അഹമ്മദ് ഷിബിയാന്‍റെ അറബ്മുട്ട് ടീം

സ്കൂൾ കലോത്സവത്തിന്‍റെ വിധിയിൽ 10ാം ക്ലാസ് വിദ്യാർത്ഥികൾക്ക് തോന്നിയ സംശയം, വിദ്യാഭ്യാസ വകുപ്പ് തള്ളിയ അപ്പീലിന് കോടതിയിൽ വിജയം

കാസർഗോഡ് ബോവിക്കാനത്തുള്ള ബി.എ.ആർ ഹയർ സെക്കൻഡറി സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയായ പ്രീതിക ബാലകൃഷ്ണൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് ഒരു പരാതി നൽകി. ജില്ലാതല സ്കൂൾ കലോൽസവത്തിലെ മോണോ ആക്ട്, നാടക മത്സരങ്ങൾക്ക് ശശി പട്ടന്നൂരിനെ വിധികർത്താവായി നിയമിക്കരുത് എന്നായിരുന്നു പരാതിയിലെ ആവശ്യം.

പട്ടന്നൂർ വിധി കർത്താവായി എത്തുന്നു എന്ന വാർത്ത ദിവസങ്ങൾക്കു മുമ്പുതന്നെ വാട്സ് അപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. നാടക പരിശീലകനായ പി. ശശികുമാർ നീലേശ്വരവുമായുള്ള പട്ടന്നൂരിന്‍റെ അടുപ്പം പ്രീതിക പരാതിയിൽ പരാമർശിക്കുന്നുണ്ട്. ശശികുമാരിന്‍റെ വിദ്യാർത്ഥികൾ മോണോ ആക്ട് മത്സരങ്ങളിൽ പതിവായി മുൻപന്തിയിൽ എത്താറുമുണ്ട്. ഇത് ചൂണ്ടികാട്ടി ശശികുമാറും പട്ടന്നൂരും ഒന്നിച്ചു നിൽക്കുന്ന ചിത്രങ്ങളും പ്രീതിക സമർപ്പിച്ചു.

എന്നാൽ പരാതികൊണ്ട് ഒരു മാറ്റവും ഉണ്ടായില്ല. പട്ടന്നൂർ തന്നെ മോണോ ആക്ട് മത്സരത്തിന്‍റെ വിധികർത്താവായി എത്തി. ഹയർ സെക്കൻഡറി വിഭാഗം മോണോ ആക്ട് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മത്സരത്തിൽ ശശികുമാർ പരിശീലനം നൽകിയ വിദ്യാർഥികൾ തന്നെ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.

മത്സര ഫലം തന്നെ ഏറെ വിഷമത്തിലാക്കിയെന്ന് പ്രതീക പറയുന്നു. ‘എട്ട് ടീമുകളുണ്ടായിരുന്നു. ഞാൻ അതിൽ അവസാന സ്ഥാനത്താണെന്നാണ് അവർ എന്നോട് പറഞ്ഞത്’ -പ്രതീക പറഞ്ഞു. സ്ഥിരവരുമാനമില്ലാത്ത കുടുംബത്തിൽ അമ്മ മാത്രമാണ് പ്രതീകക്കുള്ളത്. അപ്പീൽ നൽകാനോ കോടതിയെ സമീപിക്കാനോ ഉള്ള സാമ്പത്തിക ശേഷി അവർക്കില്ല. ജില്ലാ തലത്തിൽ അപ്പീൽ ഫീസ് 5,000 രൂപയാണ്. അപ്പീൽ വിജയിച്ചാൽ സംസ്ഥാന തലത്തിൽ മത്സരിക്കാൻ വിദ്യാർഥിക്ക് 10,000 കൂടി കെട്ടിവെക്കണം. ജില്ലാ തല വിജയിയെക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചാൽ മാത്രമേ ഈ തുക തിരികെ ലഭിക്കൂ. തന്‍റെ സാഹചര്യങ്ങൾ കാരണം പ്രീതികക്ക് ശ്രമം ഉപേക്ഷിക്കേണ്ടി വന്നു.

അപ്പീൽ പോയി പൊരുതിയ മറ്റൊരു മൽസരാർഥിയുടെ കഥ

എന്നാൽ, ജഡ്ജിയുടെ അനീതിക്കിരയായ മലപ്പുറം പൂക്കൊളത്തൂരിലെ സി.എച്ച്.എം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ അഹമ്മദ് ഷിബിയാൻ (15) പിന്മാറിയില്ല. അറബനമുട്ട് ഗ്രൂപ്പ് ഡാൻസിൽ പങ്കെടുത്ത ഷിബിയാൻ വിധി നിർണ്ണയത്തിലെ സംശയത്തെ തുടർന്ന് അന്വേഷിച്ചപ്പോൾ, മൂന്ന് ജഡ്ജിമാരിൽ ഒരാൾ ഇരു ടീമുകൾക്ക് മാർക്ക് അധികം നൽകി കൃത്രിമത്വം കാണിച്ചതായി കണ്ടെത്തി.

വിദ്യാഭ്യാസ വകുപ്പിന്റെ അപ്പീൽ സംവിധാനവും പരാജയപ്പെട്ടതിനെത്തുടർന്ന് ഷിബിയാൻ ഹൈകോടതിയെ സമീപിച്ചു. ജനുവരി 6ന് കേസ് ഹൈകോടതിയിൽ എത്തിയപ്പോൾ, ജസ്റ്റിസ് വി.ജി. അരുൺ ഷിബിയാന്റെ അഭിപ്രായത്തോട് യോജിച്ചു. പ്രഥമദൃഷ്ട്യാ മാർക്ക് കണക്കാക്കിയ രീതിയും തിരുത്തലുകൾ നടത്തിയ രീതിയും കൃത്രിമത്വത്തിനുള്ള ശ്രമത്തെ സൂചിപ്പിക്കുന്നു എന്ന് കോടതി നിരീക്ഷിച്ചു. ആകെ മാർക്ക് തെറ്റായി കണക്കാക്കിയത് എന്തുകൊണ്ടെന്ന് വിശദീകരിക്കാൻ സംസ്ഥാന സർക്കാറിനോട് കോടതി ആവശ്യപെട്ടു.

ജനുവരി 9ന് വീണ്ടും പരിഗണിച്ച കേസ്, ജനുവരി 14 മുതൽ 18 വരെ തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോൽസവത്തിൽ പങ്കെടുക്കാൻ ഷിബിയാനും സംഘത്തിനും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അനുമതി നൽകി. വിദ്യാർഥികളുടെ ന്യായമായ വിജയം നിഷേധിക്കാൻ ശ്രമിച്ച ജഡ്ജിമാർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് ഷിബിയാന്‍റെ അഭിഭാഷകൻ അമീൻ ഹസ്സൻ പറഞ്ഞു.

നവംബർ 18 നും 22 നും ഇടയിലായിരുന്നു മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോൽസവം. ഹൈസ്കൂൾ വിഭാഗത്തിൽ പതിനാറ് അറബനമുട്ട് ടീമുകൾ മത്സരിച്ചു. ഫലം പ്രഖ്യാപിച്ചപ്പോൾ ഷിബിയാൻ നയിച്ച ടീം നാലാം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനം എടരിക്കോട് പി.കെ.എം ഹയർ സെക്കൻഡറി സ്കൂളിനാണ്. കോട്ടുകരയിലെ പി.പി.എം ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും മഞ്ചേരിയിലെ എച്ച്.എം.വൈ ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി. ഫലം ഷിബിയാനെയും സംഘത്തെയും മാത്രമല്ല, കാണികളെയും ഞെട്ടിച്ചു.

ഷിബിയാന്‍റെ ടീം അപ്പീൽ നൽകാൻ തീരുമാനിച്ചപ്പോൾ ഏറ്റവുമധികം പിന്തുണ നൽകിയത് ഷിബിയാന്‍റെ പിതാവാണ്. പിറ്റേന്ന് തന്നെ ടീം 5,000 രൂപ ഫീസ് അടച്ച് അപ്പീൽ നൽകി.

വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ നിരീക്ഷണത്തിലാണ് സ്കൂൾ യുവജനോത്സവങ്ങൾ ഔദ്യോഗികമായി നടക്കുന്നത്. മത്സരത്തിന്‍റെ വിധികർത്താക്കൾക്ക് പ്രത്യേക നിരീക്ഷണം ഉണ്ടായിരിക്കും. അവരുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നത് പോലും ശിക്ഷാർഹമായ കുറ്റമാണ്. ഫെസ്റ്റിവലിൽ വിജിലൻസിന്‍റെ ശക്തമായ സാന്നിധ്യം ഉണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് അഭിഭാഷകൻ അമീൻ ഹസ്സൻ കൂട്ടിച്ചേർത്തു. നിയമങ്ങൾ പ്രകാരം, അപ്പീലുകളിലൂടെയോ കോടതി ഉത്തരവുകളിലൂടെയോ സംസ്ഥാന സ്കൂൾ കലോൽസവത്തിന് യോഗ്യത നേടുന്ന ടീമുകൾക്ക് (10-ാം ക്ലാസിൽ) എ ഗ്രേഡ് നേടുകയും അവരുടെ ജില്ലയിൽ നിന്ന് ആദ്യം തിരഞ്ഞെടുത്ത ടീമിനെക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്താൽ മാത്രമേ 30 ഗ്രേസ് മാർക്കിന് അർഹതയുള്ളൂ. ‘ഷിബിയന്റെ കേസിൽ, അവരുടെ ടീം ജില്ലയിലെ ഏറ്റവും മികച്ച ടീം തന്നെയാണ്. അർഹതപ്പെട്ട സ്ഥാനത്തുനിന്നും മാറ്റി നിർത്തപ്പെട്ട് പിന്നീട് കോടതി വിധിയിലൂടെ തിരിച്ചെത്തുന്ന ഇവർക്ക് ഈ നിയമം മാറ്റി നൽകേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ഹൈകോടതിയുടെ മുമ്പാകെ സമർപ്പിച്ച പ്രധാന അപേക്ഷകളിൽ ഒന്നാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Kerala class 10 student moves HC, exposes event judges' unfair practices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.