തൃശൂർ: വെള്ളയാംകുടി സെൻറ് ജെറോംസ് ഹയർ സെക്കൻഡറി സ്കൂൾ വട്ടപ്പാട്ടിൽ നേടിയ എ ഗ്രേഡിന് ന്യൂജൻ തിളക്കം. കലോത്സവത്തിനുള്ള പരിശീലകർക്ക് ലക്ഷക്കണക്കിന് രൂപ നൽകേണ്ട ഈ കാലത്ത് ഇവർ ഗുരുവായി തെരഞ്ഞെടുത്തത് ഇൻറർനെറ്റും യൂട്യൂബും. യൂട്യൂബിൽ വട്ടപ്പാട്ട് വിഡിയോ കണ്ട് പഠിച്ചാണ് ഇവർ സബ്ജില്ലയും ജില്ലയും കടന്ന് ഇപ്പോൾ സംസ്ഥാന കലോത്സവത്തിലും മിന്നിത്തിളങ്ങിയത്. വൻതുക മുടക്കി പരിശീലകരെ െവച്ച് പഠനം നടത്താതെതന്നെ ന്യൂജൻ കാലത്ത് വേദി കീഴടക്കാൻ മാർഗമുണ്ടെന്ന് ഇടുക്കിയിൽനിന്നുള്ള ഈ കൗമാരക്കാർ കാട്ടിത്തരുന്നു.
വട്ടപ്പാട്ട് മത്സരത്തിൽ ജില്ലയിൽ എക്കാലവും മേധാവിത്വം പുലർത്തിയിരുന്ന കരിങ്കുന്നം സെൻറ് അഗസ്റ്റിൻസിനെ ജില്ലയിൽ പരാജയപ്പെടുത്തിയാണ് ഇവരെത്തിയത്. പാട്ടും ശൈലികളുമെല്ലാം വിഡിയോ കണ്ടാണ് പഠിച്ചത്. വസ്ത്രരീതിയിലെ വിശദാംശങ്ങൾ അറിയാൻ മാത്രം വട്ടപ്പാട്ട് അധ്യാപകനായ അമീെൻറ സഹായം തേടി. റണോൾഡ് റജിയാണ് യൂട്യൂബിൽനിന്ന് വരികൾ പകർത്തിയെഴുതി പാടിയത്. വിദ്യാർഥികളുടെ നിശ്ചയദാർഢ്യത്തിന് പൂർണപിന്തുണ നൽകി അധ്യാപകരും ഒപ്പം നിന്നപ്പോൾ വിജയം കൈപ്പിടിയിലൊതുങ്ങി. പഠനം കഴിഞ്ഞ് അഞ്ചുമുതൽ ഒമ്പതുമണി വരെ പരിശീലനം നടത്തുന്നതിന് സ്കൂൾ അനുമതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.