‘വിജയത്തിന്‍റെ ക്രെഡിറ്റ് സുധാകരൻ എനിക്ക് തന്നു, ഞാൻ വേണ്ടെന്ന് പറഞ്ഞു, അതാണ് തർക്കം’ -വൈറൽ വി​ഡി​യോക്ക് വിശദീകരണവുമായി സതീശൻ

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനുമായി തർക്കത്തിലേർപ്പെടുന്ന വിഡിയോക്ക് വിശദീകരണവുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ ജയിച്ചതിനുപിന്നാലെ കോട്ടയം ഡി.സി.സി ഓഫിസിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ഇരുവരും പരസ്യമായി തർക്കത്തിലേർപ്പെ​ട്ടത്. പുതുപ്പള്ളി വിജയത്തിന്റെ ക്രെഡിറ്റ് മുഴുവൻ കെ.പി.സി.സി പ്രസിഡന്റ് തനിക്ക് വകവെച്ചു തന്നത് താൻ എതിർത്തുവെന്നും അതിന്റെ പേരിലാണ് തർക്കം നടന്നതെന്നും സതീശൻ പറയുന്നു. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് സതീശന്റെ വിശദീകരണം.

Full View

‘ഞാനും കെ.പി.സി.സി പ്രസിഡന്റും തമ്മിൽ തർക്കമുണ്ടായി എന്നത് സത്യമാണ്. അവിടെ വെച്ചല്ല, ഡി.സി.സി ഓഫിസിൽ വെച്ചാണ് തർക്കമുണ്ടായത്. 37000ത്തിലധികം വോട്ടി​ന് ജയിച്ചപ്പോൾ ഈ വിജയത്തിന്റെ ക്രെഡിറ്റ് മുഴുവൻ പ്രതിപക്ഷ​ നേതാവിനാണെന്ന് താൻ വാർത്താസമ്മേളനത്തിൽ പറയാൻ പോവുകയാണ് എന്ന് അദ്ദേഹം (സുധാകരൻ) പറഞ്ഞു. ഞാൻ പറഞ്ഞു, ഒരുകാരണവശാലും പറയാൻ പാടില്ല. ഇതിന്റെ മുഴുവൻ ക്രെഡിറ്റും ടീം യു.ഡി.എഫിനാണെന്ന് അങ്ങ് പറയണം എന്ന് ഞാൻ പറഞ്ഞു’ -സതീശൻ വ്യക്തമാക്കി.

‘എന്നാൽ, മുഴുവൻ ക്രെഡിറ്റും ടീം യു.ഡി.എഫിനാണെന്ന് താൻ പറയില്ലെന്നും പ്രതിപക്ഷനേതാവിന്റെ ക്രെഡിറ്റാണെന്ന് പറയും എന്നും സുധാകരൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ അങ്ങനെ പറയാൻ വന്ന അദ്ദേഹത്തെ സംസാരിപ്പിക്കാതിരിക്കാനാണ് ഞാൻ ശ്രമിച്ചത്. അപ്പോൾ ‘ഞാനാണ് കെ.പി.സി.സി പ്രസിഡന്റ്, ഞാൻ ആദ്യം പറയും’ എന്ന് അദ്ദേഹം വാശിപിടിച്ചു. അപ്പോൾ ഞാൻ മൈക്ക് നീക്കിവെച്ചു. എല്ലാത്തിന്റെയും ക്രെഡിറ്റ് പ്രതിപക്ഷ നേതാവിനാണെന്ന് അദ്ദേഹം പറയുകയും ചെയ്തു. ഞാൻ കൈയിൽ പിടിച്ചും കാലിലും അമർത്തി പറയല്ലേ, പറയല്ലേ എന്ന് പറഞ്ഞതാണ്. എന്നിട്ടും അദ്ദേഹം പറഞ്ഞു.

ഞാൻ മാത്രമല്ല കഷ്ടപ്പെട്ടത്. എനിക്ക് മാത്രം ക്രെഡിറ്റ് തരുന്നതിൽ അനൗചിത്യവും അരോചകത്വവുമുണ്ട്. പുള്ളി അതൊന്നും വിട്ടുകൊടുക്കൂല. ഒരുകാര്യം പറയണമെന്ന് കരുതിയാൽ പറഞ്ഞിട്ടേ പോകൂ. വാശിക്കാരനാണ്. ഇതാണ് സത്യം. തുടർന്നുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഞാൻ മറുപടി പറയാതിരുന്നത് എന്റെ ശബ്ദം മോശമായതിനാലാണ്. കെ.പി.സി.സി പ്രസിഡന്റ് എല്ലാകാര്യങ്ങളും വിശദീകരിച്ചത് ഞാൻ ആവർത്തിക്കണ്ട​ല്ലോ എന്നും കരുതി. തർക്കമുണ്ടായി എന്നത് ഒളിച്ചുവെക്കുന്നില്ല.’ -സതീശൻ വ്യക്തമാക്കി.

Tags:    
News Summary - VD Satheesan K Sudhakaran mic clash kottayam dcc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.