മുനമ്പം ഭൂമി: കേരള സർക്കാർ വഖഫ് ബോർഡിനെ കൊണ്ട് നടത്തുന്നത് വഞ്ചന -വി.ഡി. സതീശൻ

ആലുവ: മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാർ വഖഫ് ബോർഡിനെ കൊണ്ട് നടത്തുന്നത് വഞ്ചനയാണെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തി.

മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ സർക്കാർ കാണിച്ച കള്ളകളിയാണ് മനസിലാക്കേണ്ടത്. വഖഫ് ട്രൈബ്യൂണലിൽ കേസ് നടക്കുകയാണ്. വഖഫ് ഭൂമിയല്ലെന്ന് ഭൂമി കൊടുത്ത സേട്ടിന്‍റെ കുടുംബവും ഭൂമി സ്വീകരിച്ച ഫറൂഖ് കോളജ് മാനേജ്മെന്‍റും പറയുന്നു.

വഖഫ് ഭൂമിയല്ലെന്ന നിലപാടാണ് താൻ ആദ്യം മുതൽ എടുത്തത്. വഖഫ് ഭൂമിയാണെങ്കിൽ മുനമ്പത്തെ നിവാസികൾ കടന്നുകയറ്റക്കാരാകും. അപ്പോൾ റവന്യൂ അവകാശം നൽകാനാവില്ല. രേഖകൾ പരിശോധിച്ചാൽ വഖഫ് ഭൂമിയല്ലെന്ന് വ്യക്തമാകും.

ട്രൈബ്യൂണലിൽ നിന്ന് മുനമ്പം നിവാസികൾക്ക് അനുകൂലമായ തീരുമാനം വരുമെന്ന് കണ്ടപ്പോൾ സംസ്ഥാന സർക്കാറിന്‍റെ നിർദേശ പ്രകാരം വഖഫ് ബോർഡ് ഹൈകോടതിയിൽ പോയി സ്റ്റേ വാങ്ങി. മെയ് 29 വരെയാണ് സ്റ്റേ വാങ്ങിയത്. മെയ് 19 വരെയാണ് നിലവിലെ വഖഫ് ട്രൈബ്യൂണലിന്‍റെ കാലാവധി. ഇക്കാര്യത്തിൽ വഖഫ് മന്ത്രിക്ക് പങ്കുണ്ട്.

നിലവിലെ ട്രൈബ്യൂണലിനെ കൊണ്ട് വിധി പറയിപ്പിക്കാതിരിക്കാനാണ് ശ്രമിച്ചത്. പുതിയ ട്രൈബ്യൂണലിന്‍റെ ഘടന ഭേദഗതി ചെയ്ത വഖഫ് നിയമം പ്രകാരമാണ്. കേരള സർക്കാർ വഖഫ് ബോർഡിനെ കൊണ്ട് നടത്തുന്നത് വഞ്ചനയാണ്.

പ്രതിപക്ഷ നേതാവിനെതിരെ വഖഫ് സി.ഇ.ഒക്ക് സാധിക്കുമോ എന്ന് മാധ്യമങ്ങൾ അന്വേഷിക്കണം. വഖഫ് ഭൂമിയാണെന്ന് സംസ്ഥാന സർക്കാറിന് നിയന്ത്രണമുള്ള വഖഫ് ബോർഡിനെ കൊണ്ട് പറയിപ്പിച്ചു. അപ്പോൾ സർക്കാറിന്‍റെ നിലപാട് മുനമ്പം നിവാസികൾ ഭൂമിയിൽ കടന്നുകയറി എന്നതല്ലേ?. എന്നിട്ടാണ് മുനമ്പം നിവാസികളെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പച്ചകള്ളം പറയുന്നത്.

ഹൈകോടതി സ്റ്റേ വഖഫ് ബോർഡ് വാങ്ങിയിരുന്നില്ലെങ്കിൽ ട്രൈബ്യൂണലിൽ നിന്ന് നല്ല വിധി ഉണ്ടാകുമായിരുന്നു. ഇക്കാര്യമാണ് ബിഷപ്പ് ചക്കാലയ്ക്കൽ പറഞ്ഞത്. മുനമ്പം പ്രശ്നം പരിഹരിക്കാൻ 10 മിനിറ്റ് മതിയെന്നാണ് പ്രതിപക്ഷം പറഞ്ഞത്. യു.ഡി.എഫ് സർക്കാർ ഭരണത്തിലേറിയാൽ 10 മിനിറ്റ് കൊണ്ട് പ്രശ്നം പരിഹരിക്കുന്നത് കാണിച്ചു തരാമെന്നും വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Tags:    
News Summary - VD Satheesan react to Munambam Waqf Land Issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.