കേരളത്തിൽ നേരിട്ടെത്തിയത് ഗ്രൗണ്ട് റിയാലിറ്റി അറിയാനെന്ന് മധുസൂദൻ മിസ്ത്രി; ‘എം.പിമാർ മത്സരിക്കുന്നതിനെ കുറിച്ച് അറിയില്ല’

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയ ചർച്ചകൾക്കായി എ.ഐ.സി.സി സ്ക്രീനിങ് കമ്മിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി കേരളത്തിലെത്തി. കേരളത്തിൽ നേരിട്ടെത്തിയത് ഗ്രൗണ്ട് റിയാലിറ്റി അറിയാനാണെന്ന് മധുസൂദൻ മിസ്ത്രി പറഞ്ഞു.

മാനദണ്ഡം നിശ്ചയിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ ഗ്രൗണ്ട് റിയാലിറ്റി അറിഞ്ഞ ശേഷം തീരുമാനമെടുക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെച്ച് സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തും. എം.പിമാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ കുറിച്ച് അറിയില്ലെന്നും മിസ്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

മധുസൂദൻ മിസ്ത്രിയതോടെ കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചകൾക്ക് ഔദ്യോഗിക തുടക്കമാകും. വിജയ സാധ്യതക്ക് മാത്രം മുൻഗണന നൽകി കർക്കശ മാനദണ്ഡങ്ങളാകും ഇക്കുറി പിന്തുടരുകയെന്നാണ് ലഭിക്കുന്ന വിവരം. മിസ്ത്രിയുടെ നേതൃത്വത്തിൽ മൂന്ന് ദിവസം വരെ നീളുന്ന സിറ്റിങ്ങുകളാണ് നടക്കുക.

പ്രതിപക്ഷ നേതാവിന്റെ കേരള യാത്ര അവസാനിക്കുന്നതോടെ സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഓരോ മണ്ഡലത്തിലും വിജയസാധ്യതയുള്ള മൂന്നു പേരുടെ പട്ടിക തയാറാക്കാൻ എ.ഐ.സി.സി നിർദേശം നൽകിയിട്ടുണ്ട്. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതംവെപ്പ് ഇക്കുറി അനുവദിക്കില്ലെന്നാണ് ഹൈക്കമാൻഡ് തീരുമാനം.

പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ കനഗോലുവിന്റെ നേതൃത്വത്തിൽ നടത്തിയ സർവേ റിപ്പോർട്ടുകൾ ഹൈക്കമാൻഡിന്റെ പക്കലുണ്ട്. ഈ റിപ്പോർട്ട് കൂടി പരിഗണിച്ചാകും സ്ഥാനാർഥിപ്പട്ടികക്ക് അന്തിമരൂപം നൽകുക. പാർലമെന്റ് അംഗങ്ങൾ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന നിലപാടിലാണ് നിലവിലെ നേതൃത്വം.

സ്ഥാനാർഥി നിർണയത്തിൽ സ്ക്രീനിങ് കമ്മിറ്റി എത്രത്തോളം നിഷ്പക്ഷത പുലർത്തുമെന്ന കാര്യത്തിൽ സംസ്ഥാനത്തെ ചില നേതാക്കൾക്കിടയിൽ ആശങ്കയുണ്ട്. മുമ്പ് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് വേളയിൽ മധുസൂദൻ മിസ്ത്രി സ്വീകരിച്ച നിലപാടുകൾ ശശി തരൂരിനെ പിന്തുണച്ചവർക്കിടയിൽ അതൃപ്തി ഉണ്ടാക്കിയിരുന്നു. എന്നാൽ, ദേശീയ തലത്തിൽ പാർട്ടി നേരിടുന്ന വെല്ലുവിളികൾ കണക്കിലെടുത്ത് കേരളത്തിൽ മികച്ച വിജയം നേടുകയെന്നത് എ.ഐ.സി.സിക്ക് അഭിമാന പ്രശ്നമാണ്.

വയനാട്ടിൽ നടന്ന ‘ലക്ഷ്യ’ ക്യാമ്പിലെ ആവേശം ഉൾക്കൊണ്ട് കൃത്യമായ സർവേ റിപ്പോർട്ടുകളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ കരുത്തുറ്റ സ്ഥാനാർഥിപ്പട്ടികയുമായി ജനങ്ങളെ സമീപിക്കാനാണ് കോൺഗ്രസ് നീക്കം. തിരുവനന്തപുരത്തെ ചർച്ചകൾക്ക് ശേഷം സ്ഥാനാർഥിപ്പട്ടിക ഡൽഹിയിലെത്തിച്ച് ഹൈക്കമാൻഡ് ഔദ്യോഗികമായി പ്രഖ്യാപിക്കും.

മധുസൂദൻ മിസ്ത്രി, കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ച, കേരള നിയമസഭ തെരഞ്ഞെടുപ്പ്, Madhusudan Mistry, Congress candidates, Congress, Kerala Assembly Election, Kerala News, Latest News

Tags:    
News Summary - Madhusudan Mistry says he came to Kerala to know the ground reality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.