മലപ്പുറം: മുമ്പ് സി.പി.എമ്മിന് പിന്തുണ നൽകിയപ്പോൾ ജമാഅത്തെ ഇസ്‍ലാമി മതേതരവാദിയായിരുന്നുവെന്നും ഇപ്പോൾ യു.ഡി.എഫിനെ പിന്തുണച്ചപ്പോൾ വർഗീയവാദിയായെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സി.പി.എമ്മിന്‍റെ നിലപാട് മാറ്റത്തെ കളിയാക്കിക്കൊണ്ടായിരുന്നു പ്രസ്താവന. ഓന്തിനെപ്പോലെ നിറംമാറുകയാണ് സി.പി.എം. മുസ്ലിം സംഘടനകളിൽ വ്യക്തമായ രാഷ്ട്രീയ ബോധമുള്ള സംഘടനയാണ് ജമാഅത്തെ ഇസ്‍ലാമിയെന്ന് 2009ൽ പിണറായി വിജയൻ പറഞ്ഞത് സതീശൻ ഓർമിപ്പിച്ചു.
'സി.പി.എമ്മിന് ജമാഅത്തുമായി പൂർവബന്ധമുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സി.പി.എം ജമാഅത്തിന്‍റെ പിന്തുണ തേടി മത്സരിച്ചിരുന്നു. വ്യക്തമായ രാഷ്ട്രീയനിലപാടുള്ള സംഘടനയാണ് ജമാഅത്തെ ഇസ്‍ലാമിയെന്ന് പിണറായി വിജയൻ അന്ന് പറഞ്ഞപ്പോൾ ആർക്കും പ്രശ്‌നമില്ലായിരുന്നു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിന് നിരുപാധിക പിന്തുണ നൽകിയിട്ടുണ്ട്. അത് ഞങ്ങൾ സ്വീകരിക്കും' -സതീശന്‍ പറഞ്ഞു. സി.പി.എം നേതാക്കൾ ജമാഅത്തെ ഇസ്‍ലാമിയെ മുൻകാലത്ത് പുകഴ്ത്തിപ്പറഞ്ഞ കാര്യങ്ങൾ സതീശൻ വാർത്തസമ്മേളനത്തിൽ വായിച്ചു.
'പി.ഡി.പിയുടെ പിന്തുണ സി.പി.എമ്മിന് കിട്ടിയിട്ടുണ്ടല്ലോ. അതിൽ ഒരു വിഷമവും അവർക്കില്ലല്ലോ. ഇതിനാണ് ഇരട്ടത്താപ്പെന്ന് പറയുന്നത്. ജമാഅത്തെ ഇസ്‍ലാമി പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ പിന്തുണ നൽകിയിട്ടുണ്ട്. അത് ഞങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ഇപ്പോഴും നിരുപാധികമായി പിന്തുണക്കുന്നുണ്ട്. അതും ഞങ്ങൾ സ്വീകരിക്കും.'
എൽ.ഡി.എഫിനെ പിന്തുണക്കുന്ന സമയത്ത് ജമാഅത്തെ ഇസ്‍ലാമിയെ മതരാഷ്ട്രവാദികളെന്ന് ഞങ്ങൾ വിളിച്ചിട്ടില്ല. അങ്ങനെയൊരു നിലപാടൊന്നും അവർ സ്വീകരിക്കുന്നില്ല. യു.ഡി.എഫിൽ അസോസിയേറ്റ് മെമ്പറാക്കുന്നത് സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ല. അങ്ങനെയൊരു ആവശ്യം അവർ ഉന്നയിച്ചിട്ടില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി യു.ഡിഎഫിനെ പിന്തുണക്കുമെന്ന് ഇന്നലെ സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സർക്കാരിനെതിരായ ജനരോഷം ഉയർത്തിക്കൊണ്ടുവരാനുള്ള അവസരമായാണ് ഉപതെരഞ്ഞെടുപ്പിനെ കാണുന്നതെന്നും സർക്കാരിന്റെ ജനദ്രോഹ നിലപാടുകൾ തുറന്നുകാണിക്കാനും തിരുത്തിക്കാനും ഇതൊരു അവസരമായി പാർട്ടി കാണുന്നുവെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
അതേസമയം, വർഗീയ ശക്തികളുടെ കൂടാരമായി യു.ഡി.എഫ് മാറിയെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ ആരോപണം. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം വർഗീയവാദികളുമായി കൂട്ടുകൂടിയിട്ടുണ്ട്. പി.ഡി.പിയും ജമാഅത്തെ ഇസ്‍ലാമിയും ഒരുപോലെ അല്ലെന്നും രണ്ടും കൂടി കൂട്ടിക്കുഴക്കേണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.