തിരുവനന്തപുരം: ഉണ്ണികൃഷ്ണൻ പോറ്റി കട്ടിളപ്പടികൾ ശബരിമലയിൽനിന്ന് കൊണ്ടുപോയത് താൻ കമീഷണർ സ്ഥാനത്ത് നിന്നും വിരമിച്ച ശേഷമാണെന്നും ഉരുപ്പടികളുടെ ഉത്തരവാദിത്തം തിരുവാഭരണം കമീഷണർക്ക് ആണെന്നുമാണ് വാസു അന്വേഷണസംഘത്തിന് മുന്നിൽ ആവർത്തിച്ചെങ്കിലും തെളിവുകൾക്കുമുന്നിൽ പിടിച്ചുനിൽക്കാനായില്ല.
2019 മാർച്ച് 14ന് കമീഷണർ സ്ഥാനത്തുനിന്ന് വിരമിച്ച വാസു 2019 നവംബർ 15ന് ദേവസ്വം പ്രസിഡന്റായി ചുമതലയേറ്റു. ഈ ഘട്ടത്തിലാണ് ശ്രീകോവിലിന്റെയും പ്രധാന വാതിലിന്റെയും ദ്വാരപാലകരുടെയും സ്വർണപ്പണി പൂർത്തിയാക്കിയ ശേഷം അധിക സ്വർണം തന്റെ പക്കലുണ്ടെന്ന് അറിയിച്ചുകൊണ്ട് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇ-മെയിൽ സന്ദേശം വാസുവിന് ലഭിക്കുന്നത്.
തന്റെ പക്കലുള്ള സ്വർണം നിർധനയായ യുവതിയുടെ വിവാഹാവശ്യത്തിന് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും താങ്കളുടെ വിലപ്പെട്ട അഭിപ്രായം അറിയിക്കണമെന്നുമാണ് 2019 ഡിസംബർ ഒമ്പതിന് ഉണ്ണികൃഷ്ണൻ പോറ്റി വാസുവിന് അയച്ച ഇ-മെയിലിൽ അറിയിച്ചിരുന്നത്.
എന്നാൽ, പോറ്റിയുടെ കൈവശമുള്ള അധിക സ്വർണം എത്രയാണെന്ന് അന്വേഷിക്കുകയോ അയ്യപ്പന്റെ സ്വത്ത് സ്വകാര്യ വ്യക്തിയുടെ കൈയിലാണെന്ന് തിരിച്ചറിഞ്ഞിട്ടും ഇവ തിരിച്ചുപിടിക്കുകയോ ചെയ്യുന്നതിന് വാസു താൽപര്യം കാണിച്ചില്ലെന്ന് അന്വേഷണസംഘം കണ്ടെത്തി. പകരം പോറ്റിയുടെ കത്ത് തുടർനടപടികള്‍ക്കായി തിരുവാഭരണം കമീഷണർക്കും ശബരിമല എക്സിക്യൂട്ടീവ് ഓഫിസർക്കും കൈമാറുകയായിരുന്നു.
ഇത് തിരക്കഥയുടെ ഭാഗമായിരുന്നെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. ഈ കത്തിൽ തുടർ നടപടി എന്തായെന്നും വാസു അന്വേഷിക്കാത്തതും ഗൂഢാലോചനയുടെ ഭാഗമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.