??.??? ?????????????? ????? ?????????

നേര്‍വഴികാട്ടിയത് ജീവിതാനുഭവം….

നേഴ്‌സസ് ദിനാചരണത്തിന് ഇക്കുറി എക്കാലത്തെയും ഏറെ പ്രസക്തിയുണ്ട്. ജീവന്‍ രക്ഷിക്കുന്നതില്‍ നേഴ്‌സുമാരുടെ പങ്ക് എത്ര ത്തോളം വലുതാണെന്നത് മറ്റേതൊരു കാലത്തെക്കാളും, കോവിഡ് ഭീഷണിയുടെ ഇക്കാലത്ത് എല്ലാവരും തിരിച്ചറിയുന്നു.  മാലാഖമാര്‍, എന്നൊക്കെ നേഴ്‌സുമാര്‍ വിശേഷിപ്പിക്കപ്പെട്ടുവരുന്നെങ്കിലും, എല്ലാവരും മനസ്സില്‍ തട്ടിതന്നെയാണ് ഇപ്പോള്‍ വിശേഷിപ്പിക്കുകയോ വിചാരിക്കുകയോ ചെയ്യുന്നതെന്ന്     ഉറപ്പിക്കാം.  ഇപ്പോഴില്ലെങ്കിലും, ദീര്‍ഘകാലം നേഴ്‌സാ യിരുന്ന എനിക്കും ഏറെ സന്തോഷവും ആവേശവുമൊക്കെ ജനങ്ങളുടെ ഈ മനോവികാസം പകരും.  ഞാന്‍ മാത്രമല്ല എന്നെ പോലെ ലോകമെമ്പാ ടുമുള്ള റിട്ടയര്‍ ചെയ്തവരും സര്‍വ്വീസില്‍ തുടരുന്നവരുമുള്‍പ്പെടെ, ഈ മഹാസമൂഹം അഭൂതപൂര്‍വ്വമായി ആദരിക്കപ്പെടുന്നു.  അതുകാണുമ്പോള്‍ മനസ്സ് നിറഞ്ഞ് തുളുമ്പുന്ന ചാരിതാര്‍ത്ഥ്യം അളവറ്റ ഊര്‍ജ്ജം പകരുക യാണ്.


എനിക്ക് വലിയ അവകാശവാദങ്ങളൊന്നും ഇല്ല. എന്നാല്‍, എന്റെ സര്‍വ്വീസ് കാലയളവില്‍ ഒരുവിധ ആക്ഷേപത്തിനും ഞാന്‍ ഇടവരുത്തി യിട്ടില്ല.  ഉപരി, തിരിഞ്ഞുനോക്കുമ്പോള്‍ സംതൃപ്തി തന്നെയുണ്ട്.  ഒരിക്കല്‍, പുന്നപ്രയിലെ ഒരു ചെറുപ്പക്കാരന്‍ എന്നെ കാണാന്‍ വന്നു. ആ കുട്ടിയുടെ വിവാഹത്തിനു ക്ഷണിക്കാനായിരുന്നു വരവ്.  കൂടെ അമ്മയും ഉണ്ടായിരുന്നു.  അവര്‍ എന്റെ ബന്ധുവോ, അടുത്ത പരിചയക്കാരോ ആയിരുന്നില്ല.  വിവാഹക്ഷണം കഴിഞ്ഞ് അവര്‍ പോകാനിറങ്ങവെ അമ്മ പറഞ്ഞു: 'സിസ്റ്റര്‍ രക്ഷിച്ച കുട്ടിയാണിത്….. ഓര്‍ക്കുന്നോ എന്തോ… കല്ല്യാണത്തിന് കൂടി വന്ന് അനുഗ്രഹിക്കണം''..  ഞാന്‍ സര്‍വ്വീസില്‍ പ്രവേശിച്ച ആലപ്പുഴ സ്ത്രീകളുടെയും, കുട്ടികളുടെയും ആശുപത്രിയില്‍ ഒരിക്കല്‍ ചികിത്സയ്ക്ക് വന്ന കുട്ടിയായിരുന്നു അത്. കലശാലായ ശ്വാസതടസ്സവും കോട്ടും. ഏറെക്കുറെ ഗുരുതരാവസ്ഥയായിരുന്നു.            ശ്രീ ഉത്തമനായിരുന്നു ഡോക്ടര്‍.  എല്ലാവര്‍ക്കും ആശങ്കയായിരുന്നു.  മൂന്ന് നാള്‍ ഞാന്‍ രാപകല്‍ പരിചരിച്ചു.  ഒടുവില്‍ അവന്‍ രക്ഷപ്പെട്ടു. അന്ന് ഡോക്ടര്‍ എന്നെ അഭിനന്ദിക്കുകയും ചെയ്തു.  ആ കുട്ടിയുടെ കല്ല്യാണമാണ് ക്ഷണിക്കപ്പെട്ടത്.  ആ സംഭവമൊക്കെ ഇന്നലത്തേത് എന്ന പോലെ അമ്മ പറഞ്ഞ് കേള്‍പ്പിച്ചാണ് മടങ്ങിയത്.

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ഞാന്‍ മാറി വന്ന് പ്രവര്‍ത്തിച്ച ഘട്ടം.  ഡ്യൂട്ടി വിഭാഗം മാറിമാറി വരും.  ഒരു തവണ അത്യാഹിത വിഭാഗത്തിലായിരുന്നു ഡ്യൂട്ടി.  അന്നൊരിക്കല്‍ പുന്നപ്ര പടിഞ്ഞാറ് കടപ്പുറത്ത് വെട്ടുംകുത്തും.  വെട്ടേറ്റ ഒരു കോണ്‍ഗ്രസ്സ് നേതാവിനെ ഗുരുതരാവസ്ഥയിലാണ് അത്യാഹിതവിഭാഗത്തില്‍ കൊണ്ടുവന്നത്.  ആഴത്തില്‍ മുറിവ്, രക്തത്തില്‍ മണ്ണ്കുഴഞ്ഞ് ദേഹമാസകലം കുടല്‍മാല കുറെ പുറത്ത്.  വളരെ പണിപ്പെട്ടാണ് ഞാന്‍ അദ്ദേഹത്തെ വൃത്തിയാക്കി മേശമേല്‍ എത്തിച്ചത്.  വിദഗ്ദ ഡോക്ടര്‍ എത്തുന്നതുവരെ ഞാന്‍ പരിചരിച്ചു കൂടെ നിന്നു.  ഡ്യൂട്ടി സമയമൊന്നും ഞാന്‍ നോക്കിയില്ല.  

ഒടുവില്‍ അദ്ദേഹം രക്ഷപ്പെട്ടു.  ഡിസ്ചാര്‍ജ് ആകുന്ന ദിവസം അദ്ദേഹം എന്റെടുത്ത് വന്നു, ക്ഷമിക്കണം സിസ്റ്റര്‍ എന്നു പറഞ്ഞു.  ' ഞാന്‍ തെറ്റിദ്ധരിച്ചു'. എന്തേ ഇങ്ങനെ പറയാന്‍ എന്നു ഞാന്‍ ചോദിച്ചപ്പോള്‍, അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.  ' സിസ്റ്ററിന്റെ പരിചരണവും, ശുഷ്‌കാന്തിയും കഠിനപ്രയത്‌നവുമൊക്കെ ഡോക്ടര്‍ എന്നോട് പറഞ്ഞു.  സിസ്റ്റര്‍ ഒരുപാട് ബുദ്ധിമുട്ടി.  അതുകൊണ്ട് കൂടിയാണ് ഞാന്‍ രക്ഷപ്പെട്ടത്.  ഞാന്‍ വെറുതെ സംശയിച്ചു'.

അദ്ദേഹം കോണ്‍ഗ്രസ്സുകാരനും, ഞാന്‍ കമ്മ്യൂണിസ്റ്റ്കാരിയുമായതുകൊണ്ട് വേണ്ടവിധം നോക്കില്ലെന്ന് തെറ്റിദ്ധരിച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്.  ഞാന്‍ പുഞ്ചിരിയോടെ കേട്ടുനിന്നു.  ' ഞാന്‍ എന്റെ ജോലി യാണ് ചെയ്തത്'.  എന്ന് എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു.  ഇങ്ങനെ എത്രയോ സന്ദര്‍ഭങ്ങള്‍; പറഞ്ഞാല്‍ തീരില്ല.

അച്യുതാനന്ദനും വസുമതിയും (ഫയൽ ചിത്രം)
 

എന്‍റെ നേഴ്‌സിംഗ് ജീവിതം രൂപപ്പെടുത്തിയതില്‍ എന്റെ ജീവിതാനുഭവങ്ങള്‍ നിര്‍ണ്ണായകമായിരുന്നു.  നേഴ്‌സിംഗ് ജോലിയില്‍ ചേരുന്നതിന് മുമ്പ് പൊതുപ്രവര്‍ത്തകയായിരുന്നു.  സ്ത്രീകളുടെ സഹകരണ സംഘം രൂപീകരിച്ച് ചെറിയ തൊഴില്‍സംരംഭങ്ങള്‍ ആരംഭിക്കുകയായിരുന്നു പ്രധാന പ്രവര്‍ത്തനം.  കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള മഹിളാസംഘത്തിന്റെ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.  അതായത്, പാവപ്പെട്ടവരോട് അനുതാപം, അവര്‍ക്ക് കഴിയുന്നത്ര സഹായം ചെയ്യുക; അതിനൊക്കെയുള്ള മനോഭാവം ആ പ്രവര്‍ത്തനങ്ങളിലൂടെ വളരുക യായിരുന്നു.  ഞാന്‍ ഒരു സാധാരണ കുടുംബാംഗമായിരുന്നു.  ആ കുടുംബാന്തരീക്ഷത്തിലെജീവിതവും, സാധാരണകാര്‍ക്കിടയിലെ പ്രവര്‍ത്തന ങ്ങളുടെയുമൊക്കെ അനുഭവങ്ങളും അത്തരമൊരു മനോഭാവം എന്നില്‍ വളരാന്‍ സഹായിച്ചിരിക്കണം.  പാവങ്ങളോട് കാരുണ്യമനസ്സാണ് എന്നും  വി എസ്സിന്റേത്.  അദ്ദേഹത്തിന്റെ ഭാര്യ ആയതോടെ സ്വഭാവികമായും ഞാനും ആ മനസ്സിന്റെ ഭാഗമായി.

മനുഷ്യത്വം നിറഞ്ഞ മനസ്സാണ് രോഗീപരിചരണ ജോലിയുടെ ചൈതന്യം.  അത് കുറെയെങ്കിലും എനിക്ക് ആര്‍ജ്ജിക്കാന്‍ കഴിഞ്ഞ സാഹചര്യം ഈ വിധം വിവരിക്കാമെന്നാണ് ഇപ്പോഴും ഞാന്‍ കരുതുന്നത്.  
ഞങ്ങള്‍ സര്‍വ്വീസ് തുടങ്ങുന്ന കാലത്ത് രാവിലെ 7.30 മണിക്ക് കയറിയാല്‍, വൈകിട്ട് 6.00 മണിവരെയായിരുന്നു ജോലി സമയം.  രാത്രികാല ഡ്യൂട്ടിയാണെങ്കില്‍ നിരന്തരമായി വീട്ടമ്മമാര്‍ കൂടിയായിരുന്ന നേഴ്‌സുമാര്‍ വീട്ടുകാര്യങ്ങളും ഈ വക ജോലിഭാരവും സമന്വയിപ്പിച്ച് പൊയ്‌ക്കൊണ്ടിരുന്നത് അനായാസമായിരുന്നില്ല.  അടിയന്തിരവസ്ഥയെ തുടര്‍ന്ന് വി എസ്സിനെ പാതിരായ്ക്ക് വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു കൊണ്ടുപോകുമ്പോള്‍ ഞാന്‍ ആശുപത്രിയില്‍ നൈറ്റ്ഡ്യൂട്ടിയിലായിരുന്നു.  ഏഴും,അഞ്ചും വയസ്സായ രണ്ടുമക്കള്‍ ഉറങ്ങി കിടക്കുമ്പോഴാണ് ഉടുതുണിയോടെ മാത്രമായി വി എസ്സിന് പോകേണ്ടിവന്നത്.  ഇരുപത് മാസങ്ങള്‍ കഴിഞ്ഞാണ് ഞങ്ങളുടെ ഗൃഹനാഥന്‍ പിന്നീട് വീടണയുന്നത്.  അതുവരെ രണ്ടുകുഞ്ഞുങ്ങളും ഞാനും എന്റെ ജോലിയുമൊക്കെയായി കഴിഞ്ഞുകൂടി.  അക്കാലത്തെക്കുറിച്ചൊന്നും ഇന്നും എനിക്ക് ആരോടും പരിഭവമില്ല; മറ്റുള്ളവര്‍ക്ക് വേണ്ടി കൂടി ജീവിക്കുമ്പോള്‍ ഇതെല്ലാം സ്വഭാവികമെന്നേ കരുതേണ്ടൂ.

സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ ഏറെയും പാവങ്ങളാണ് അവര്‍ക്ക് ചികിത്സ, മരുന്ന്, ഭക്ഷണം, മറ്റുവിധ സഹായങ്ങള്‍ തുടങ്ങിയവ യഥാസമയം ലഭ്യമാക്കുക സര്‍ക്കാര്‍ ആശുപത്രികളുടെ ദൈനംദിന പ്രവര്‍ത്തനപ്രശ്‌നം തന്നെയാണ്.  ഞാന്‍ റിട്ടയര്‍ ചെയ്തിട്ട് 28 വര്‍ഷം കഴിഞ്ഞു.  ഞാന്‍ സര്‍വ്വീസില്‍ ആയിരുന്നപ്പോള്‍ ഈ പ്രശ്‌നം ഇന്നത്തേതിനെക്കാള്‍ കഠിനമായിരുന്നു. ആ ഘട്ടത്തിലെ എന്റെ പ്രവര്‍ത്തനത്തെ ചാരിതാര്‍ത്ഥ്യത്തോടെ തന്നെ അനുസ്മരിക്കാന്‍ കഴിയും.  എന്റെ സര്‍വ്വീസ്‌കാലത്തെ അനുസ്മരണത്തിന് എനിക്കേറ്റവും സന്തോഷം പകരുന്നതും അതുതന്നെ.

ഗവണ്‍മെന്റ് ആശുപത്രി നേഴ്‌സുമാരുടെ മെച്ചപ്പെട്ട സേവന-വേതന വ്യവസ്ഥയ്ക്കുവേണ്ടി നേഴ്‌സുമാരുടെ സംഘടനയുടെ ശക്തമായ സമരവും, ത്യാഗപൂര്‍ണ്ണമായ മറ്റുവിധ പ്രവര്‍ത്തനങ്ങളും എടുത്തുപറയത്തക്കതാണ്.  ആ പ്രവര്‍ത്തനത്തിന് ഈ ജീവിത ഭാരത്തിനിടയിലും ഇടപെട്ടു എന്നതും, ഇപ്പോള്‍ എല്ലാം ഓര്‍ക്കുമ്പോള്‍ സംതൃപ്തി പകരുന്നു.  എന്റെ പിന്മുറക്കാരാണ് ഇന്ന് നേഴ്സ്സുമാര്‍.  സമര്‍പ്പണ മനോഭാവത്തില്‍ ജോലി ചെയ്യാന്‍  ഈ വാരാഘോഷം ഉതകട്ടെ എന്നു ഞാന്‍ ഹൃദയപൂര്‍വ്വം ആശംസിക്കുന്നു.  ആരോഗ്യരംഗം ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുകയാണ്.  ഈ പ്രതിസന്ധി അതിജീവിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന അത്ഭൂതകരമായ പ്രവര്‍ത്തനങ്ങളില്‍ അണിച്ചേര്‍ന്നുകൊണ്ടിരിക്കുന്ന എന്റെ പ്രിയപ്പെട്ട നേഴ്‌സസ്സ് സമൂഹത്തെ ഹൃദയപൂര്‍വ്വം ഞാന്‍ അഭിവാദ്യം ചെയ്യട്ടെ.

Tags:    
News Summary - vasumathi wife of vs achuthanandan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.