വി.ഡി സതീശൻ
തിരുവനന്തപുരം: എൻ.എസ്.എസിന്റെ നിലപാടിൽ യു.ഡി.എഫിന് ആശങ്കപ്പെടാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എൻ.എസ്.എസ് സാമുദായിക സംഘടനയാണ്. അവർക്ക് അവരുടെ നിലപാടെടുക്കാം. അതിന് പൂർണസ്വാതന്ത്ര്യമുണ്ട്. അവർ എന്ത് തീരുമാനമെടുക്കണമെന്ന് പറയേണ്ടത് ഞങ്ങളല്ല. യു.ഡി.എഫ് എൻ.എസ്.എസിന്റെ നിലപാടിനെതിരെ പരാതിയോ ആരോപണമോ ആക്ഷേപമോ ഉന്നയിച്ചിട്ടില്ലെന്നും സതീശൻ പറഞ്ഞു.
കപട ഭക്തി കാണിക്കുന്ന അയ്യപ്പ സംഗമവുമായി ഒരുകാരണവശാലും സഹകരിക്കില്ലെന്നത് യു.ഡി.എഫിന്റെ രാഷ്ട്രീയ തീരുമാനമാണ്. അതിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ, കേരളത്തിൽ ഭൂരിപക്ഷ വർഗീയതയെയാണ് സി.പി.എം പ്രോത്സാഹിപ്പിക്കുന്നത്. മുൻപ് അത് ന്യൂനപക്ഷ വർഗീയതയായിരുന്നു. ഇതിനെ രണ്ടിനേയും കോൺഗ്രസ് പ്രോത്സാഹിപ്പിക്കില്ല. ഉറച്ച മതേതര നിലപാടാണ് യു.ഡി.എഫിനുള്ളത്. കേരളത്തിലെ സി.പി.എമ്മിന്റേത് ഇപ്പോൾ തീവ്ര വലതുപക്ഷ രാഷ്ട്രീയമായി മാറിയിരിക്കുന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി.
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സി.പി.എമ്മിനെ പിന്തുച്ച് എൻ.എസ്.എസ് ജന. സെക്രട്ടറി സുകുമാരൻ നായർ നിലപാട് വ്യക്തമാക്കിയിരുന്നു. കേന്ദ്രഭരണം കൈയിലുണ്ടായിട്ടും ബി.ജെ.പി ഒന്നും ചെയ്തില്ലെന്നും കോൺഗ്രസ് കള്ളക്കളി കളിച്ചുവെന്നും അദ്ദേഹം ചാനൽ അഭിമുഖത്തിൽ പറഞ്ഞു.
വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് നൽകിയതിനാലാണ് ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. സമദൂര നിലപാട് അവകാശപ്പെട്ടിരുന്ന എൻ.എൻ.എസിൽ നിന്നുണ്ടായ പ്രതികരണം യു.ഡി.എഫിനെ അങ്കലാപ്പിലാക്കിയിരുന്നു. സുകുമാരൻ നായരുടെ പ്രതികരണത്തിന് പിന്നാലെ അദ്ദേഹത്തെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം നീക്കം നടത്തുന്നുവെന്ന വാർത്തകളും പുറത്തുവന്നിരുന്നു. കരയോഗങ്ങളില്‍നിന്നടക്കം വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സുകുമാരൻ നായർ. തന്റെ രാഷ്ട്രീയ നിലപാട് പറഞ്ഞു കഴിഞ്ഞുവെന്നും കൂടുതലായൊന്നും പറയാനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.