വല്ലവന്റെയും മക്കളെയാണ്, കൊച്ചുപിള്ളേരെയാണ് ഇങ്ങനെ തല്ലുന്നത്, ഗുണ്ടകൾക്ക് പൊലീസ് പഞ്ചനക്ഷത്ര ഹോട്ടലിൽ മദ്യം വിളമ്പുന്നുവെന്നും ​വി.ഡി.സതീശൻ

തിരുവനന്തപുരം: പൊലീസ് കസ്റ്റഡി മർദനത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി വിഷയത്തിൽ മൗനം വെടിയണം, ആരെയാണ് ഭയപ്പെടുന്നതെന്നും വി.ഡി. സതീശൻ ചോദിച്ചു.

പൊലീസ് സ്റ്റേഷനുകളിൽ നിന്ന് പുറത്തുവന്ന ക്രൂര മർദനങ്ങളുടെ ദൃശ്യങ്ങൾ പ്രതിപക്ഷമോ മാധ്യമങ്ങളോ ഉണ്ടാക്കിയതല്ല. വല്ലവന്റെയും മക്കളെയാണ്, കൊച്ചുപിള്ളേരെയാണ് ഇങ്ങനെ ചെയ്യുന്നത്. ഗുണ്ടകൾക്ക്, ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിക്ക് പഞ്ചനക്ഷത്ര ഹോട്ടലിൽ മദ്യം വിളമ്പുകയാണ് പൊലീസ്. കുറ്റവാളികൾക്കും ഗുണ്ടകൾക്കും ജയിലിൽ എല്ലാ സൗകര്യവുമൊരുക്കി നൽകുന്ന പൊലീസ് പാവങ്ങളെയാണ് ഇങ്ങനെ ഇടിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സംസ്ഥാനത്തെ പൊലീസ് ക്രിമിനൽ സംഘമായി മാറി. മുഖ്യമന്ത്രി ഗുണ്ടാസംഘങ്ങൾക്കും ക്രിമിനൽ സംഘങ്ങൾക്കുമാണ് നേതൃത്വം നൽകുന്നതെന്നും സതീശൻ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പാർട്ടി നടപടി സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം കൂടിയാലോചിച്ച് എടുത്തതാണ്. വി.ഡി സതീശൻ എന്ന വ്യക്തിയുടെ മാത്രം തീരുമാനമല്ല. എ.​ഐ.​സി.സിയുടെ അനുമതിയോടെ എടുത്ത അച്ചടക്ക നടപടിയാണ്. അത് കോൺഗ്രസ് ​പ്രവർത്തകർ ആരും ചോദ്യം ചെയ്യില്ല. അത് അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല ശ്രീകോവിലിനു മുന്നിലെ ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ പാളി കോടതിയെ പോലും അറിയിക്കാതെ ചെന്നെയിലേക്ക് കൊടുത്തയച്ചു. 40 വർഷത്തെ വാറണ്ടിയുണ്ടായിരുന്ന പാളി ആറുവർഷം കഴിഞ്ഞപ്പോൾ ചീത്തയായി. ശബരിമലയിൽ എന്തെല്ലാം ദുരൂഹതകളാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

അയ്യപ്പസംഗമത്തിൽ പ്രതിപക്ഷത്തിൻറെ ചോദ്യത്തിന് ആരും മറുപടി പറഞ്ഞിട്ടില്ല. ആചാരലംഘനത്തെ പിന്തുണക്കുന്ന സുപ്രീംകോടതിയിലെ സത്യവാങ്മൂലം പിൻവലിക്കുവാൻ കേരള സർക്കാർ തയ്യാറാവുമോ.?. യു.ഡി.എഫ് സർക്കാർ നൽകിയ സത്യവാങ്മൂലം തിരുത്തിയാണ് എൽ.ഡി.എഫ് സർക്കാർ ആചാര ലംഘനത്തിനെ അനുകൂലിക്കുന്ന സത്യവാങ്മൂലം കൊടുത്തതെന്നും വി.ഡി. സതീശൻ പറഞ്ഞു.

നാമജപ ഘോഷയാത്രയുടെയടക്കം പേരിൽ ആയിരക്കണക്കിന് ആളുകൾക്കെതിരെയാണ് കേസെടുത്തത്. ഇത് പിൻവലിക്കുമെന്ന് അസംബ്ളിയിൽ ഉറപ്പുനൽകിയതാണ്. എന്നാൽ ഒരുകേസും പിൻവലിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ശബരിമല മാസ്റ്റർ പ്ളാൻ കൊണ്ടുവന്ന് മുതലെടുപ്പ് നടത്താനാണ് സർക്കാർ നീക്കമെന്നും വി.ഡി. സതീശൻ പറഞ്ഞു.

Tags:    
News Summary - V.D. Satheesan against kerala police brutality on people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.