റോറി സംബന്ധിച്ച വിവാദം അവസാനിപ്പിക്കണമെന്ന് സഭ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നില്‍ ഭിന്നിപ്പിന്റെ വിത്തുകള്‍ പാകാനുള്ള സംഘപരിവാര്‍ അജണ്ടയുണ്ട്. സാമൂഹിക മാധ്യമക അക്കൗണ്ടുകളിലൂടെ സംഘപരിവാര്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഭിന്നിപ്പ് ഉണ്ടാക്കാന്‍ പാടില്ലെന്ന് സഭ തന്നെ വ്യക്തിമാക്കിയിട്ടുണ്ട്. ക്രൈസ്തവ സ്ഥാപനങ്ങള്‍ വ്യാപകമായി ആക്രമിക്കപ്പെടുകയാണ്. ഒന്നര മാസത്തിനിടെ 76 സ്ഥാപനങ്ങളാണ് ആക്രമിക്കപ്പെട്ടത്. മണിപ്പൂരില്‍ 254 പള്ളികള്‍ കത്തിക്കുകയും നൂറു കണക്കിന് പേര്‍ കൊല്ലപ്പെടുകയും പതിനായിരങ്ങള്‍ പലായനം ചെയ്യുകയും ചെയ്തു.

ഈ മഹാദുരന്തം ക്രൈസ്തവരുടെ മനസില്‍ വലിയ മുറിവാണുണ്ടാക്കിയത്. അസമില്‍ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംഘപരിവാര്‍ കയറി ഇറങ്ങി ജയ് ശ്രീറാം കൊടി ഉയര്‍ത്തുകയാണ്. ക്രിസ്തുവിന്റെയും പുണ്യാളന്‍മാരുടെയും പ്രതിമകള്‍ മാറ്റണമെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിക്കുകയാണ്. സെന്റ് സെബാസ്റ്റ്യന്‍, സെന്റ് മേരീസ്, സെന്റ് തോമസ് തുടങ്ങിയ പേരുകള്‍ പാടില്ലെന്ന് സംഘപരിവാര്‍ ഏജന്റുമാര്‍ താക്കീത് നല്‍കുകയാണ്.

ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബെംഗലുരുവിലെ ബിഷപ്പ് കോടതിയെ സമീപിച്ചിരിക്കുകയാണ്. മതപരിവര്‍ത്തന വിരുദ്ധ നിയമമുണ്ടാക്കി വൈദികരെയും പാസ്റ്റര്‍മാരെയും ജയിലില്‍ ഇട്ടിരിക്കുകയാണ്. അപകടകരമായ റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. അതേ ആളുകള്‍ ഇവിടെ ഭിന്നിപ്പ് ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ ക്രൈസ്തവര്‍ കൂടി ഉള്‍പ്പെട്ട മതേതര കേരളം അതിന് മറുപടി നല്‍കും.

മുഖ്യമന്ത്രി ദേശാഭിമാനിയും കൈരളിയും കാണുന്നതു കൊണ്ടാണ് പ്രതിപക്ഷം നല്‍കുന്ന മറുപടികളൊന്നും കാണാത്തത്. ലോകത്ത് നടക്കുന്നത് അറിയാന്‍ അദ്ദേഹം മറ്റ് മാധ്യമങ്ങള്‍ കൂടി വായിക്കണമെന്നും സതീശൻ പറഞ്ഞു.  

Tags:    
News Summary - VD Satheesan said that CPM leaders looted 300 crores from the poor in Karuvannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.