നിലപാട് സ്വീകരിക്കുന്നത് ഇമേജ് ബിൽഡിങ്ങിന്‍റെ ഭാഗമല്ലെന്ന് വി.ഡി. സതീശൻ

പാലക്കാട്: പാലാ ബിഷപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസിന് രാഷ്ട്രീയ മുതലെടുപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതിൽ ഇമേജ് ബിൽഡിങ് ഇല്ല. നിലപാട് സ്വീകരിക്കുന്നവർക്ക് എന്ത് ഇമേജ് ആണുള്ളത്. നിലപാട് ഇല്ലായ്മ കൊണ്ട് കളിക്കുന്ന ആളുകളോട് എന്ത് പറയാനാണെന്നും സതീശൻ പറഞ്ഞു.

പാലാ ബിഷപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ വ്യക്തമായ നിലപാടുണ്ട്. സംഘർഷം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവനകളോ പ്രകടനമോ ചർച്ചകളോ സമൂഹ മാധ്യമങ്ങളിൽ ഉണ്ടാകരുതെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ക്ലീൻ ഇമേജ് സൃഷ്ടിക്കാൻ പാടുപെടുന്നതായി സീറോ മലബാർ സഭ മുഖപത്രമായ ദീപികയിൽ ഇന്ന് പ്രസിദ്ധീകരിച്ച ലേഖനത്തിൽ ആരോപിച്ചിരുന്നു. 'യാഥാർഥ്യം തിരിച്ചറിഞ്ഞവരും അജ്ഞത നടക്കുന്നവരും' എന്ന തലക്കെട്ടിൽ സി.കെ. കുര്യാച്ചൻ എഴുതിയ ലേഖനത്തിലാണ് സതീശനെ കൂടാതെ കോൺഗ്രസിനെയും യു.ഡി.എഫിനെയും ലക്ഷ്യമിട്ട് വിമർശനം വന്നത്.

ക്ലീൻ ഇമേജ് സൃഷ്ടിക്കാൻ പാടുപെടുന്ന സതീശന് ചങ്ങനാശേരിയിൽ നിന്ന് കാര്യങ്ങൾ വ്യക്തമായി കാണുമെന്ന് ലേഖനത്തിൽ പറയുന്നു. അതുകൊണ്ടാവാം അദ്ദേഹം പാലായ്ക്ക് പോകാതിരുന്നത്. എന്നാൽ, തന്‍റെ ഇമേജ് കാത്തുസൂക്ഷിക്കാൻ സതീശൻ ചില പൊടിക്കൈകൾ കോട്ടയത്ത് കാട്ടുകയും ചെയ്തെന്നും ലേഖനം പറയുന്നു.

കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ പാലായിലെത്തി ബിഷപ്പിനെ കണ്ട് കാര്യങ്ങൾ മനസിലാക്കിട്ടുണ്ടാവാമെന്ന് കരുതുന്നു. യു.ഡി.എഫിലെ രണ്ടാം കക്ഷിയായ മുസ് ലിം ലീഗിന് ബിഷപ്പ് പറഞ്ഞ കാര്യങ്ങൾ മുമ്പേ അറിയാവുന്നതാണ്. എന്നാൽ, അറിയാത്തവരും അജ്ഞത നടിക്കുന്നവരും ഏറെയുണ്ടെന്നും ലേഖനത്തിൽ പറയുന്നു.

Tags:    
News Summary - VD Satheesan react to Image Building in Pala Bishop Issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.