തിരുവനന്തപുരം: സ്ഥാനാർഥികളുടെ നിര്യാണത്തെ തുടർന്ന് മാറ്റിവെച്ച സംസ്ഥാനത്തെ മൂന്ന് തദ്ദേശ വാർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ രണ്ടിടത്ത് യു.ഡി.എഫിന് ജയം. ഒരിടത്ത് എൽ.ഡി.എഫും ജയിച്ചു.
തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി കെ.എച്ച്. സുധീർഖാൻ (കോൺഗ്രസ്) 83 വോട്ടിനും മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി കൊരമ്പയിൽ സുബൈദ (മുസ്ലിം ലീഗ്) 222 വോട്ടിനും എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥി സി.ബി. രാജീവ് (സി.പി.എം) 221 വോട്ടിനും വിജയിച്ചു.
ശ്രദ്ധേയ മത്സരം നടന്ന തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം വാർഡ് എൽ.ഡി.എഫിൽനിന്ന് യു.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. ഇതോടെ കോർപറേഷനിലെ കോൺഗ്രസ് അംഗബലം 20 ആയി ഉയർന്നു. ഇവിടെ ബി.ജെ.പി മൂന്നാം സ്ഥാനത്താണ്. വിഴിഞ്ഞത്ത് ജയിച്ചാൽ കോർപറേഷനിൽ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം ഉറപ്പാക്കാമായിരുന്നു.
തിരുവനന്തപുരം: സാമൂഹിക സുരക്ഷ പെന്‍ഷന്‍ ഗുണഭോക്താക്കൾ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള സമയ പരിധി ആറുമാസംകൂടി നീട്ടിയതായി ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ഈ കാലാവധിക്കുള്ളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാത്തവരുടെ പെന്‍ഷന്‍ തടയരുതെന്നും വകുപ്പിന് നിർദേശം നല്‍കി.
ക്ഷേമ പെന്‍ഷന്‍ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഒരു തവണയെങ്കിലും വരുമാന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാത്തവര്‍ അത് ഹാജരാക്കണമെന്ന് 2025 മേയിൽ സര്‍ക്കാര്‍ നിർദേശം നല്‍കിയിരുന്നു. 2025 ഡിസംബര്‍ 31 വരെയാണ് സമയം അനുവദിച്ചിരുന്നത്. 62 ലക്ഷത്തില്‍പരം ഗുണഭോക്താക്കളില്‍ 2.53 ലക്ഷം പേര്‍ മാത്രമാണ് ഒരു തവണയെങ്കിലും വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തത്. 2019 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കപ്പെട്ടവരിലാണ് ഇത്രയും പേരുള്ളത്. ഇവര്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയമാണ് ആറുമാസംകൂടി നീട്ടിയത്. അക്ഷയ കേന്ദ്രങ്ങള്‍ വഴി ജൂണ്‍ 30നകം വരുമാന സര്‍ട്ടിഫിക്കറ്റ് അപ്‍ലോഡ് ചെയ്യാൻ സൗകര്യമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.